പ്രഹേളിക 3അടിപൊളി
പുഞ്ചിരിച്ച് കൊണ്ട് നവീൻ ചോദിച്ചു.
“ദിവ്യ ഹോസ്പിറ്റലിൽ ആണോ അതോ ഇവിടെ ആണോ?”
“ഇവിടെ തന്നെയാണ്. ഹോസ്പിറ്റലിൽ കിടന്നാലും ഇവിടെ ആണെങ്കിലും ഒരുപോലെ തന്നെ ആണല്ലോ. എന്നാണ് അവൾ ഒന്ന് കണ്ണ് തുറക്കുക എന്ന് ദൈവത്തിനു മാത്രം അറിയാം.”
അത് പറഞ്ഞു കഴിയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
കാവ്യ പറഞ്ഞു.
“ആന്റി.. ഞങ്ങൾക്ക് ദിവ്യയെ ഒന്ന് കാണാൻ പറ്റുമോ?”
കണ്ണ് തുടച്ച് കൊണ്ട് അമ്മ പറഞ്ഞു.
“അതിനെന്താ.. നിങ്ങൾ വാ.”
അമ്മ അവരെയും കൂട്ടി ഒരു റൂമിലേക്ക് പോയി. മൂന്നു പേരുടെയും മുഖത്ത് ആകാംഷ ആയിരുന്നു. തങ്ങളുടെ കൂടെ കുറച്ച് ദിവസമായി ഉള്ള ആളെ നേരിട്ട് കാണാൻ പോവുകയാണ്.
അമ്മയോടൊപ്പം റൂമിലേക്ക് കയറിയ അവർക്ക് കാണാൻ കഴിഞ്ഞത് കുറച്ച മെഡിക്കൽ എക്യുപ്മെന്റ്‌സിന്റെ സഹായത്തോടെ ഒരു മയക്കത്തിലെന്നപോലെ കിടക്കുന്ന മീരയെ ആണ്. മുഖം വിളറി വെളുത്ത് കവിളുകൾ ഒട്ടിയിട്ടുണ്ട്. ആ ശരീരത്തിന്റെ അടുത്ത് തന്നെ നിറ കണ്ണുകളോടെ മീര ഇരിപ്പുണ്ട്. ആ ശരീരത്തിന്റെ അടുത്തേക്ക് ചെന്ന നവീൻ അവളുടെ കൈകളിൽ സ്പർശിച്ചു കൊണ്ട് മീരയുടെ മുഖത്തേക്ക് നോക്കി. കാവ്യയും ആകാശും കോമ സ്റ്റേജിൽ കിടക്കുകയായിരുന്ന ദിവ്യയെ തന്നെ നോക്കുകയായിരുന്നു.
കുറച്ച് നേരം കൂടി അവിടെ ഇരുന്ന ശേഷം അവർ റൂമിനു പുറത്തേക്ക് നടന്നു. കൂടെ മീരയും.
“ആന്റി.. ഞങ്ങൾ ഇറങ്ങുന്നു.”
നവീൻ പറഞ്ഞത് കേട്ട് അമ്മ പെട്ടെന്ന് പറഞ്ഞു.
“ചോറ് കഴിച്ചിട്ട് പോകാം മക്കളെ.”
ഒരു പുഞ്ചിരിയോടെ കാവ്യ പറഞ്ഞു.
“വേറൊരു ദിവസമാകാം ആന്റി.”
അപ്പോഴാണ് അവിടേക്ക് ഇത്തിരി പ്രായമായ ഒരാൾ കയറി വന്നത്. കാണാൻ നല്ല പ്രൗഢി തോന്നിക്കുന്ന ഒരാൾ.
അയ്യാളെ കണ്ടതും മീര മന്ത്രിച്ചു.
“അച്ഛൻ..”
നവീൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.
വീടിനകത്തേക്ക് കയറി വന്ന ദിവ്യയുടെ അച്ഛൻ അവരെ കണ്ട് ആരാണ് മനസിലാകാതെ നോക്കുവായിരുന്നു.
അമ്മ പറഞ്ഞു.
“ദിവ്യയുടെ കൂട്ടുകാരാണ്.. അവളെ കാണാനായി വന്നതാണ്.”
അച്ഛൻ അവരെ നോക്കി പുഞ്ചിരിച്ചു.
“അവർ ഇറങ്ങാൻ തുടങ്ങുവായിരുന്നു.”
അത് കേട്ടപ്പോൾ അച്ഛൻ പെട്ടെന്ന് ചോദിച്ചു.
“കഴിച്ചിട്ട് ഇറങ്ങിയാൽ പോരെ?”
നവീൻ പറഞ്ഞു.
“പോയിട്ട് കുറച്ച് അത്യാവിശം ഉണ്ടായിരുന്നു.”
മീരയ്ക്ക് എന്തൊക്കെയോ ഓർമ്മ വന്നതായി നവീന് തോന്നിയിരുന്നു. അത് കേൾക്കാനുള്ള ആവേശത്തിൽ ആയിരുന്നു അവൻ അപ്പോൾ.
അച്ഛൻ പിന്നെ നിർബന്ധിക്കാൻ നിന്നില്ല. യാത്ര പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.. അത്രയും നേരം അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്ന മീരയും അവർക്കൊപ്പം ഇറങ്ങി.
കാറിലേക്ക് കയറുമ്പോൾ നവീൻ പറഞ്ഞു.
“കാവ്യ.. നീ ആകാശിനൊപ്പം മുന്നിൽ ഇരിക്ക്. ഞാൻ മീരയുടെ കൂടെ ഇരിക്കാം.”
കാവ്യ അത് അനുസരിച്ചു.
ഗേറ്റ് കടന്ന് കാർ റോഡിലേക്ക് ഇറങ്ങിയപ്പോൾ നവീൻ ചോദിച്ചു.
“നിനക്ക് എന്തെങ്കിലും ഓർമ്മ വന്നോ?”
പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്ന മീര പറഞ്ഞു.
“മ്മ്.. പക്ഷെ പൂർണമായി ഒന്നും ഓർക്കുന്നില്ല.”
“എന്തൊക്കെയാണ് ഓർമ്മ വന്നതെന്ന് പറ.”
നവീൻ ആ പറഞ്ഞത് കേട്ടപ്പോൾ കാവ്യയ്ക്കും ആകാശിനും മീരയ്ക്ക് എന്തൊക്കെയോ ഓർമ്മ വന്നതായി മനസിലായി. കാവ്യ തിരിഞ്ഞ് നവീന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.
“അച്ഛനെയും അമ്മയെയും എനിക്ക് കണ്ടപ്പോഴേ മനസിലായി. ഞാൻ ഒരു ഡോക്ടർ ആയിരുന്നു. ഞങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അധികം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നില്ല ഞാൻ.. അതുകൊണ്ടു തന്നെ എനിക്ക് അധികം ഫ്രണ്ട്സും ഉണ്ടായിരുന്നില്ല. ബെസ്ററ് ഫ്രണ്ട് എന്ന് എനിക്ക് പറയാൻ എനിക്ക് ആകെ ഉണ്ടായിരുന്നത് വിവേക് ആയിരുന്നു. എന്റെ കൂടെ തന്നെ MBBS പഠിച്ചതാണ് വിവേക്. ഒരുപാട് നാളുകൾക്ക് ശേഷം അവനെ കാണാനായിട്ടാണ് ഞാൻ നിങ്ങളുടെ നാട്ടിലേക്ക് എത്തിയത്. പക്ഷെ അതിനു ശേഷം എന്താണ് ഉണ്ടായതെന്ന് എനിക്കറിയില്ല.”
ആകാഷയോടെ ഇരിക്കുകയായിരുന്ന കാവ്യയോടും ആകാശിനോടും നവീൻ ഈ കാര്യം പറഞ്ഞു.
