പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ 12അടിപൊളി  

 

ചായ കുടി കഴിഞ്ഞു വീടിന്റെ മുകളിലേക്കോടിയ ഞാനും അങ്കിയും പുറത്തേക്കു കാണാവുന്ന ബാൽക്കണിയിൽ ഇരുന്നു.. അവിടെയിരുന്നാൽ വീടിനോട് ചാരി നിൽക്കുന്ന മാമ്പഴം കൈകൊണ്ടു പറിക്കാൻ കിട്ടും.. ചിലപ്പോൾ പഠിക്കാനിരിക്കുന്ന സമയത്ത് ഓരോ മാങ്ങ പറിച്ചു അതിൽ ഉപ്പും മുളകും ചേർത്ത് ഒരു കൈപ്പുണ്ട്.. ഹോ…

 

അവിടെയിരുന്നു ഞങ്ങൾ നീലിമയുടെയും അഭിയുടെയും കാര്യത്തിനുള്ള ചർച്ച ആരംഭിച്ചു..

 

“”നമ്മൾ ക്ലാസ്സിൽ നിന്നും സംസാരിച്ചതുപോലെ രണ്ടുപേരുടെയും പേരിൽ ഓരോ കത്തുകൾ എഴുതി നൽകാം “” ഒരു ഡീറ്റെക്റ്റിവിനെ പോലെ ഞാൻ സംസാരിച്ചു..

 

“”അതേ, അവൾക്കു ഞാൻ കൊടുക്കാം അഭിക്ക് നീ കൊടുത്താൽ മതി “” കണ്ണുകൾ കണ്ണുകളിലേക്ക് നോക്കിയവൾ പറഞ്ഞു.

 

“”പക്ഷെ കത്തിലെന്തെഴുതും, നിനക്കെന്തേലും ഐഡിയ കിട്ടുന്നുണ്ടോ “”

 

“”എനിക്കൊന്നും കിട്ടുന്നില്ല, നീ ഒരാൺകുട്ടിയല്ലേ അപ്പൊ എന്തെങ്കിലും മനസ്സിൽ വരാതിരിക്കില്ല “”

 

“”ഞാനതിനു ഇതുവരെ ആർക്കും എഴുതിയിട്ടില്ലല്ലോ.. ഇനിയെന്ത് ചെയ്യും “”

 

“”എനിക്ക് നിന്നെ ഇഷ്ടമാണ്.. നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഇങ്ങനെയൊന്നു എഴുതി നോക്കിയാലോ?””

 

“”ഇതെഴുതാൻ ഇത്രേം ആലോചിക്കണോ? അതൊന്നും പറ്റില്ല മങ്കി.. വേറെന്തെങ്കിലും പറ “”

 

“”ഒരു കാര്യം ചെയ്യാം നീയെനിക്കൊരു കത്ത് എഴുത്.. ഞാൻ നിനക്കും എഴുതാം.. അതെങ്ങനെയുണ്ട്?”” വലിയൊരു ഐഡിയ കിട്ടിയതുപോലെ കണ്ണുകൾ വലുതാക്കി അവൾ പറഞ്ഞു.

 

“”അതുകൊള്ളാം.. എന്നിട്ട് അതേപോലെ അവരുടെ പേരുവെച്ചെഴുതി കൊടുക്കാം “”

 

കുറച്ചുകൂടി കഴിഞ്ഞാൽ കുട്ടികളെല്ലാവരും ക്ലാസ്സ്‌ കഴിഞ്ഞു വരും.. അതിനുമുമ്പേ പൂർത്തിയാക്കണം.. ക്ലാസ്സ്‌ കഴിഞ്ഞു വന്ന അതേ യൂണിഫോമിൽ രണ്ടു മൂലയിലിരുന്നുകൊണ്ട് ഞങ്ങൾ എഴുതാൻ ആരംഭിച്ചു.. പുറത്തു ശക്തിയായ ഇടിയോടു കൂടിയ മഴ ആരംഭിച്ചു.. മഴചാറ്റലുകൾ ഏറ്റുകൊണ്ട് അവിടെയിരിക്കാൻ ഒരു പ്രത്യേക അനുഭൂതി തോന്നി. എഴുതുന്നതിനിടയിൽ അവളെയൊന്നു നോക്കിയപ്പോൾ പേന വായിൽ തട്ടിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് ചിന്തിക്കുകയാണ്. എനിക്കും ചിരിവരുന്നുണ്ട്..

 

അരമണിക്കൂറിനു ശേഷം എഴുതി കഴിഞ്ഞപ്പോൾ കറക്റ്റ് സമയത്തു യൂണിഫോം മാറ്റി കുട്ടിപ്പാട്ടാളം എത്തിയിരുന്നു.. അവരെയൊക്കെ ഒരു വിധത്തിൽ പറഞ്ഞയച്ചു ഞങ്ങൾ കത്തുകൾ വായിക്കാൻ തുടങ്ങി..

 

“”ആദ്യം നീ വായിക്ക് “” അവളെഴുതിയ കത്ത് പുറകോട്ട് പിടിച്ചവൾ പറഞ്ഞു..

 

സമ്മതം മൂളിക്കൊണ്ട് ഞാനെന്റെ കത്ത് നിവർത്തിപിടിച്ചു..

 

“”എടീ എങ്ങനെ പറഞ്ഞു തുടങ്ങണമെന്നെനിക്കറിയില്ല. എന്നാലും ഞാനിപ്പോൾ പറയുന്നത് നിനക്കിഷ്ടപ്പെട്ടില്ലെങ്കിൽ ഇപ്പോഴേ നീയത് മറന്നേക്കണം.. നീ എന്റെ പാതിയായി വന്നില്ലെങ്കിലും നിന്റെ മാനസ്സിൽ ഒരു വെറുക്കപെട്ടവനായി ഞാനുണ്ടാവരുത്.. നിന്നെ ആരെങ്കിലും ഇതിനുമുൻപ് ഇത്രമേൽ പ്രണയിച്ചിട്ടുണ്ടെന്നെനിക്കറിയില്ല. പക്ഷെ ഒന്നെനിക്കുറപ്പാണ്… ഞാനല്ലാതെ ഒരാളും നിന്നെയിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല.. കാരണം അത്രമേൽ നീയെന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്..എന്റെ പ്രണയം നീയാണ്.. നീ മാത്രമാണ്.. പെണ്ണെ “”

 

“”Wow സൂപ്പർ, അടിപൊളി.. നീയിങ്ങനെ ആർക്കും എഴുതി കൊടുക്കല്ലേ മോനെ.. പെൺപിള്ളേർ പുറകെ കൂടും.. “” കയ്യടിച്ചാണവൾ അത് പറഞ്ഞത്.

 

“”പിന്നെ എനിക്കതല്ലേ പണി.. നീ നിന്റെത് വായിക്ക് “”

 

“”വായിക്കാം, കളിയാക്കല്ലേ.. നിന്റെയാത്രയൊന്നും സാഹിത്യം നമുക്ക് കഴിയില്ല..””

 

“”അതൊന്നും സാരമില്ല, നീ വായിക്ക് “” ഒരു മടിയോടെ പേപ്പർ എടുത്തവൾ വായിച്ചു തുടങ്ങി.

 

“”ഞാനൊരു കാര്യം പറയാനാണ് ഈ കത്തെഴുതുന്നത്. ഇതിലെ കാര്യം നിനക്കിഷ്ടപ്പെട്ടില്ലെങ്കിൽ ദേഷ്യപ്പെടരുത്.. എനിക്ക് നിന്നെ ഇഷ്ടമാണ്. നിന്നെ പ്രണയിക്കാതിരിക്കാൻ കഴിയുന്നില്ല. എന്റെ ചിന്തകളിൽ നിന്റെ ഓർമ്മകൾ കൂടുകൂട്ടി. എന്റെ കണ്ണുകൾ നിന്നെ വരച്ചെടുത്തു. എന്റെ ഹൃദയം നിനക്കായ്‌ തുടിക്കുന്നു… ഇനിയൊരു ജന്മമില്ലെന്നറിഞ്ഞിട്ടും ഞാൻ കാത്തിരിക്കുന്നു. വരും ജന്മത്തിനായി.. നിന്റെ പെണ്ണായി പിറക്കാൻ!!””

Leave a Reply

Your email address will not be published. Required fields are marked *