മിടിപ്പ്അടിപൊളി  

അച്ഛന് പിറകെ ഗേറ്റ് അടച്ചു അവൻ മുറ്റത്തേക്ക് കയറുമ്പോൾ കോലായിപ്പടിയിൽ കാറിന്റെ ശബ്ദം കേട്ടെന്നോണം അമ്മ രേവതി എത്തിയിരുന്നു. അടുക്കളയിൽ പണിയിലായിരുന്നതിനാൽ നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് മുന്നിലേക്കെത്തിയത്,
അൻപത് കഴിഞ്ഞ ഐശ്വര്യം നിറഞ്ഞ മുഖത്തിൽ രാവിലെ തൊട്ട ചന്ദനം, തിരക്ക് പിടിച്ച പണിയിൽ പാതി പൊടിഞ്ഞു വീണിരുന്നു.

അകത്തേക്ക് കയറിയ ദേവന്റെ കയിൽ നിന്നും ബാഗ് കയ്യിലേക്ക് വാങ്ങി രേവതി കാർത്തിക്കിന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചു.

“എന്തായി ഏട്ടാ….ചേർത്തോ..”
രേവതി ചോദിച്ചു.

“ഉവ്വ്…ഓഫീസിൽ ചോദിച്ചപ്പോൾ അടുത്തയാഴ്ച്ച ക്ലാസ് തുടങ്ങാൻ സാധ്യത ഉണ്ടെന്നാ പറഞ്ഞെ…”

“ഹാവൂ…അഡ്മിഷൻ കിട്ടീലോ അത് മതി,
കോളേജ് ഒക്കെ ഇഷ്ടയോടാ…കാർത്തീ…”

രേവതി അവനെ ചുറ്റി ചോദിച്ചപ്പോൾ അവന്റെ ഉത്തരം ഒരു ചിരിയിൽ ഒതുക്കി കാർത്തിക് നിന്നു.

“കുറച്ചു വെള്ളം കുടിക്കാൻ എടുക്ക് രേവതി…”

ദേവൻ കുഷ്യനിട്ട കറുത്ത കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞത് കേട്ട രേവതി ഉടനെ അടുക്കളയിലേക്ക് പോയി.

“കാർത്തീ…”

പതിഞ്ഞ സ്വരത്തിൽ ഉള്ള ദേവന്റെ വിളിയിൽ അവൻ തിരിഞ്ഞു.

“നീ നല്ലോണം പഠിക്കണം, ഒരു നിലയിൽ എത്തണം….
ഇനി എത്ര കാലം ഞാനോ അമ്മയോ ഉണ്ടാവും എന്നൊന്നും പറയാനൊക്കില്ല…”

“അച്ഛാ….”

ഇടയ്ക്ക് ഉയർന്ന കാർത്തിക്കിന്റെ ഒച്ചയെ തടഞ്ഞുകൊണ്ട് ദേവന്റെ കൈ പൊങ്ങി.

“കുട്ടിക്കളിയൊക്കെ ഇനി മതിയാക്കണം, നിന്റെ ചേച്ചി…അവളെ നോക്കണം..
കൂടെ ഉണ്ടാവണം…”

പറയുമ്പോൾ ദേവന്റെ കൺകോണിലെവിടെയോ ചെറു നനവ് പടർന്നു.

അത് മറയ്ക്കാനെന്നോണം അത്രയും പറഞ്ഞ ദേവൻ അരികിൽ കിടന്ന പത്രമെടുത്തു നിവർത്തി അതിലേക്ക് മുഖം പൂഴ്ത്തി.

ദേവന്റെ വാക്കുകൾ അവന്റെ ഉള്ളിൽ പതിഞ്ഞിരുന്നു. തലയാട്ടി, മരപ്പടികൊണ്ടുള്ള പടികളിൽ ചവിട്ടി അവൻ തന്റെ മുകളിലെ മുറിയിലേക്ക് നടന്നു. ഇരു നിലകളിലുള്ള ആഹ് വീട്ടിൽ താഴെ മുറിയും അടുക്കളയും ഹാളും ഡൈനിങ്ങ് ഹാളും, മുകളിൽ കാർത്തിക്കിന്റെയും ചേച്ചി കനിയുടെയും മുറികൾ ആയിരുന്നു.

മുറിയിലേക്കെത്തിയ കാർത്തിക് തോൾ ബാഗ് കട്ടിലിലേക്കിട്ടു.
ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി മുറിയിലെ കണ്ണാടിക്കു മുന്നിലവൻ നിന്നു,
മാംസം ഒട്ടും ചാടാത്ത പേശികൾ തെളിഞ്ഞു കാണുന്ന വെളുത്ത ദേഹവും ഓവൽ ഷേപ്പ്ലുള്ള മുഖവും അവൻ നോക്കി.
അമ്മയുടെയും ഒരു രൂപഭാവവും തനിക്കില്ല എന്ന് വീണ്ടും അവൻ ആഹ് കണ്ണാടിയിൽ നിന്ന് മനസ്സിലാക്കി.
വെളുത്ത നിറം മാത്രം അമ്മയുടെതിൽ നിന്നെന്നു പറയണം എന്നുണ്ടെങ്കിലും അമ്മയിലും വെളുത്താണ് താൻ എന്നുള്ള പകൽപോലെ തെളിഞ്ഞ സത്യം അവനെ അസ്വസ്ഥനാക്കി.

“കാർത്തീ….താഴെ വാ…ഊണെടുത്തു വച്ചിട്ടുണ്ട്…”

താഴെ രേവതിയുടെ നീട്ടിയുള്ള വിളി കേട്ട അവൻ അവന്റെ ഉള്ളുലയ്ക്കുന്ന സന്ദേഹങ്ങളെ അടക്കി,
ഉടുപ്പ് മാറ്റി ഒരു ഷോർട്സും ടി ഷർട്ടും എടുത്തിട്ടു താഴേക്കിറങ്ങി.
ഡൈനിങ്ങ് ടേബിളിൽ ഊണ് കഴിച്ചുകൊണ്ട് ദേവൻ ഇരുന്നിരുന്നു,
ദേവനടുത് കസേര വലിച്ചിട്ട് കാർത്തിക് ഇരുന്നതും രേവതി അവനു ചോറ് വിളമ്പി.

“ഏട്ടാ….
…..നാട്ടിൽ നിന്ന് സുകന്യ വിളിച്ചിരുന്നു…
ഒന്നത്രടം ചെല്ലാൻ….”
“എന്താ,….അമ്മയ്ക്ക് എന്തേലും വയ്യായിക…???”

“ഏയ്…അങ്ങനെയൊന്നും പറഞ്ഞില്ല…
അമ്മയ്ക്ക് പിള്ളേരെയൊക്കെ ഒന്ന് കാണണം എന്ന് പറഞ്ഞു…
കാർത്തിക്ക് കോളേജ് തുറക്കും മുന്നേ നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് നാട്ടിൽ പോയി വന്നാലോ…”

“ആലോചിക്കാം…കനിക്ക് ലീവ് കിട്ടുമോ എന്ന് കൂടെ നോക്കണ്ടേ…”

ദേവൻ പറഞ്ഞത് കേട്ട് രേവതി മൂളി, ഇതിലൊന്നും സംസാരിക്കാതെ കാർത്തിക്ക് ഭക്ഷണം കഴിച്ചെഴുന്നേറ്റു.

റൂമിലെത്തി ഹെഡ്സെറ്റ് എടുത്തു ഫോണിൽ പാട്ട് വെച്ചു, ജനലിലേക്ക് കാലു നീട്ടി വച്ച് കസേരയിൽ ചാരി മുഖത്തേക്കൊഴുകുന്ന ചെറു കാറ്റേറ്റ് അവനിരുന്നു.

“സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍
നാദം – നാദം – മൃദുവായി കൊഴിയും നിനവില്‍ പോലും
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു്…..”

ഉച്ച വെയിലിന്റെ ചെറു ചൂടും ചൂരും നിറഞ്ഞ കാറ്റ് അവനെ നിദ്രയിലാഴ്ത്തി.
————————————-

കരയുന്ന ഗേറ്റിന്റെ തുളയ്ക്കുന്ന സ്വരമാണ് അവനെ ഉറക്കത്തിൽ നിന്ന് വലിച്ചെടുത്തത്,
സുഖകരമായ മന്ദതയിൽ നിന്നുണർന്നു തുടങ്ങിയ അവന്റെ ബ്രൗൺ കണ്ണുകൾ മുറ്റത്തെ ജനലിലൂടെ ഗേറ്റിലേക്ക് നീണ്ടു.
ചെവിയിൽ നിന്നെപ്പോഴോ ഹെഡ്സെറ്റ് ഊരിപോയിരുന്നു.
കസേരയിൽ ഒന്ന് നേരെ ഇരുന്നവൻ മുറ്റത്തു നോക്കുമ്പോൾ കനി ഗേറ്റ് അടച്ചു മുറ്റത്തൂടെ നടന്നു വരികയായിരുന്നു.
കറുത്ത സാരി നീറ്റായി ഞൊറിഞ്ഞുടുത്തിട്ടുണ്ട്, അതെ നിറത്തിലുള്ള ബ്ലൗസ്.
സാരിയിൽ അവിടാവിടായി കുഞ്ഞു സ്വർണ പൂക്കൾ തുന്നിയിട്ടുണ്ട്, ബ്ലൗസിന്റെ കയ്യിലും സ്വർണ്ണത്തിന്റെ ചുറ്റൽ,
കയ്യിൽ ഒരു ഹാൻഡ്ബാഗ് തൂക്കിയിട്ടിട്ടുണ്ട്,
അമ്മയുടെ നിറവും മുഖവും കിട്ടിയിരിക്കുന്നത് കനിക്കാണെന്നു അവനു തോന്നിയിട്ടുണ്ട്,
ഗോതമ്പിന്റെ നിറവും വട്ട മുഖവും,
അധികം ഒരുങ്ങാറില്ല, അധികം ആരോടും സംസാരിക്കാറുമില്ല,
പണ്ടൊക്കെ ചേച്ചി ഇതുപോലെ ഒന്നും ആയിരുന്നില്ല എന്ന് പലരും പറഞ്ഞു താനും കേട്ടിട്ടുണ്ട്,
എപ്പോഴും ചിരിയും കളിയും എല്ലാവരോടും വർത്തമാനവും കുസൃതിയുമെല്ലാം പറഞ്ഞിരുന്ന ഒരാളായിരുന്നു ചേച്ചി എന്ന് ഒത്തിരിപ്പേർ തന്നോട് പറഞ്ഞിരുന്നതായി അവൻ ഓർത്തു.
പക്ഷെ താൻ കണ്ട നാൾ മുതൽ തന്റെ ചേച്ചി ഇങ്ങനെയാണെന്ന് അവനറിയാം, ഒട്ടും ഒരുങ്ങാതെ തന്നെ ചേച്ചിയെ കാണാൻ സുന്ദരി ആയിരുന്നു…
ചേച്ചിക്ക് ഇപ്പോൾ മുപ്പത്തിരണ്ട് വയസ് കഴിഞ്ഞു,
ആലോചനകൾ ഒരുപാട് വന്നിട്ടും അവൾ സമ്മതിക്കാതിരുന്നത് എന്താണെന്ന് അവനിപ്പോഴും കൃത്യമായിട്ട് അറിയില്ല…
അവളുടെ വിസമ്മതം കൊണ്ട് മാത്രമാണ് അതൊന്നും നടക്കാതിരുന്നത് എന്ന് മാത്രം അവനറിയാം, ഒരിക്കൽ അവളോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, അതൊട്ടും ഇഷ്ടമില്ലാത്തത് പോലെ ആണ് പെരുമാറിയത്…എങ്കിലും അവളുടെ ഉള്ളിലെന്തിന്റെയോ നീറ്റൽ അവനു മനസ്സിലായിരുന്നു.
അവളുടെ കണ്ണീര് മറ്റെന്തിനേക്കാളും അവനെ നോവിക്കുന്ന ഒന്നായിരുന്നു,
എന്തുകൊണ്ടങ്ങനെ എന്ന് നിർവചിക്കാൻ അവനിതുവരെ കഴിഞ്ഞിരുന്നില്ല,
ആലോചനയിൽ ആണ്ട് അവൻ അവിടെയിരിക്കുമ്പോൾ പുറകിൽ ഡോർ തുറക്കുന്ന ശബ്ദം അവൻ കേട്ടു.

“കാർത്തീ…”

പിന്നിൽ കനിയുടെ നേർത്ത ശബ്ദം.

“ഉം…”

അവൻ പതിയെ തിരിഞ്ഞു,
ഡോർ തുറന്നു അവനു മുന്നിൽ കനി ഉണ്ടായിരുന്നു, ബാങ്കിൽ നിന്ന്
വന്ന അതെ വേഷത്തിൽ കനി.
സാരിയുടെ മുന്താണി എടുത്ത് ഇടുപ്പിൽ കുത്തിയിരുന്നു, അഴിച്ചിരുന്ന മുടി ഉയർത്തി കെട്ടിയിരുന്നു.
അവളുടെ കയ്യിൽ രണ്ടു കപ്പുകളിൽ ആയി ചായ.
അവനെ നോക്കിയ കനി അകത്തേക്ക് വന്നു. കയ്യിൽ ഉണ്ടായിരുന്ന ചായ അവനു നേരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *