പ്രഹേളിക 3അടിപൊളി  

കാവ്യ പെട്ടെന്ന് പറഞ്ഞു.

“ഞാനും വരും നിന്റെ കൂടെ.”

“നിനക്ക് ഈ അവസ്ഥയിൽ യാത്ര ചെയ്യാൻ പറ്റുമോ?”

“ഇല്ല.. പക്ഷെ നാളെ ഉറപ്പായും എന്റെ ക്ഷീണമൊക്കെ മാറും. നമുക്ക് നാളെ പോകാമെടാ.”

നവീൻ ആകെ വിഷമാവസ്ഥയിലായി.

“കാവ്യ, അവൾക്ക് എന്ത് പറ്റിയെന്നറിയാതെ എനിക്കൊരു സമാധാനം കിട്ടില്ല.”

“നവീൻ.. നിന്നെ ഒറ്റയ്ക്ക് അവിടേക്ക് വിടാൻ എനിക്കാവില്ല.. എനിക്ക് വേണ്ടി ഇന്ന് ഒരു ദിവസം നിനക്ക് ക്ഷമിച്ചൂടെ.. പ്ളീസ്.”

അവളെ വിഷമിപ്പിക്കുവാൻ നവീന് കഴിയുമായിരുന്നില്ല.

ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

“നമുക്ക് നാളെ രാവിലെ തന്നെ പോകാം.”

അത് കേട്ടതും കാവ്യയുടെ മുഖത്ത് ചിരി തെളിഞ്ഞു.

“അവിടെ പോകുന്നതിനു മുൻപ് എനിക്ക് കുറച്ച് കാര്യങ്ങളിൽ തീരുമാനം ആക്കാനുണ്ട്.”

അവൾ ആകാംഷയോടെ ചോദിച്ചു.

“എന്ത് കാര്യത്തിൽ?”

“അതൊക്കെ ഉണ്ട്.”

അവൻ ഫോണെടുത്തു അമ്മയെയും അച്ഛനെയും ആകാശിനെയും അവളുടെ വീട്ടിലേക്ക് വരാൻ ആവിശ്യപെട്ടു.

ഹാളിൽ ഇരിക്കുന്ന എല്ലാപേരെയും ഒന്ന് നോക്കിയ ശേഷം നവീൻ പറഞ്ഞു.

“ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ട്ടത്തിൽ ആണ്. ദിവ്യ എന്നാണ് അവളുടെ പേര്. കോട്ടയത്താണ്‌ വീട്. ഡോക്ടർ ആണ്.”

നവീൻ പറഞ്ഞത് കേട്ട് അവന്റെയും കാവ്യയുടെയും അച്ഛനും അമ്മയും പരസ്പരം നോക്കി.

അവന്റെ പെട്ടെന്നുള്ള തുറന്ന് പറച്ചിലിൽ ഞെട്ടി ഇരിക്കുകയായിരുന്നു കാവ്യയും ആകാശും.

കാവ്യയുടെ അച്ഛൻ പെട്ടെന്ന് ചോദിച്ചു.

“അപ്പോൾ എന്റെ മോളോ?”

“എനിക്കും കാവ്യയ്ക്കും ഇടയിൽ ഒരിക്കലും നിങ്ങൾ ഉദ്ദേശിക്കുന്നപോലൊരു ബന്ധം ഉണ്ടായിരുന്നില്ല. കാവ്യ സ്നേഹിച്ചിരുന്നത് മറ്റൊരാളെ ആയിരുന്നു.”

അവിടെ ഇരുന്നവർക്ക് മറ്റൊരു ഞെട്ടൽ ആയിരുന്നു ആ വാക്കുകൾ സമ്മാനിച്ചത്.

കാവ്യയുടെ അമ്മ ചോദിച്ചു.

“അവൾ വേറെ ആരെ സ്നേഹിച്ചെന്നാണ്.”

എല്ലാപേരുടെയും നോട്ടം ഈ സമയം കാവ്യയുടെ നേരെ ആയിരുന്നു. പക്ഷെ അവൾ തല കുനിച്ച് നിശബ്ദത ആയി ഇരുന്നതിനാൽ നവീൻ പറഞ്ഞു.

