“”എവിടെയായിരുന്നെടീ പട്ടീ.. ഫോണും കുന്ത്രാണ്ടവും ഒന്നുമില്ലേ ഇപ്പൊ “” കരഞ്ഞുകൊണ്ട് നീലിമചോദിച്ചു.
“”അന്ന് ഫോൺ ഇല്ലായിരുന്നു.. പിന്നെയല്ലേ വാങ്ങിയെ.. പിന്നെ എല്ലാരുടെയും നമ്പറൊക്കെ പോയി “” അവളതു പറഞ്ഞു എന്നെ നോക്കിയപ്പോൾ ഞാൻ പുറത്തേക്കു നോക്കി നിന്നും.
പിന്നെ അവർ അഭിയെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചുമെല്ലാം സംസാരിച്ചു.. എന്തായാലും രണ്ടുപേർക്കും ഒരുപാട് സന്തോഷമായി എന്ന് എനിക്ക് മനസ്സിലായി.
“” വാടാ ഒരു സെൽഫി എടുക്കാം “” നീലിമ വിളിച്ചപ്പോൾ ഞങ്ങൾ ചേർന്ന് നിന്നു. നടുവിൽ നീലിമയും അപ്പുറവും ഇപ്പുറവുമായി ഞങ്ങളും നിന്നു കിടിലനൊരു സെൽഫി എന്റെ മൊബൈലിൽ എടുത്തു.
“”ടാ ആ ഫോട്ടോ എനിക്ക് സെന്റ് ചെയ്യണം. പിന്നെ ദേ ഇവള്ടെ നമ്പറ് കൂടി അയച്ചേക്കു.. ഇനി ഞാൻ നിന്നാൽ പണിയാകും.. ഈ ഓണം കഴിഞ്ഞിട്ടുള്ള ലീവിന് ഒന്നു കൂടാം. എന്താ ok അല്ലെ?”” വീണ്ടും തിരക്കിലേക്ക് പോകാൻ തുനിഞ്ഞു അവൾ പറഞ്ഞു.
ഞങ്ങൾ രണ്ടുപേരും ok പറഞ്ഞപ്പോൾ അവൾ വേഗം അവിടെ നിന്നു പോയി. പഴയതെന്തോ തിരിച്ചു കിട്ടിയ ഒരു സന്തോഷം അവളുടെ മുഖത്തും ആ നടത്തതിലും ഉണ്ടായിരുന്നു.
അവൾ മുന്നിൽ നിന്ന് മാഞ്ഞതും തിരിഞ്ഞു പോകാൻ നിന്ന എന്റെ കയ്യിൽ പിടിച്ചു അങ്കി വിളിച്ചു.
“”ടാ, ഇനിയാകെ 3 ദിവസം കൂടിയല്ലേ നീയുണ്ടാവൂ.. ഒന്ന് സംസാരിച്ചൂടെ “” എന്റെ കയ്യിൽ പിടിച്ചു കെഞ്ചിയവൾ പറഞ്ഞപ്പോൾ.. ചെറുതായൊരു മൗനം എന്നെ പിടികൂടി. നേരത്തെ നീലിമയും ഞങ്ങളും എല്ലാവരും ഒരുമിച്ചു നിന്നപ്പോൾ ഒരു പഴയ കാലം തിരിച്ചു കിട്ടിയത് പോലെ.
“” നിന്നോട് സംസാരിക്കാൻ എനിക്ക് ആഗ്രഹമേയില്ല അനൂ.. എങ്കിലും പണ്ടെന്നോ എന്റേത് മാത്രമായിരുന്ന നിനക്ക് ഞാൻ പോകുന്നതിനു മുൻപ്.. അല്ലെങ്കിൽ വേണ്ട.. ഇന്ന് സന്ധ്യ കഴിഞ്ഞ് ബാൽക്കണിയിൽ വാ “” അവളുടെ കയ്യിൽ പിടിച്ചുതന്നെ ഞാൻ പറഞ്ഞു. എന്തോ ആ കൈകളെ വിടാൻ എന്റെ മനസ്സനുവദിച്ചില്ല.. ഒരു നിമിഷം നിന്ന ഞാൻ കൈ കുടഞ്ഞു അവളിൽ നിന്നും വിട്ടു മാറി തിരിഞ്ഞു നോക്കാതെ നടന്നു.. അത് നോക്കിയവൾ നിൽക്കുകയാണ്.. തിരിഞ്ഞു നോക്കാനുള്ള മാനസിക ശക്തി എനിക്കില്ലാതായി പോയി.
അന്ന് ധരിച്ച അതെകളറിലുള്ള വെള്ള കളർ പട്ടു പാവാടയും ബ്ലൗസും തന്നെയാണ് അവൾ വാങ്ങിയത്. കൂട്ടിനു അനിയത്തി സഞ്ചനയും മറ്റുകുട്ടികളും ഉണ്ടായിരുന്നു.. രാവിലെ ഇറങ്ങിയ ഞങ്ങൾ വീട്ടിലെത്തിയപ്പോൾ വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. 7 ദിവസം കൊണ്ട് ഈ 5 വർഷം മിണ്ടാതെ നിന്ന എല്ലാവരും നല്ലോണം വീണ്ടും അടുത്ത്. ഒരുമിച്ച് ഭക്ഷണം കഴിക്കാനും കളിയും ചിരിയും തമാശയും പരസ്പര ബഹുമാനവും തറവാട്ടിൽ നിറഞ്ഞു നിന്നു. പഴയ ആ വീട് ഞങ്ങൾക്ക് തിരിച്ച് കിട്ടിയത് പോലെ. ആനന്ദം, ആഘോഷം, സന്തോഷം..
വൈകുന്നേരം എല്ലാവരും തങ്ങൾ വാങ്ങിയ വസ്ത്രങ്ങളുടെ മിനുക്കു പണികളുമായി സമയം ചിലവഴിച്ചു.. കുട്ടികളെല്ലാവരും കളികളും ഫോണിലുമായി ഒതുങ്ങികൂടി. തറവാട്ടിൽ ഇപ്രാവശ്യം തിരുവോണത്തിന് ആണ് ആഘോഷം.. അതിനാൽ ഇനിയുള്ള രണ്ടു ദിവസങ്ങൾ സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള തിരക്കുകളിലേക്ക് നീങ്ങുകയാണ്.
സന്ധ്യാ സമയം.. തുളസി തറയിൽ വിളക്ക് വച്ചു എല്ലാവരും പ്രാർത്ഥിക്കുന്നത് മുകളിൽ ബാൽക്കണിയിൽ ഇരുന്നു ഞാൻ കണ്ടു.. ഇളം കാറ്റടിക്കുമ്പോൾ വലതു വശത്തുള്ള മാവിന്റെ ഇലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കാം.
പുറകിൽ നിന്നും കേൾക്കുന്ന ശബ്ദത്തിൽ ഞാനൊന്ന് തിരിഞ്ഞു നോക്കി.. അങ്കി!! പുറകിൽ നിൽക്കുന്നു.. ശരിയാണ് അവളോട് ഞാൻ സംസാരിക്കാമെന്ന് ഏറ്റതാണല്ലോ.. ഇനി മുങ്ങി നടന്നിട്ട് കാര്യമില്ല.. അവൾക്കു പറയാനുള്ളത് കേൾക്കാം. എന്നിട്ട് പിരിയാം എന്നന്നേക്ക് മായി.
അവിടെയുള്ള കസേരയിൽ ഞാനിരുന്നു കൊണ്ടു അവളോട് അവിടെ ഇരിക്കാനായി കൈകൊണ്ട് ആക്ഷൻ കാണിച്ചു. കാലിന്മേൽ കാലു കയറ്റി വച്ചു ഒരു നാട്ടു തലവനെ പോലെ ഞാനിരുന്നു.. ഞാൻ പറഞ്ഞത് മനസിലായ അവൾ എനിക്കെതിരായി ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു..
