********************************
ദിവസങ്ങൾ അവരെ കൂടുതൽ അടുപ്പിച്ചു.
ജീനയുമായുള്ള കൂട്ട് ഒരു പരിധിവരെ അവനിലെ അന്തർമുഖനെ മായ്ച്ചു തുടങ്ങിയിരുന്നു.
“എന്താടാ…കുറച്ചു നേരം ആയല്ലോ നീ ഇങ്ങനെ എന്നെ നോക്കുന്നേ…”
വൈകീട്ട് കോളേജിൽ നിന്നെത്തിയ കാർത്തിക്കും ബാങ്കിൽ നിന്നെത്തിയ കനിയും താഴെ സോഫയിൽ ഇരിക്കുകയായിരുന്നു, രേവതി അയൽവീട്ടിലും ദേവൻ പുറത്തും പോയിരുന്നു.
ഇടയ്ക്കിടെ തന്നെ തന്നെ പാളി നോക്കുന്ന കാർത്തിക്കിനെ കനി കുറച്ചു നേരമായി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു, അവൾ നോക്കുമ്പോഴെല്ലാം കണ്ണ് മാറ്റുന്ന കാർത്തിക്കിനെ ഒരിക്കൽ കൂടെ അങ്ങനെ കണ്ടതും വായിച്ചുകൊണ്ടിരുന്ന ബുക്ക് മാറ്റിവെച്ചു കനി കാർത്തിക്കിന് നേരെ തിരിഞ്ഞു. ഒന്ന് പരുങ്ങിയ കാർത്തിക്കിനെ കണ്ടതും കനി ഒന്നൂടെ അടുത്തിരുന്നു.
“കാര്യം പറ ചെക്കാ…”
“അത്…അത്…ചേച്ചി അച്ഛനോടും അമ്മയോടും പറയരുത്.”
“അതെന്താടാ അവരറിയാൻ പാടില്ലാത്ത കാര്യം, കോളേജിൽ വല്ലോം ഒപ്പിച്ചോടാ…”
കനി ഒന്ന് കനപ്പിച്ചു നോക്കി.
“ഏയ്….ഒന്നും ഒപ്പിച്ചില്ല…
ഞാൻ ഇന്ന് ഒന്ന് ക്ലാസ് കട്ട് ചെയ്തു.”
“ഡാ കാർത്തീ….”
വിശ്വസിക്കാനാവാതെ കനിയുടെ വാ പിളർന്നു പോയിരുന്നു.
“ചേച്ചീ….പ്ലീസ്…അവൾ പറഞ്ഞതാ ആരോടും പറയണ്ടാന്ന്, പക്ഷെ എന്റെ എല്ലാ കാര്യോം ചേച്ചിയോട് ഞാൻ പറയാറില്ലേ…ഇത് പറയാതെ വെച്ചപ്പോൾ എന്തോ പോലെ…അതാ…പ്ലീസ് ചേച്ചി അച്ഛനോടും അമ്മയോടും പറയല്ലേ…”
“എന്നാലും കാർത്തീ…നീ ക്ലാസ് കട്ട് ചെയ്തു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുവോ…
ഏതാടാ ഈ അവൾ ആഹ് ജീന തന്നെ ആണോ…???”
കനിയുടെ മുഖത്ത് ആകാംഷ. ചോദ്യത്തിൽ ഒളിപ്പിക്കാൻ കഴിയാതെ താഴ്ന്നുപോയ അവന്റെ മുഖത്ത് ഒരു ചമ്മൽ അവൾ കണ്ടു.
“കട്ട് ചെയ്ത് എങ്ങോട്ടാ രണ്ടും കൂടെ പോയെ…വല്ല സിനിമയ്ക്കും ആണോടാ…”
കനി ഒന്ന് ചുഴിഞ്ഞു നോക്കി മൂളിയ ശേഷം പയ്യെ സോഫയിലേക്ക് ചാഞ്ഞു.
“ഏയ്…സിനിമക്കൊന്നും പോയില്ല….
….ഉച്ച കഴിഞ്ഞുള്ള പീരീഡ് ബോർ ആണെന്ന് അവൾ പറഞ്ഞു,
അവൾ കേറുന്നില്ല കൂട്ടിനു എന്നോടും കേറണ്ടാന്ന് പറഞ്ഞു, ഞാൻ കുറെ
പറഞ്ഞതാ കട്ട് ചെയ്യണ്ടാന്നു, അവൾ സമ്മതിച്ചില്ല…
പിന്നെ ടൗണിൽ വന്നു റൗണ്ടിൽ കുറച്ചു നേരം നടന്നു,…അവൾ വന്നിട്ട് ഇവിടൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല, പിന്നെ പായസം കുടിക്കണം എന്ന് പറഞ്ഞു എന്നേം വലിച്ചോണ്ട് പോയി….
അവളൊരു പയാസപ്രാന്തിയ…..
അവിടുന്ന് മൂക്കു മുട്ടെ പായസം കഴിച്ചിട്ടാ പിന്നെ വീട്ടിലേക്ക് പോന്നേ…”
“ഉം…അല്ലേൽ പായസം വെച്ചാൽ കുടിക്കാത്ത ചെക്കനാ ഇപ്പോൾ കൂട്ടുകാരീടെ കൂടെ പായസം കുടിക്കാൻ പോയെക്കുന്നെ…”
കനി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ചേച്ചി വേറെ ആരോടും പറയല്ലേ…”
അവൻ സന്ദേഹത്തോടെ കനിയെ നോക്കി.
“ഇല്ലട….പിന്നെ അധികം ചുറ്റലൊന്നും വേണ്ട…
എങ്ങാനും അച്ഛന്റെ മുൻപിൽ പോയി ചാടിയാൽ അറിയാലോ..”
കനി അവനെ ചിരിയോടെ നോക്കിയപ്പോൾ അവൻ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു ചേർന്നിരുന്നു.
********************************
“ഡാ അഖിലെ ദേ അവൻ കേറി…”
കോളേജ് ബസിൽ കാർത്തിക്ക് കേറുമ്പോൾ അവനെ കാത്ത് പിന്നിലെ സീറ്റിൽ അവരുണ്ടായിരുന്നു, കോളേജിൽ ജീനയുടെ പിന്നാലെ കൂടിയവരിൽ ഒരു കൂട്ടം. പലവട്ടം ജീനയോട് കൂട്ടത്തിലെ അഖിൽ ഇഷ്ടം പറഞ്ഞെങ്കിലും ജീന അത് മൈൻഡ് ചെയ്യാനെ പോയിരുന്നില്ല, അതോടെ ജീനയുടെ കൂടെ എപ്പോഴും നടക്കുന്ന കാർത്തിക്കിനോട് ഉണ്ടായിരുന്ന അസൂയ കലി ആയി മാറാൻ അധികനാൾ വേണ്ടി വന്നില്ല.
കാർത്തിക്ക് കയറി സീറ്റിൽ ഇരുന്നതും പിന്നിൽ നിന്നും അവർ മുന്നിലേക്ക് നീങ്ങി കാർത്തിക്ക് ഇരുന്ന സീറ്റിനെ ചുറ്റി നിന്നു.
ചുറ്റും മൂനാലുപേർ വട്ടമിട്ടത് കണ്ട് പെട്ടെന്നാണ് കാർത്തിക്ക് മുഖം ഉയർത്തിയത്.
തനിക്ക് ചുറ്റും നിൽക്കുന്നവരെ കണ്ടപ്പോൾ അവനു മനസ്സിലായി ജീനയുടെ പിറകെ നടക്കുന്നവർ, സീനിയേഴ്സ് ആണ്,.
അവൻ ഒന്ന് കൂടെ ഒതുങ്ങി ഇരുന്നു.
“ഡാ നീയും ജീനയും തമ്മിൽ ഇഷ്ടത്തിലാണോ….”