“ഈ നിൽക്കുന്ന ആകാശിനെ ആണ് അവൾ സ്നേഹിച്ചത്. വർഷങ്ങളായി അവർ തമ്മിൽ ഇഷ്ട്ടത്തിൽ ആണ്.”

രവി ചോദിച്ചു.

“ഇവൻ ഈ പറയുന്നത് ശരിയാണോ മോളെ?”

കാവ്യ ചെറുതായി ഒന്ന് മൂളുക മാത്രം ചെയ്തു.

ആകാശ് പറഞ്ഞു.

“സാമ്പത്തികമായി ഞാൻ നിങ്ങൾക്കൊപ്പം എത്താത്തതിനാൽ നിങ്ങൾ എതിർക്കുമോ എന്ന് പേടിച്ചാണ് കാവ്യ ഇത് എവിടെ പറയാഞ്ഞത്.”

കുറച്ച് നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ നിശബ്തതക്ക് വിരാമം ഇട്ട് കൊണ്ട് രവി പറഞ്ഞു.

“ഞാനും സുധയും സ്നേഹിക്കാന് കല്യാണം കഴിച്ചത്. അന്ന് ഞാൻ സുധയെ കെട്ടുമ്പോൾ ആകാശിന്‌ ഇന്നുള്ള സാമ്പത്തിക മെച്ചം പോലും എനിക്കില്ലായിരുന്നു. പക്ഷെ അതും പറഞ്ഞ് ഈ നിൽക്കുന്ന വിജയൻ ഒരിക്കലും ഞങ്ങളുടെ കല്യാണത്തിന് എതിര് നിന്നിട്ടില്ല. ആകാശിനെ ഞങ്ങൾക്ക് എല്ലാപേർക്കും അറിയാവുന്നതാണ്… ഞാൻ ഇപ്പോൾ മനസിലാക്കുന്നത് എന്റെ മകൾ ഞങ്ങളെ മനസിലാക്കിയിട്ടില്ല എന്നാണ്.”

കാവ്യ പെട്ടെന്ന് ഓടിവന്ന് കരഞ്ഞ് കൊണ്ട് രവിയെ കെട്ടിപ്പിടിച്ചു. ആ കരച്ചിൽ അവളുടെ ഒരു മാപ്പു പറച്ചിൽ ആയിരുന്നു.

രംഗം ഒന്ന് ശാന്തമായപ്പോൾ വിജയൻ ചോദിച്ചു.

“നീ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ദിവ്യ ആരാണ്. ഞങ്ങൾ ഇതുവരെ കണ്ടിട്ട് പോലും ഇല്ലല്ലോ. അതും കോട്ടയത്തു നിന്ന്.”

നവീനും കാവ്യയും ആകാശും പരസ്പരം നോക്കി.

നവീൻ പറഞ്ഞു.

“ഞങ്ങൾ മൂന്നുപേർക്കും ഇടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ഉണ്ടായിരുന്ന അത്ഭുതം ആണ് ദിവ്യ. അത് ഇങ്ങനെ പറഞ്ഞ് മനസിലാക്കണം എന്ന് എനിക്കറിയില്ല. ഞങ്ങൾ എല്ലാം വിശദമായി പറയാം. നിങ്ങൾ എല്ലാം സമാധാനത്തോടെ ഇരുന്നു കേൾക്കണം.”

കാവ്യയും ആകാശും നവീനും പതുക്കെ എല്ലാം പറഞ്ഞു തുടങ്ങി.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർക്ക് അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. പക്ഷെ തലേ ദിവസം നടന്ന സംഭവങ്ങളൊക്കെ കൂട്ടി ചേർത്ത് വായിക്കുമ്പോൾ വിശ്വസിക്കാതിരിക്കാനും ആകുന്നില്ല.

. . . .

അടുത്ത ദിവസം രാവിലെ തന്നെ ആകാശിന്റെ കാറിൽ കാവ്യയും നവീനും ആകാശും കോട്ടയത്തേക്ക് യാത്ര പുറപ്പെട്ടു. ആകാശ് ആണ് കാർ ഓടിച്ചിരുന്നത്. പിൻ സീറ്റിൽ നവീന്റെ തോളിൽ തല ചാരി കാവ്യ മയങ്ങുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *