പുച്ഛം തിങ്ങിയ സ്വരം കേട്ട് കണ്ണ് തിരിച്ച കാർത്തിക്കിന്റെ മുഖം വിളറി വെളുത്തു. സ്വതവേ വെളുത്ത മുഖം വീണ്ടും ഐസ് പോലെ ആയി.
“എന്നെ നീ മറക്കില്ലെന്നറിയാം…
അതോണ്ട് പരിചയപ്പെടുത്തുവൊന്നും വേണ്ടല്ലോ…”
വികൃതമായി ചിരിച്ചുകൊണ്ട് ജിഷ്ണു അവനിരുന്ന സീറ്റിൽ ഇരുന്നു അഖിലും ബാക്കി ഉള്ളവരും അവനു ചുറ്റും സ്ഥലം പിടിച്ചു.
“നിന്റെ തന്തയെ കണ്ടുപിടിച്ചോടാ…”
ജിഷ്ണുവിന്റെ നാവിൽ നിന്നും വീണ വിഷം കേട്ട കാർത്തിക്കിന്റെ ചെവി കരിഞ്ഞു.
“അതെന്താടാ ജിഷ്ണു കണ്ടുപിടിക്കാൻ…”
“ആഹ് അത് നിനക്കൊന്നും അറിയേല…നീ ഇവന്റെ തന്തയെന്നും പറഞ്ഞു ഇപ്പോൾ നടക്കുന്ന ആളെ കണ്ടിട്ടുണ്ടോ…”
ജിഷ്ണു മുഖം പൊക്കി അഖിലിനോട് ചോദിച്ചു.
“ഇല്ല…എന്ത്യെടാ…”
“ആഹ് കണ്ടാൽ പിന്നെ നിനക്കും സംശയം വരും….
എനിക്കിത് ഇവൻ പ്ലസ് റ്റു വന്നപ്പോൾ മുതലുള്ള സംശയവാ…അന്ന് എന്തൊക്കെ നടന്നു എന്നറിയുവോ ആഹ് സംശയം ഒന്ന് മാറി കിട്ടാൻ…എന്നിട്ട് മാറിയതുമില്ല…
ആഹ് ഇനിയിപ്പോൾ നീ ഇവിടെ ഉള്ളോണ്ട് സൗകര്യം പോലെ തീർക്കാല്ലോ അല്ലെ…”
അവരുടെ ഇടയിലിരുന്നു കാർത്തിക്ക് ഉരുകുകയായിരുന്നു.
മഴയും നനഞ്ഞു പോകുന്ന ആഹ് യാത്രയിലും അവൻ വിയർത്തൊലിച്ചു അവരുടെ നടുവിൽ തളർന്നിരുന്നു..
കനി പകർന്നു കൊടുത്ത ധൈര്യം മുഴുവൻ ജിഷ്ണുവിനെ കണ്ട നിമിഷം മുതൽ ഒലിച്ചു പോയിരുന്നു.അവന്റെ മുന്നിൽ പ്ലസ് വണ്ണിൽ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ചെകുത്താൻ വീണ്ടും മുന്നിൽ നിൽക്കുന്ന അവസ്ഥ ആയിരുന്നു. ഭൂതകാല സ്മരണകൾ വരിഞ്ഞു മുറുകിയപ്പോൾ അവന്റെ നാവിനും എന്തിന് ശ്വാസത്തിന് പോലും ആരോ ചങ്ങലയിട്ട പോലെ ആയിരുന്നു.
ചുറ്റുമുള്ള സ്റ്റുഡന്റസ് ഉയർന്നും താഴ്ന്നും എന്താണ് നടക്കുന്നതെന്നറിയാൻ എത്തികുത്തി നോക്കുന്നുണ്ടായിരുന്നു..
കാർത്തിക്കിനെ ചുറ്റിയിരുന്ന ജിഷ്ണുവിന്റെ കണ്ണ് തങ്ങൾക്ക് നേരെ കനത്തു വരുന്നത് കണ്ട അവർ പിറുപിറുത്തുകൊണ്ട് താഴേക്ക് ഇരുന്നു.
“അപ്പോൾ മക്കള് ആദ്യം പോയി തന്തയെ തപ്പി കണ്ടുപിടിക്ക് എന്നിട്ട് ഒരു പെണ്ണിനെയൊക്കെ നോക്കാം…”
ജിഷ്ണു അവനെ നോക്കി ക്രൂരമായ ചിരിയോടെ അവനോടു പറയുമ്പോൾ, കാർത്തിക്കിന്റെ മനസ്സ് ഏതോ കോണിൽ ഇരുന്നു അലറുകയായിരുന്നു.
********************************
“എനിക്ക് വയ്യേച്ചി… ഇനിയും അവർക്ക് മുന്നിൽ പോയി നാണം കെടാൻ,… അവരുടെ മുന്നിൽ തെറ്റു എന്താന്നു പോലും അറിയാതെ തലയും കുനിച്ചു ഇരിക്കാൻ….എനിക്കിനി പഠിക്കണ്ട…”
“നീ ഇതെന്തൊക്കെയാ ചെക്കാ ഈ പറേണേ….ഇത്രേ ഉള്ളൂ നീ…”
മാറിൽ കിടന്നു കരയുന്ന കാർത്തിക്കിനെ നെഞ്ചോടടുപ്പിച്ചു തഴുകി ആശ്വസിപ്പിക്കുമ്പോഴും കനിയുടെ കണ്ണുകളും നിറഞ്ഞൊഴുകകയായിരുന്നു.
“അവരെ പേടിച്ചാ നീ പഠിപ്പ് നിർത്താൻ പോണേ…
അത്രയ്ക്കും ധൈര്യല്ലാത്താള ന്റെ കാർത്തീ… ഒന്നുല്ലേലും ഒരു പോലീസാരന്റെ മോനല്ലേ,…”
അവന്റെ മുഖം പിടിച്ചുയർത്തി തന്റെ കണ്ണീര് കഷ്ടപ്പെട്ടു ഒളിപ്പിച്ചുകൊണ്ട് കനി അവനോട് ചോദിച്ചു.
“എനിക്കറിയില്ല ചേച്ചി…..കേട്ട് കേട്ട് ഇപ്പോ എനിക്കും ഉറപ്പിച്ചു പറയാൻ കഴിയണില്ല….”
കരഞ്ഞു ചുവന്നു കലങ്ങിയ കണ്ണും മുഖവുമായി അവളെ നോക്കിയ കാർത്തിക്കിനോട് അവൾക്ക് പറയാൻ ഉത്തരം ഉണ്ടായിരുന്നില്ല.
————————————-
“എന്താ നീ ഒന്നും കഴിക്കാത്തെ വിശപ്പില്ലെ…”
അത്താഴത്തിന് ഇരിക്കുമ്പോഴായിരുന്നു എന്തോ ആലോചിച്ചിരുന്ന കാർത്തിക്കിനെ നോക്കി ദേവൻ ചോദിച്ചത്,
ദേവന്റെ ചോദ്യത്തിൽ ഭക്ഷണത്തിൽ വിരലിട്ടിളക്കി കൊണ്ടിരുന്ന കനിയും ഞെട്ടി…”
“വന്നപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുന്നതാ ഇവന്റെ മുഖത്തിനൊരു വാട്ടം,… ഇവനു മാത്രമല്ല പെണ്ണിനും ഉണ്ട്…”
ദേവന്റെ പ്ലേറ്റിലേക്ക് തോരൻ വിളമ്പുന്നതിനിടയിൽ കനിയെയും കാർത്തിക്കിനെയും മാറി മാറി നോക്കിക്കൊണ്ട് രേവതിയും കൂട്ടിച്ചേർത്തു.
“അച്ഛാ…എനിക്ക്,…..
……എനിക്കൊരു ബൈക്ക് വാങ്ങി തരുവോ…”
കാർത്തിക്ക് ദേവനോട് ചോദിച്ചു അപ്പോഴും അവന്റെ തല കുനിഞ്ഞു തന്നെ ഇരുന്നു.
