ഉച്ചക്ക് വെട്ടി തീയിൽ വാട്ടിയ വാഴയിലയിൽ തുമ്പപ്പൂ ചോറും, അവിയലും കാളനും മൂലയിൽ ഈന്തപ്പഴം അച്ചാറും ചെമ്മീൻ പൊടി ചമ്മന്തിയും ഒഴിച്ചുകൂട്ടാൻ പുലിശ്ശേരിയുമായി ഊണ് നിരന്നു,..
കഴിക്കുമ്പോഴും അവന്റെ മുഖം വാടിയിരുന്നത് കണ്ട കനിയും ചില തീരുമാനങ്ങൾ എടുത്തിരുന്നു.
“അമ്മാ…നമുക്ക് നാളെ കാലത്തേ തന്നെ തിരികെ പോവാം…”
മുറിയിൽ തുണികൾ മടക്കുകയായിരുന്ന രേവതിയുടെ അടുത്തെത്തി കനി പറഞ്ഞു.
“അതെന്തിനാ കാലത്തേ തന്നെ പോണേ…രണ്ടീസം നമ്മൾ ഇവിടെ നിക്കാൻ വന്നതല്ലേ…”
രേവതി തുണി മടക്കുന്നതിനൊപ്പം മറുപടി കൊടുത്തു.
“എങ്കിൽ നിങ്ങൾ രണ്ടുപേരും രണ്ടു ദിവസം കഴിഞ്ഞു വന്നാൽ മതി, ഞാനും കാർത്തിയും നാളെ രാവിലെ പോവും…..
…അമ്മ അച്ഛനോട് പറഞ്ഞേക്ക്…”
മറുപടിക്ക് കാത്തു നിൽക്കാതെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ കനിയുടെ കയ്യിൽ പിടിച്ചുകൊണ്ട് രേവതി കണ്ണ് കാട്ടി.
“എന്താടി…എന്താ ഇപ്പോൾ പ്രശ്നം…”
“പ്രശ്നം ഒന്നുമില്ല ഞാനും കാർത്തിയും നാളെ രാവിലെ ഇവിടുന്നു പോവും…
അവനെ അങ്ങനെ ഇഷ്ടമില്ലാത്ത ഇടത്ത് ഞാനും വേണ്ട…”
കൈ വിടീച്ചു കനി രേവതിയെ നോക്കി പറഞ്ഞു. അതോടെ പന്തികേട് തോന്നിയ രേവതി കനിയെ കട്ടിലിൽ പിടിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തല്ലിയതൊന്നും കനി മനഃപൂർവ്വം പറഞ്ഞില്ല.
“ഈ…വിമല…
നിനക്ക് അവളുടെ സ്വഭാവം ഓക്കേ അറിയുന്നതല്ലേ കനീ…
ഉള്ളിൽ നിറയെ ദുഷിപ്പ് മാത്രാ…
കാർത്തി എന്നിട്ട് എന്ത് പറഞ്ഞു.”
“എന്ത് പറയാൻ അവന് ആദ്യായിട്ടൊന്നും അല്ലല്ലോ…
എങ്കിലും അവന്റെ ഉള്ളു നീറുന്നത് ഞാൻ കണ്ടതാ…
അതോണ്ട് ഇനീം ഒളിഞ്ഞും മറിഞ്ഞും കുത്തു വാക്കു കേൾപ്പിക്കാനും കേൾക്കാനും അവനെ ഞാൻ ഇനി ഇവിടെ നിർത്തില്ല….അമ്മ അച്ഛൻ വരുമ്പോൾ പറഞ്ഞാൽ മതി.”
കനിയുടെ വാക്കുകളിലെ ഉറപ്പ് മനസിലാക്കിയ രേവതി തലകുലുക്കി ഇരുന്നതെ ഉള്ളൂ.
പിറ്റേന്ന് കനിയും കാർത്തിക്കും ഇറങ്ങിയപ്പോൾ അവരോടൊപ്പം ദേവനും രേവതിയും ഉണ്ടായിരുന്നു.
********************************
തിങ്കൾ രാവിലെ…
“ടാ… കഴിഞ്ഞില്ലെ…വേഗം ഇറങ്ങാൻ നോക്കിയേ കനിക്ക് ലേറ്റ് ആവും…”
മുകളിലേക്ക് നോക്കി കോളേജിൽ പോവാൻ വേണ്ടി കാർത്തിക്കിനെ വിളിച്ചുകൊണ്ട് രേവതി ഒച്ചയിട്ടു.
ടിഫിൻ ഹാൻഡ് ബാഗിലേക്ക് വച്ചുകൊണ്ടിരുന്ന കനി രേവതിയെ നോക്കി
ചിരിച്ചപ്പോൾ രേവതി ഒന്ന് കണ്ണിറുക്കി കാട്ടി അടുക്കളയിലേക്ക് പോയി.
കടും നിലയിൽ ചെക്കുകൾ ഉള്ള ഷർട്ടും ആഷ് ജീൻസും ഇട്ടുകൊണ്ട് അപ്പോഴേക്കും കാർത്തിക്കും താഴെ എത്തി.
നീളൻ മുടി കോതിയിണക്കി താഴെക്കെത്തിയ കാർത്തി താഴെ ഇരുന്ന കനിയെ നോക്കി ചിരിച്ചു.
“എന്തിനാ അമ്മെ ഇങ്ങനെ ഒച്ച ഇടുന്നെ…
ചേച്ചിക്ക് സമയം ആയിട്ടില്ലല്ലോ…പിന്നെന്താ…”
ഈർഷയോടെ കാർത്തിക് അടുക്കളയിലേക്ക് കണ്ണെറിഞ്ഞു.
“ഓഹ് ചെക്കൻ ഫസ്റ്റ് ഡേ തന്നെ വൈകണ്ടല്ലോ എന്ന് കരുതീട്ട…”
വൈകാതെ കനിയോടൊപ്പം കാർത്തിക്ക് ബസ് സ്റ്റോപ്പിലേക്ക് നടന്നു തുടങ്ങി,
മറൂൺ സാരി കാറ്റിൽ പടർത്തിയും പിടിച്ചടക്കിയും അവന്റെ ചാരെ കനിയും നടന്നു.
അലസമായി ചുറ്റും കണ്ണോടിച്ചു നടക്കുന്ന കാർത്തിയെ ഇടയ്ക്കിടയ്ക്കവൾ കണ്ണ് നീട്ടി നോക്കി.
“ടെൻഷൻ ഉണ്ടോടാ…”
“ഏഹ്…”
“ഫസ്റ്റ് ഡേ അല്ലെ ടെൻഷൻ ഉണ്ടോന്നു…???”
“ഏയ്…എനിക്ക് ടെൻഷൻ ഒന്നൂല്ല…”
പറയുന്നതിനൊപ്പം കാർത്തി മുഖത്തൊരു ചിരി വരുത്തി.
“ഡാ…ടെൻഷൻ ഒന്നും വേണ്ടാട്ടോ….ഇപ്പോൾ പഴേ സ്കൂൾ കുട്ടിയൊന്നുമല്ല ഒത്ത ചെക്കനായി…
അച്ഛൻ ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന പോലെ എന്നെ നോക്കേണ്ട പ്രായം ഒക്കെ ആയി…അതോണ്ട് കുറച്ചു തന്റേടം ഒക്കെ ആവാട്ടോ…”
അവന്റെ കയിൽ കൊരുത്തു കനി അവന്റെ തോളിൽ ഇടിച്ചു കൊണ്ട് പറഞ്ഞു.
എന്നോ തേച്ചു വച്ച പെയ്‌ന്റിന്റെ അവശിഷ്ടം പറ്റിപ്പിടിച്ചിരുന്ന കാലപ്പഴക്കം കൊണ്ട് ഒന്ന് ഇടിഞ്ഞു താഴ്ന്ന ബസ് സ്റ്റോപ്പിന്റെ ഓരത്തായി അവർ നിന്നു.
അവന്റെ കയ്യും കൊരുത്തു അവനോടു മിണ്ടിയും പറഞ്ഞു നിൽക്കുന്ന കനിയിൽ ആയിരുന്നു സ്റ്റോപ്പിലെ ആണുങ്ങളുടെ കണ്ണ്,
അത് കണ്ട കാർത്തി അവളെ തന്റെ മറയിലേക്ക് നിർത്തി.
അതോടെ കൂർത്ത കണ്ണുകൾ ദർശന സുഖം തേടി മറ്റു തരുണികളിലേക്ക് യാത്രയായി.
കോളേജിലേക്കും സ്കൂളിലേക്കും ജോലിക്കും പോവാനായി ഒട്ടൊരു തിരക്ക് സ്റ്റോപ്പിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നതിനാൽ, കാഴ്ചയ്ക്ക് അവർക്ക് പഞ്ഞമുണ്ടായിരുന്നില്ല.
കോളേജ് പ്രായം തോന്നിച്ച ചില സുന്ദരികളുടെ കണ്ണേറ് ഇടയ്ക്കിടെ കാർത്തിക്കിലേക്കും നീളുന്നുണ്ടായിരുന്നു, കാർത്തിക്ക് അത് കണ്ടില്ലെങ്കിലും ഇടംകണ്ണുകൊണ്ട് കനിയത് കണ്ടു ചിരിച്ചു.
