മിടിപ്പ്അടിപൊളി  

“ഓ എനിക്കെങ്ങും പോവണ്ട നിങ്ങൾ ചേച്ചിയും അനിയനും കൂടി പോയാൽ മതി ഇനി അതുണ്ടാക്കി താ ഇതുണ്ടാക്കി താ എന്നൊക്കെ പറഞ്ഞു വാ…”

കെറുവ് കാട്ടി അകത്തേക്ക് കയറിപോയ രേവതിയെ ബൈക്ക് സ്‌റ്റാൻഡിൽ ഇട്ടു ഓടി വന്ന കാർത്തിക്ക് ചുറ്റിപ്പിടിച്ചു കൊഞ്ചിച്ചു.

“അയ്യേ…അമ്മേം ചേച്ചിയേം എല്ലാടത്തും കൊണ്ടോവാൻ അല്ലെ ഞാൻ…അയിന് ഇത്രേം കുശുമ്പോ…”

രേവതിയുടെ കവിളിൽ അവൻ പിച്ചി കളിയാക്കിയപ്പോൾ മറച്ചു പിടിച്ച ചിരി അവളിൽ നിന്ന് പിടിവിട്ടു പുറത്തേക്ക് വന്നു.

“അവനെ ഇത്രേം സന്തോഷായിട്ട് കണ്ടിട്ടില്ല അല്ലെ ഏട്ടാ…”

“ഹ്മ്മ്…കനിയും ഒന്ന് ചിരിച്ചു കാണുന്നത് ഇപ്പോഴാ…ആഹ് പ്രസരിപ്പ് ഒക്കെ തിരിച്ചെത്തുന്ന പോലെ…”

രാത്രി ദേവനോടൊപ്പം കിടന്ന രേവതി ഇന്നത്തെ കാര്യങ്ങൾ ഓർത്തു പറഞ്ഞു.

********************************

രണ്ട് ദിവസം നീ എവിടെ ആയിരുന്നു…ഞാൻ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കാഞ്ഞേ…”

പിറ്റേന്ന് ക്ലാസ്സിൽ എത്തിയ കാർത്തിക്കിനെ ഇന്റർവെല്ലിന് ജീന പുറത്തേക്ക് കൊണ്ട് വന്നു.
രാവിലെ വന്ന നേരം മുതൽ അവൻ ജീനയെ നോക്കാനോ മിണ്ടാനോ നിൽക്കാതെ മാറി നടക്കുകയായിരുന്നു.
സഹികെട്ട് ഉച്ചയ്ക്കുള്ള ഇന്റർവെല്ലിന് അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടവൾ പുറത്തേക്ക് വന്നിട്ട് ചോദിച്ചുകൊണ്ടിരുന്നു.

അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാമായിരുന്നെങ്കിലും അവളോട് അത് പറയണോ വേണ്ടയോ എന്നുള്ള ചിന്തയിൽ കുഴങ്ങുകയായിരുന്നു കാർത്തിക്ക്.

“നീ എന്താ ഉത്തരം പറയാത്തെ….ഇനി എന്നോട് പറയാൻ പറ്റാത്ത എന്തേലുമാണോ…”

അവളുടെ കൂർത്ത നെഞ്ച് തുളയ്ക്കുന്ന കണ്ണുകളിലേക്ക് നോക്കിയ അവന് സ്വയം നഷ്ടപ്പെടുന്ന പോലെ തോന്നി.

“ഞാൻ…എനിക്ക്…വീട്ടിൽ കുറച്ചു പ്രശ്നം ഉണ്ടായി…അതോണ്ടാ…”

“ഇത് നിനക്കെന്നാൽ വിളിച്ചപ്പോൾ അങ്ങ് പറഞ്ഞാൽ പോരെ……വീട്ടിൽ എന്ത് പ്രശ്നം…”

ജീന വീണ്ടും അവനു നേരെ തിരിഞ്ഞു.

“അത് എനിക്കൊരു ബൈക്ക് വേണം എന്ന് പറഞ്ഞു. അതിന്റെ കുറച്ചു പ്രശ്നം…”

അവൻ കിട്ടുന്ന പോലെ അവളോട് നുണ പറഞ്ഞു.

“എന്നിട്ടിപ്പോൾ പ്രശ്നം മാറിയോ…”

“ആഹ്…”

“അതെങ്ങനെ…”

“എനിക്ക് ബൈക്ക് വാങ്ങി തന്നു…”

കാർത്തിക്ക് പറഞ്ഞത് കേട്ട ജീന ഒന്ന് അതിശയിച്ചു…

“ഏഹ്… ബൈക്ക് വാങ്ങി തന്നെന്നോ…എന്നിട്ടെവിടെ…”
“അവിടെയുണ്ട്….സ്റ്റാൻഡിൽ…”

“എന്നിട്ടാണോ നീ എന്നോട് പറയാഞ്ഞേ…വാ ഇങ്ങോട്ട്…”

അവന്റെ കൈയും വലിച്ചുകൊണ്ടവൾ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ ബെൽ മുഴങ്ങുന്നുണ്ടായിരുന്നു.

————————————-

“പൾസർ 180…ബ്ലാക്ക് കളർ…ഹ്മ്മ്…നൈസ്…”

ബൈക്കിനടുത്തെത്തിയ ജീന ഒന്ന് ചുറ്റി നോക്കി പറഞ്ഞു.

“വാ…നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാം.. ”

ബൈക്കിൽ ചാരി അവൾ അവനെ നോക്കി.

“അതിനിപ്പോൾ ബെൽ അടിച്ചില്ലേ… ക്ലാസ്സ് തുടങ്ങും…”

“പിന്നെ നീ ആദ്യമായിട്ടല്ലേ കട്ട് ചെയ്യുന്നേ…ഇത് എന്റെ കാൾ എടുക്കത്തത്തിന്റെ ശിക്ഷ…കം ഓൺ കാർത്തീ…”

വിരൽ ചൂണ്ടി അവൾ വിളിച്ചപ്പോൾ ജിഷ്ണുവോ അഖിലോ അന്നത്തെ സംഭവങ്ങളോ അവന്റെ മനസ്സിൽ വന്നില്ല.

ബൈക്കിൽ ഈസി ആയി അവൾ കയറി അവന്റെ തോളിൽ കൈവെച്ചു അവൾ ഇരുന്നു.

അവളിട്ടിരുന്ന ചുരിദാർ ആയിരുന്നു അവന്റെ മനസ്സിൽ ചേച്ചിക്കും ഒന്ന് വാങ്ങിയാൽ കഷ്ടപ്പെടാതെ അവൾക്കിരിക്കാമായിരുന്നു എന്ന ചിന്തയിൽ ആയിരുന്നു കാർത്തിക്ക്.

“ഡാ എന്താ ആലോചിക്കുന്നെ പോ…”

അവന്റെ തോളിൽ തട്ടി ജീന ഒച്ചയിട്ടു…

“എങ്ങോട്ട് പോണം…??”

“എങ്ങോട്ടു വേണേലും പോവാം നീ ആദ്യം വണ്ടി എടുക്ക്…”

ബൈക്കിൽ അവർ ചുറ്റിപ്പിടിച്ചിരുന്നു പോവുന്നത് കണ്ട ജിഷ്ണുവിന്റെയും അഖിലിന്റെയും ഉള്ളിൽ പക കത്തുകയായിരുന്നു.

********************************

“എവിടെ ആയിരുന്നെടാ ചെക്കാ ഇതുവരെ എത്ര നേരായി കാത്ത് നിക്കുണൂ…ഇതിലും ബേധം ഞാൻ ബസിൽ വരണതായിരുന്നു…”

ജീനയുമായി ചുറ്റിയ കാർത്തിക് തിരിച്ചെത്തിയപ്പോൾ ഒത്തിരി വൈകിയിരുന്നു.

ജീനയെ കോളേജ് എൻട്രന്സിൽ ഇറക്കി അവൻ പായുകയായിരുന്നു കനിയെ പിക്ക് ചെയ്യാനായി.

“നിന്റെ ബാഗ് എന്ത്യെ ചെക്കാ….”

കയറി ഇരുന്നു കഴിഞ്ഞു കനി ചോദിച്ചു.

“അയ്യോ…ഞാൻ മറന്നുപോയി…കോളേജിൽ ഉണ്ട്…”

“എന്താടാ ബാഗ് കോളേജിൽ വച്ച് മറന്നു പോവേ….നിന്നെക്കൊണ്ട് വയ്യല്ലോ…”

“അത് ചേച്ചീ….ഞാൻ പെട്ടെന്ന്….
ഞാൻ ചേച്ചിയെ വീട്ടിൽ ആക്കിയിട്ട് പോയെടുക്കാം…”

അവൻ ബൈക്ക് എടുത്തുകൊണ്ട് പറഞ്ഞു.
കനിയെ വീട്ടിലാക്കി. അവൻ കോളേജിലേക്ക് പാഞ്ഞെത്തി.
ഭാഗ്യം കൊണ്ട് ക്ലാസ്റൂം അടച്ചിട്ടുണ്ടായിരുന്നില്ല…

അകത്തു കയറി ബാഗെടുത്തവൻ തിരികെ സ്റ്റാൻഡിലേക്ക് നടന്നു.

ബൈക്കിനടുത്തെത്തിയ അവന്റെ കണ്ണുകൾ ആഹ് കാഴ്ച്ച കണ്ടു പിടഞ്ഞു.
ബൈക്കിലെ പുറം മുഴുവൻ കോറി വരച്ചിരിക്കുന്നതവൻ കണ്ടു.
അവന്റെ കണ്ണുകൾ ചുറ്റും പരതി..
അവനൊഴികെ അവിടം ശൂന്യമായിരുന്നു.
അവൻ നടന്നു ബൈക്കിനടുത്തെത്തി,
അവിടെ അവൻ കണ്ടു ടാങ്കിന് മുകളിൽ കറുപ്പ് പെയിന്റിനെ ഉരിഞ്ഞു മാറ്റി കൊണ്ട് തിളങ്ങുന്ന വാക്കുകൾ.

“Bastard”

ഒരു നിമിഷം കൊണ്ടവന് അത് ചെയ്തതാരാണെന്നു മനസ്സിലായി.
അവന്റെ കൈവിരലുകൾ ബൈക്കിനു മുകളിലൂടെ ഓടിക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.
തൊടുമ്പോൾ പൊള്ളുന്ന പോലെ ഹൃദയത്തിന്റെ മിടിപ്പ് കാതിൽ കേൾക്കാം…
ചുറ്റും നോക്കിയ അവനു ഉള്ളിലേക്കിരച്ചത്തിയ ഒറ്റപ്പെടൽ സഹിക്കാൻ കഴിഞ്ഞില്ല.

ഹെൽമെറ്റ് എടുത്തു വെച്ച് ബൈക്കിൽ കയറുമ്പോഴേക്കും അവൻ വിതുമ്പി പോയിരുന്നു.

ചേച്ചി തനിക്ക് വേണ്ടി അവളുടെ സേവിങ്‌സ് കൂട്ടിയതിൽ നിന്നും വാങ്ങി തന്ന ബൈക്ക്…
അച്ഛനും അമ്മയും എന്റെ വിഷമം കാണാൻ വയ്യാതെ വാങ്ങി തന്ന ബൈക്ക്.

ചിന്തകൾ അമ്പുകളായി അവന്റെ നെഞ്ചിലാഴ്ന്നു, ഇരുട്ട് തൂവിതുടങ്ങിയ വഴിവിളക്കുകൾ മിന്നി തുടങ്ങിയ റോഡിലൂടെ ബൈക്ക് ഓടിക്കുമ്പോൾ ആദ്യമായി എന്നതുപോലെ അവന്റെ കൈകൾ വിറച്ചു, കണ്ണിനെ മൂടിയ ജലപടവും ഹൃദയത്തെ തുളച്ച വിങ്ങലും മനസ്സിനെ പിടിച്ചുലച്ച നിമിഷം അവന്റെ കണ്ണിലേക്ക് മുന്നിലെ എതിർ വശത്തെ വണ്ടിയുടെ ഹെഡ്ലൈറ്റിൽ നിന്നുള്ള രശ്മികൾ തുളച്ചു കയറി.

********************************

“അവനെ കാണുന്നില്ലല്ലോ…ശ്ശെ…നിനക്ക് അവനെ വിടേണ്ട കാര്യമുണ്ടായിരുന്നോ കനി….ബാഗ് ഇപ്പൊ നാളെ എടുത്താലും പോരെ…”

“അച്ഛനെ വിളിച്ചു നോക്ക് അമ്മെ…ഇനി അവൻ അച്ഛന്റെ കൂടെ എങ്ങാനും ഉണ്ടേലോ…”

ഇരുട്ടിയിട്ടും കാർത്തിക്കിനെ കാണാത്ത ടെന്ഷനിൽ ആയിരുന്നു കനിയും രേവതിയും. പുറത്തു മഴ കോരിച്ചൊരിയുമ്പോൾ കനിയുടെയും രേവതിയുടെയും ഉള്ളിലും ഒരു ആശങ്കയുടെ പേമാരി പെയ്യുകയായിരുന്നു. ആ വീട്ടിലെ ലാൻഡ്‌ലൈൻ ആ വാർത്ത ആ വീട്ടിലേക്കെത്തിച്ചു. അങ്ങേതലക്കലെ സൗമ്യമായ സ്ത്രീ ശബ്ദത്തിനു രേവതിയുടെ നെഞ്ച് പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു. കനി സോഫയിൽ ഇരുന്നുകൊണ്ട് രേവതിയുടെ മുഖത്തേക്ക് നോക്കുമ്പോ കണ്ണുനീർ ഒഴുകുന്നത് കണ്ടതും അവൾ അമ്മയുടെ അടുത്തേക്കോടി. “എന്താമ്മേ ….കാർത്തിക്കിന്” എന്ന് ചോദിക്കുമ്പോഴെക്കും കൈകാലുകൾ തളരുന്നപോലെ തോന്നിയ രേവതിയെ കനി വേഗം താങ്ങിപിടിച്ചുകൊണ്ട് സിറ്റി ഹോസ്പിറ്റലിലേക്ക് കാർ ഇരപ്പിച്ചു കൊണ്ട് പായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *