പ്രഹേളിക 3അടിപൊളി  

അവരുടെ തൊട്ടു പിന്നിലെ കാറിൽ നവീന്റെയും കാവ്യയുടെയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. തലേ ദിവസം നവീൻ പറഞ്ഞ കഥ പൂർണമായും ഉൾക്കൊള്ളാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ അതിന്റെ സത്യാവസ്ഥ പൂർണമായും ബോധ്യപ്പെടാൻ വേണ്ടിയാണ് അവരും കൂടെ യാത്ര പുറപ്പെട്ടത്.

കാവ്യയുടെ തലയിൽ തഴുകി ഇരിക്കുമ്പോഴും നവീന്റെ ഉള്ളിൽ മീരയെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.

മീര മരിച്ചിട്ടുണ്ടാകുമോ അതോ ജീവനോടെ ഉണ്ടോ? ഇനി അഥവാ ജീവനോടെ ഉണ്ടെങ്കിൽ തന്നെ കോമയിൽ നിന്നും ഉണർന്നിട്ടുണ്ടാകുമോ.. ഇനി ഉണർന്നിട്ടുണ്ടെകിൽ തന്നെ എല്ലാം ഓര്മയുണ്ടാകുമോ?… ഇത്തരത്തിലുള്ള പല ചിന്തകൾ അവന്റെ മനസിനെ അലോസരപ്പെടുത്തികൊണ്ടിരുന്നു.

നവീൻ തട്ടി വിളിക്കുമ്പോഴാണ് കാവ്യ മയക്കത്തിൽ നിന്നും ഉണരുന്നത്.

“കാവ്യ.. നമ്മൾ എത്തി.”

അവന്റെ തോളിൽ നിന്നും തല ഉയർത്തി നോക്കിയ കാവ്യ മീരയുടെ വീടാണ് കാണുന്നത്. മുന്നിലേക്ക് കിടന്ന അവളുടെ മുടി ഒതുക്കി കൊടുത്ത ശേഷം നവീൻ കാറിനു വെളിയിലേക്ക് ഇറങ്ങി.

അപ്പോഴേക്കും അച്ഛനും അമ്മയും വന്ന കാറും അവിടെ എത്തി.

കാറിൽ നിന്നും എല്ലാരും പുറത്തേക്ക് ഇറങ്ങിയപ്പോൾ നവീൻ വീടിന്റെ മുന്നിലേക്ക് നടന്നു.

കാളിങ് ബെൽ അടിച്ച്‌ അവിടെ നിൽക്കുമ്പോൾ അവന്റെ ഹൃദയം ശക്തിയായി ഇടിക്കുന്നുണ്ടായിരുന്നു. വീടിനുള്ളിൽ നിന്നും ഉച്ചത്തിലുള്ള സംസാരമൊക്കെ കേൾക്കുന്നുണ്ട്. കുറച്ചധികം ആൾക്കാർ വീടിനുള്ളിൽ ഉണ്ടെന്ന് വ്യക്തം.

കുറച്ച് സമയത്തിനകം തന്നെ മീരയുടെ അമ്മ വന്നു ഡോർ തുറന്നു. അവരെ കണ്ടതും മീരയുടെ അമ്മ ഒന്ന് അത്ഭുതപ്പെട്ടു.

“നിങ്ങൾ ഇങ്ങനെ അറിഞ്ഞു അവൾ എഴുന്നേറ്റെന്നു?”

അമ്മയുടെ ചോദ്യം കേട്ടതും അനുവാദത്തിനായി കാത്ത് നിൽക്കാതെ നവീൻ വീടിനുള്ളിലേക്ക് കയറി മീരയുടെ റൂമിലേക്ക് നടന്നു. പിന്നാലെ കാവ്യയും ആകാശും.

അവരുടെ ആ പ്രവർത്തിയിൽ ഞെട്ടി നിൽക്കുകയായിരുന്ന അമ്മയോട് നവീന്റെ അമ്മ എന്തോ പറയുന്നുണ്ടായിരുന്നു.

മുൻപ് വന്നിട്ടുണ്ടായിരുന്നതിനാൽ തന്നെ മീര കിടക്കുന്ന റൂം നവീന് വ്യകതമായി അറിയാമായിരുന്നു. വേഗതയിൽ ആ റൂമിലേക്ക് കടന്ന് ചെല്ലുമ്പോൾ അവൻ കാണുന്നത് ബെഡിൽ ചാരി ഇരിക്കുന്ന മീരയ്ക്ക് ചുറ്റും നിൽക്കുന്ന രണ്ടു മൂന്നു പേരെ ആണ്. കൂടാതെ ഒരു നഴ്സും ഡോക്ടറും ഉണ്ട്.

റൂമിലേക്ക് പെട്ടെന്ന് കയറി വന്ന നവീനറെയും ആകാശിനെയും കാവ്യയെയും അവർ അപരിചിത ഭാവത്തിൽ നോക്കി.

മീരയും അവരെ നോക്കുന്നുണ്ടായിരുന്നു. അവളുടെ നോട്ടം മൂന്നുപേരിൽ നിന്നും പതുക്കെ നവീന്റെ മുഖത്തേക്ക് ഒതുങ്ങി.

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവളുടെ മിഴികളിൽ കണ്ണുനീർ നിറഞ്ഞു.

നവീൻ സാവധാനം അവളുടെ അടുത്തേക്ക് ചെന്ന് വിരലുകളിൽ പിടി മുറുക്കി.

ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.

“ഇന്നലെ നീ വരാതിരുന്നപ്പോൾ ഞാൻ കരുതി…”

വാക്കുകൾ പൂർത്തി ആക്കാതെ നിർത്തുമ്പോൾ അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒലിക്കുന്നുണ്ടായിരുന്നു.

അവൻ അവൽക്കരികിലായി ബെഡിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു.

“ജെറി എന്റെ വയറ്റിൽ ആ കത്തി കുത്തി ഇറക്കിയിട്ടുണ്ടാകും എന്ന് നീ കരുതി അല്ലെ?”

അവൾ കൈ ഉയർത്തി അവന്റെ മുഖത്ത് കൂടി വിരലോടിച്ചു.

എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ലവ് യു നവീൻ..”

നവീന്റെ മുഖത്ത് അത് കേട്ടതും പുഞ്ചിരി വിടർന്നു.

പെട്ടെന്ന് കാവ്യ മുന്നോട്ട് വന്ന് പറഞ്ഞു.

“അതേ.. ഞങ്ങളും ഇവിടെ തന്നെ ഉണ്ട്.”

മീരയുടെ നോട്ടം ആദ്യം പോയത് കാവ്യയുടെ കൈയിലെ മുറിവിലേക്കാണ്.

“നിന്റെ കൈയ്ക്ക് എന്ത് പറ്റി?”

ഒരു ചിരിയോടെ കാവ്യ പറഞ്ഞു.

“നിന്റെ കാമുകന്റെ വയറ്റിൽ കത്തി കയറാതെ തടഞ്ഞത് എന്റെ കൈ ആയിരുന്നു.”

കാവ്യയും അവൾക്കരികിൽ ആയി ബെഡിൽ ഇരുന്നപ്പോൾ ആകാശിനെ നോക്കി അവൾ മന്ത്രിച്ചു.

“ഹായ്.. ആകാശ്.”

ഒരു ചിരിയോടെ ആകാശ്പറഞ്ഞു.

“ഇപ്പോഴെങ്കിലും ഒന്ന് നേരിട്ടു സംസാരിക്കാൻ പറ്റിയല്ലോ.”

അവന്റെ വാക്കുകൾ കാവ്യയിലും നവീനിലും ചിരി ഉണർത്തി.

ഈ സമയം അത്രയും അവർ എന്തൊക്കെയാണ് സംസാരിക്കുന്നത് എന്നറിയാതെ നിൽക്കുകയായിരുന്നു ആ റൂമിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *