കാരണം അറിയില്ലെങ്കിലും ഓർമ വെച്ച നാൾ മുതൽ തറവാടിനെ ഇവിടുത്തെ ചുറ്റുപാടിനെ അവൻ അത്ര വെറുക്കാൻ കാരണം ഈ കാരണമറിയാത്ത ഒറ്റപ്പെടുത്തൽ ആയിരുന്നു.
അകത്തു നിന്ന് വന്നു കയറിയവരുടെ ചിരിയും വർത്തമാനങ്ങളും ഉറക്കെ കേൾക്കാമായിരുന്നു.
കയിൽ കരുതിയ പലഹാരങ്ങൾ എല്ലാം എടുത്തുകൊണ്ട് അകത്തേക്ക് കയറുമ്പോൾ എല്ലാവരും പരസ്പ്പരം വിശേഷങ്ങൾ പങ്കു വയ്ക്കുന്ന തിരക്കിൽ ആയിരുന്നു.
കഷ്ടപ്പെട്ടു മുഖത്ത് ചിരിയുണ്ടാക്കി വിഷമിക്കുന്ന തന്റെ ചേച്ചിയെയും അവൻ കണ്ടു.
“അമ്മ ഉണർന്നിട്ടുണ്ടാവുമോ…രഘു…വന്നിട്ട് ഒന്ന് കണ്ടില്ല…”
“സുകന്യേ…ഒന്ന് നോക്കിയിട്ട് വരൂ…”
രഘു അടുത് നിന്ന തന്റെ ഭാര്യയോട് പറഞ്ഞപ്പോൾ അവർ ഹാൾ കടന്ന് ഇടനാഴിയിലേക്ക് നടന്നു.
“ഇവൻ ഒത്ത ഒരു ചെക്കൻ ആയല്ലോ…ഇനി ഒരു പെണ്ണിനെ കണ്ടു പിടിക്കാനുള്ള നേരമായി….”
ശ്രീജിത്തിനെ നോക്കിക്കൊണ്ട് രേവതി ചിരിച്ചുകൊണ്ടു പറഞ്ഞു.
“അതോ ഇനി വിദ്യയുടെ കഴിഞ്ഞിട്ടേ ശ്രീക്ക് നോക്കുന്നുള്ളോ…”
ശ്രീജിത്ത് കല്യാണക്കാര്യം കേട്ടപ്പോൾ ഒന്ന് മുണ്ടു നേരെയിട്ട് നിവർന്നു.
“സമയം ആയി മനസ്സിൽ ആരേലും ഉണ്ടേൽ പറയട്ടെ…
ഇപ്പോഴത്തെ പിള്ളേർ അല്ലെ…”
ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആരേലും ഉണ്ടോടാ…”
രേവതിയുടെ വക ആയിരുന്നു ചോദ്യം.
“ഹ്മ്മ്….തറവാട്ടിൽ ആദ്യം നടക്കേണ്ടത് എന്റെ കനി മോളുടെ വിവാഹം ആയിരുന്നു…”
വിമല പെട്ടെന്ന് പറഞ്ഞത് കേട്ട കനിയിലും രേവതിയിലും ഒരു ഞെട്ടൽ ഉണ്ടാവുന്നത് നിമിഷദ്രത്തേക്കാണെങ്കിലും കാർത്തിക്ക് കണ്ടു.
ഒപ്പ് ദേവന്റെ മുഖം ഒന്ന് മുറുകി .
“അമ്മ ഉണർന്നുട്ടോ…”
സുകന്യ വന്നു പറയുന്നത് കേട്ടതും ദേവൻ ഉടനെ എഴുന്നേറ്റു നടന്നു സുകന്യ കനിയെ കൂട്ടിയപ്പോൾ രേവതി കാർത്തിക്കിന്റെ കരം കവർന്നു.
പഴമ മണക്കുന്ന തടിപ്പാളികളാൽ ചുവരു പൊതിഞ്ഞ തണുപ്പരിക്കുന്ന തറയിൽ ചവിട്ടി അവർ മുത്തശ്ശി കിടക്കുന്ന മുറിയിൽ എത്തി.
ഉള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ കഷായത്തിന്റെയും കുഴമ്പിന്റെയും മനം മടുപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി,
ആഹ് മുറി മുഴുവൻ കുത്തുന്ന മണം തങ്ങി നിന്നിരുന്നു.
“അമ്മെ…”
ചകിരി മെത്തയിൽ കിടക്കുന്ന ആഹ് ക്ഷീണിച്ച ശരീരത്തിനരികിൽ ഇരുന്നുകൊണ്ട് ദേവൻ വിളിച്ചു,
കണ്ണ് തുറന്ന ദേവകി ആളെ മനസ്സിലായപ്പോൾ കണ്ണ് വിടർത്തി. കൈ ഉയർത്തി ദേവന്റെ കയ്യിൽ മുറുക്കെ പിടിച്ചു.
കൂടെ ഉണ്ടെന്നു കാണിക്കാൻ എന്നവണ്ണം ദേവനും ആഹ് ചുളുങ്ങി തുടങ്ങിയ കയ്യിനെ കൈക്കുള്ളിൽ ചേർത്തു.
“മോ….മോ.. മോള്…”
കണ്ണിൽ തെളിഞ്ഞ തിളക്കവുമായി ദേവകി കണ്ണ് പായിച്ചപ്പോൾ രേവതി കനിയെ മുന്നിലേക്ക് നീക്കി നിർത്തി.
ദേവകിയുടെ കയ്യിൽ പിടിച്ചുകൊണ്ട് കനി മുഖം താഴ്ത്തി നിന്നു.
അവളുടെ കവിളിൽ ഒന്ന് തലോടിയ ദേവകിയുടെ കൺകോണിലെവിടെയോ ഒരു നനവ് പടർന്നു.
“മോനെവിടെ…”
ദേവകിയുടെ ചോദ്യം കേട്ടപ്പോൾ അത്രയും നേരം മുറിയുടെ മൂലയിൽ ഒതുങ്ങി നിന്നിരുന്ന കാർത്തിക്കിനെ ദേവൻ കണ്ണ് കാട്ടി വിളിച്ചു.
ദേവകി മെത്തപ്പുറത്തു കൈ തട്ടിയപ്പോൾ ദേവൻ കാർത്തിക്കിനെ അവിടെ ഇരുത്തി.
നിറഞ്ഞ സങ്കോചത്തോടെ ഇരുന്നിരുന്ന കാർത്തിക്കിന്റെ തോളിൽ ദേവകി കൈ വച്ചു.
അവന്റെ കവിളിൽ കൈ വച്ച് ചിരിച്ചപ്പോൾ അവന്റെ ചുണ്ടിലും പുഞ്ചിരി തിളങ്ങി.
അവനെ കൈ മാടി വിളിച്ചപ്പോൾ അവൻ ദേവകിയുടെ മുഖത്തേക്ക് ചെവിയടുപ്പിച്ചു.
“മോളുടെ കൂടെ എന്നും കാണണം…മോൻ….ഒരിക്കലും അവളെ കൈ വിടരുത്…”
വിക്കിയും ശ്വാസം വലിച്ചും എങ്ങനെയോ അത്രയും ദേവകി പറഞ്ഞൊപ്പിച്ചു.
അവന്റെ കവിളിൽ ഒരു വാത്സല്യ ചുംബനം നൽകുമ്പോൾ അവന്റെ കണ്ണും നിറഞ്ഞിരുന്നു.
********************************
പെണ്ണുങ്ങൾ എല്ലാം അടുക്കളയിലും രഘുവും ദേവനും നടുത്തളത്തിൽ ഇരുന്നു വെടിവട്ടം തുടങ്ങി,
ശ്രീജിത്തും രാഹുലും കാർത്തിക്ക് എന്നൊരാളേ ആഹ് വീട്ടിൽ ഇല്ലാതിരുന്നത് പോലെയാണ് പെരുമാറിയത്.
വീടിനുള്ളിലെ ഒറ്റപ്പെടൽ വീർപ്പ് മുട്ടിച്ചപ്പോൾ കാർത്തിക്ക് പുറത്തേക്കിറങ്ങി തറവാടിനു ചുറ്റുമുള്ള തൊടിയിലൂടെ ചുറ്റി നടന്നു വാഴയും തെങ്ങും ജാതിയും മാവും ഒക്കെ നിറഞ്ഞ തൊടി.
