മിടിപ്പ്അടിപൊളി  

“കാർത്തീ….”

പിന്നിൽ നേർത്ത് ക്ഷീണിച്ചു ദുഃഖം വെമ്പി നിൽക്കുന്ന സ്വരത്തിലെ വിളിയിൽ അവനു പിന്നിൽ എത്തിയ ആളെ മനസ്സിലായിരുന്നു.
തിരിഞ്ഞു നോക്കാതെ അവൻ ചെയ്യുന്ന കാര്യം ചെയ്തുക്കണ്ടിരുന്നു.

“കാർത്തീ….എന്നോടെന്താ നീ ഒന്നും മിണ്ടാത്തെ…
…അന്ന് കഴിഞ്ഞു ഇതുവരെ നീ എന്നോട് മിണ്ടിയിട്ടില്ല…
എനിക്ക്,…എനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല…പക്ഷെ….
പക്ഷെ…..
ന്നെ യൊന്നു മനസ്സിലാക്ക്,….
എന്നോട് പിണങ്ങി ഇരിക്കല്ലേ എനിക്ക് സഹിക്കാൻ പറ്റണില്ല….പ്ലീസ്…”

അവസാനം എത്തുമ്പോഴേക്കും കനി ഉള്ളിൽ നിന്നും പൊട്ടി പോയിരുന്നു….

“എനിക്കാരോടും പിണക്കൊന്നുമില്ല….
ചേച്ചി കരയേണ്ട… ”

അവളുടെ തോളിൽ ഒന്ന് തട്ടി കവിളിൽ തഴുകി മിഴിനീർ തുടച്ചു അവൻ പറഞ്ഞു മുന്നോട്ടു നടക്കുമ്പോഴും അവന്റെ ഉള്ളം തിരയൊഴിയാത്ത കടൽ പോലെ ആശാന്തമായിരുന്നു.

വൈകാതെ അവർ പുറപ്പെട്ടു ദേവനും രേവതിയും മുന്നിലും കനിയും കാർത്തിക്കും പിന്നിലും,

പിണക്കം മാറിയിട്ടും അവന്റെ ഉള്ളിൽ എന്തോ അസ്വസ്ഥത നിഴലിടുന്നത് മനസ്സിലാക്കിയ കനി അവന്റെ കൈ തന്റെ കയ്യാൽ മുറുക്കെ പിടിച്ചു തഴുകി കൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ തന്റെ തോളിൽ തല ചായ്ച്ചു കിടന്ന കനിയെ സുഖമായി കിടക്കാൻ എന്ന വണ്ണം അവൻ തോള് താഴ്ത്തി ഇരുന്നു കൊടുത്തു. അപ്പോഴും അവളുടെ കൈ അവന്റെ കയ്യിനെ കോർത്ത് പിടിച്ചിരുന്നു.
തറവാട്ടിൽ എത്തുമ്പോൾ സൂര്യൻ ഉച്ചിയിലെത്തിയിരുന്നു,
കാറിന്റെ ശബ്ദം കേട്ട് വീടിനു മുന്നിലേക്ക് അവരെ സ്വീകരിക്കാൻ ദേവന്റെ അനിയനും ഭാര്യയും മുറ്റത്തേക്കിറങ്ങി നിന്നു.

“വൈകിയപ്പോൾ എന്ത് പറ്റീന്നു കരുതി…”

“ഇറങ്ങാൻ തന്നെ വൈകി…പിന്നെ ഓടിയിങ്ങെത്തണ്ടേ…”

അനിയൻ രഘുവിന്റെ കൈ കവർന്നുകൊണ്ട് ദേവൻ പറഞ്ഞു.
അപ്പോഴേക്കും രഘുവിന്റെ ഭാര്യ സുകന്യ രേവതിയുടെ അടുതെത്തി ആലിംഗനം ചെയ്തിരുന്നു.

“പിള്ളേരൊക്കെ എന്ത്യെ സുകന്യേ…”

സുകന്യയെ ഒന്ന് പുണർന്നുകൊണ്ട് രേവതി ആരാഞ്ഞു.

വിമലയ്ക്കൊന്നു അമ്പലത്തിൽ പോണം എന്ന് പറഞ്ഞപ്പോൾ പിള്ളേരെയും കൂട്ടി വിട്ടു,
അന്നദാനം ഉണ്ടെന്നു തോന്നുന്നു അല്ലേൽ എത്തേണ്ട നേരം കഴിഞ്ഞു,….
കനിമോളെ… എന്തെ അവിടെ തന്നെ നിക്കണേ…വാ കുട്ടീ…”

ദേവനും രഘുവും അകത്തേക്ക് നടന്നിരുന്നു,
അപ്പോഴാണ് കാർത്തിക്കിന്റെ കയ്യിലും തൂങ്ങി നിന്നിരുന്ന കനിയെ സുകന്യ വിളിച്ചത്.
ഒരു നേർത്ത പുഞ്ചിരി അവർക്ക് നൽകിയ കനി അവനോടൊന്നു കൂടെ ചേർന്ന് കൊണ്ട് അകത്തേക്ക് അവന്റെ കയ്യും വലിച്ചു നടന്നു.

“മുന്നേ കണ്ടതിലും വാടിപോയല്ലോ കനി…നീ.”

അവളുടെ കവിളിൽ തലോടി സുകന്യ പറഞ്ഞു.

“അഡ്മിഷൻ ഒക്കെ എന്തായി ഏട്ടാ…”

ഒരു മൂലയിലെ സോഫയിൽ വീർപ്പുമുട്ടിയിരുന്ന കാർത്തിക്കിനെ നോക്കി രഘു ചോദിച്ചു.

“ഓഹ്…ടൗണിൽ തന്നെ ഉള്ള കോളേജ് ആണ് അല്പം ദൂരെയാണ് എന്നെ ഉള്ളൂ…”

“ഹ്മ്മ്…എന്നാലും ഏട്ടൻ റിട്ടയർ ചെയ്തു കഴിഞ്ഞു തൃശ്ശൂർക്ക് വന്നപ്പോൾ തറവാടിനോട് ചേർന്ന് ഒരു വീട് വെച്ചാൽ മതിയായിരുന്നു, ഇതിപ്പോൾ ഏട്ടൻ മാത്രം ദൂരെ…”

“എന്റെ രഘു…കനിക്ക് ബാങ്കിലെ ജോലിക്കും, ഇപ്പോൾ കാർത്തിക്ക് കോളേജിൽ പോവാനും ടൗൺ തന്നെ ആഹ് നല്ലതെന്ന് തോന്നി…
ഇതെത്ര വട്ടം പറഞ്ഞതാ,…”

ദേവൻ ചിരിയോടെ പറഞ്ഞപ്പോൾ രേവതി ഇടപെട്ടു.

“ഓഹ്…മതി ഏട്ടനും അനിയനും കൂടെ കഥ പറഞ്ഞത്…എപ്പോൾ വന്നാലും ഇത് തന്നെ അല്ലെ പറയാറുള്ളത്…”

രേവതി ചിരിയോടെ പറഞ്ഞു.

“അയ്യോ…വണ്ടിയിൽ കുറച്ചു പലഹാരം ഇരിപ്പുണ്ട്, എടുക്കാൻ വിട്ടു പോയി…
കാർത്തീ ഒന്ന് എടുത്തിട്ട് വാ…”

രേവതി പറഞ്ഞതുകേട്ട കാർത്തിക്ക് ഒരു അവസരം കാത്തിരുന്നത് പോലെ പുറത്തേക്ക് ഇറങ്ങി.
ഡിക്കി തുറന്നു കവറുകൾ എടുക്കുമ്പോൾ ആയിരുന്നു ഒരു ടാറ്റ സഫാരി അവനരികിൽ എത്തി നിന്നത്.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ശ്രീജിത്ത് ഇറങ്ങി ഇപ്പുറത്തു നിന്നും ദേവന്റെ അനിയത്തി വിമലയും,
രഘുവിന്റെ മൂത്ത മകനാണ് ശ്രീജിത്ത്.
പിറകിലെ ഡോർ തുറന്നു അപ്പോഴേക്കും ശ്രീജിത്തിന്റെ അനിയത്തി വിദ്യയും, തുടർന്ന് വിമലയുടെ മക്കളായ രാഹുലും നിധിയും ഇറങ്ങി.
എല്ലാവരെയും നോക്കി കാർത്തിക്ക് പുഞ്ചിരിച്ചു, എന്നാൽ ശ്രീജിത്തിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞപ്പോൾ വിമലയുടെ മുഖം ഇരുണ്ടു, മുഖത്ത് അവഞ്ജ നിറഞ്ഞു, അമ്മയുടെ പാത പിന്തുടർന്ന് രാഹുലും നിധിയും ഒന്ന് മുഖം കോട്ടി അകത്തേക്ക് പോയപ്പോൾ വിദ്യ മാത്രം അവനു നേരെ ഒരു പുഞ്ചിരി എറിഞ്ഞു. അമ്പലത്തിൽ നിന്ന് വന്നതിനാൽ ശ്രീജിത്തും രാഹുലും മുണ്ടിലും ഷർട്ടിലുമായിരുന്നു, കട്ടിയുള്ള മീശ നിറഞ്ഞ ഒത്ത പുരുഷൻ ആയ ശ്രീജിത്തും മീശ മുളച്ചു തുടങ്ങാൻ പ്രായമാവാത്ത രാഹുലും അവനെ പിന്നീട് നോക്കാതെ അകത്തേക്ക് കയറി, കരിനീല
പട്ടു പാവാടയും ബ്ലൗസും ധരിച്ച നിധിയും നീല സാരിയിൽ വിദ്യയും, വെള്ള നേര്യതുടുത്ത വിമലയും അമ്പലത്തിലെ പ്രസാദവും വഴിപാട് കഴിച്ചതിന്റെ നിവേദ്യവും കയ്യിൽ കരുതിയിരുന്നു, അവനെ ഒന്ന് നോക്കി മുഖം വലിച്ചുപിടിച്ചുകൊണ്ട് വിമല നടന്നു. അമ്മയുടെ കയ്യും പിടിച്ചു നിധിയും പിന്നാലെ കയറുമ്പോൾ, അവനെ നോക്കി നിന്ന വിദ്യയെ പോകുന്ന പോക്കിൽ ഒന്ന് നീട്ടി വിളിക്കാനും വിമല മറന്നില്ല. വിദ്യ അവനെ ഒന്ന് നോക്കി അതിവേഗം മുന്നോട്ടു പോയി,…

കാരണം അറിയില്ലെങ്കിലും ഓർമ വെച്ച നാൾ മുതൽ തറവാടിനെ ഇവിടുത്തെ ചുറ്റുപാടിനെ അവൻ അത്ര വെറുക്കാൻ കാരണം ഈ കാരണമറിയാത്ത ഒറ്റപ്പെടുത്തൽ ആയിരുന്നു.

അകത്തു നിന്ന് വന്നു കയറിയവരുടെ ചിരിയും വർത്തമാനങ്ങളും ഉറക്കെ കേൾക്കാമായിരുന്നു.
കയിൽ കരുതിയ പലഹാരങ്ങൾ എല്ലാം എടുത്തുകൊണ്ട് അകത്തേക്ക് കയറുമ്പോൾ എല്ലാവരും പരസ്പ്പരം വിശേഷങ്ങൾ പങ്കു വയ്ക്കുന്ന തിരക്കിൽ ആയിരുന്നു.
കഷ്ടപ്പെട്ടു മുഖത്ത് ചിരിയുണ്ടാക്കി വിഷമിക്കുന്ന തന്റെ ചേച്ചിയെയും അവൻ കണ്ടു.

“അമ്മ ഉണർന്നിട്ടുണ്ടാവുമോ…രഘു…വന്നിട്ട് ഒന്ന് കണ്ടില്ല…”

“സുകന്യേ…ഒന്ന് നോക്കിയിട്ട് വരൂ…”

രഘു അടുത് നിന്ന തന്റെ ഭാര്യയോട് പറഞ്ഞപ്പോൾ അവർ ഹാൾ കടന്ന് ഇടനാഴിയിലേക്ക് നടന്നു.

“ഇവൻ ഒത്ത ഒരു ചെക്കൻ ആയല്ലോ…ഇനി ഒരു പെണ്ണിനെ കണ്ടു പിടിക്കാനുള്ള നേരമായി….”

ശ്രീജിത്തിനെ നോക്കിക്കൊണ്ട് രേവതി ചിരിച്ചുകൊണ്ടു പറഞ്ഞു.

“അതോ ഇനി വിദ്യയുടെ കഴിഞ്ഞിട്ടേ ശ്രീക്ക് നോക്കുന്നുള്ളോ…”

ശ്രീജിത്ത് കല്യാണക്കാര്യം കേട്ടപ്പോൾ ഒന്ന് മുണ്ടു നേരെയിട്ട് നിവർന്നു.

“സമയം ആയി മനസ്സിൽ ആരേലും ഉണ്ടേൽ പറയട്ടെ…
ഇപ്പോഴത്തെ പിള്ളേർ അല്ലെ…”

ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആരേലും ഉണ്ടോടാ…”

രേവതിയുടെ വക ആയിരുന്നു ചോദ്യം.

“ഹ്മ്മ്….തറവാട്ടിൽ ആദ്യം നടക്കേണ്ടത് എന്റെ കനി മോളുടെ വിവാഹം ആയിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *