മിടിപ്പ് 2അടിപൊളി  

കോളേജിൽ നിന്ന് ഇറങ്ങും നേരം ബസിനടുത്തേക്ക് നടക്കും നേരം ചാറിയെത്തിയ മഴ അവനെയും ജീനയെയും ബൈക്ക് സ്റ്റാന്റിനടുത്തേക്ക് നടത്തിച്ചു.

അവളുടെ മുഖത്തേക്ക് തെറിച്ചു തുള്ളുന്ന മഴത്തുള്ളികൾ കവിളിൽ തട്ടി പറ്റിപ്പിടിച്ചിരുന്നു തിളങ്ങി. മേൽചുണ്ടിലും നുണക്കുഴിയിലും വരെ കുഞ്ഞുതുള്ളികൾ ഇടം കണ്ടെത്തുമ്പോൾ കുളിര് കോരുന്ന കാറ്റിൽ ചെറുതായി വിറച്ചു കാർമേഘം മൂടിയ ആകാശം നോക്കി നിൽക്കുക ആയിരുന്നു ജീന.

ബാഗിൽ നിന്നും കുടയെടുത്തു നിവർത്തി കാർത്തിക്ക് അവളെ നോക്കി.

“എൻട്രന്സിൽ ആക്കണോ…”

മറുപടി പറയാതെ അവൾ അവന്റെ കുടക്കീഴിൽ കയറി,
കുടയെ കബിളിപ്പിച്ചു ഒലിച്ചിറങ്ങുന്ന തുള്ളികൾ തോളിൽ മുത്തമിട്ട് തുടങ്ങിയപ്പോൾ അവന്റെ കൈക്കൊപ്പം അവളും കുടയിൽ കൈ ചേർത്ത്പിടിച്ചു, അവന്റെ തോളോട് തോൾ ഉരുമ്മി, അവനിലെ ചൂട് കൊതിച്ചിട്ടെന്നപോലെ അവൾ അവനെ ഒട്ടിച്ചേർന്നു നടന്നു.
അവളുടെ ഓരോ സ്പർശനവും കണ്ണിലെ ഭാവങ്ങളും കാർത്തിക്കിനെ മായലോകത്തു എത്തിക്കുക ആയിരുന്നു. മഴ ചുറ്റും തീർത്ത നനവിലും തണുപ്പിലും ആഹ് കുടക്കീഴിൽ ജീന അവനായി ഒരു നെരിപ്പൊടൊരുക്കിയ പോലെ ചൂട് അവർക്കിടയിൽ തങ്ങി നിന്നു, പുതുമഴയുടെ മണത്തിന് മേലെയും അവളുടെ ചെറു വിയർപ്പും മങ്ങി തുടങ്ങിയ കൊളോണിന്റെയും സുഗന്ധം അവന്റെ നാസിക വലിച്ചെടുത്തു. കുടയിൽ തന്റെ കൈക്കുമേലെ അമർന്നിരുന്ന നനുത്ത കൈ ചെറു കാറ്റടിക്കുമ്പോൾ വിറക്കുന്നത് അവൻ അറിഞ്ഞു.
ആഹ് സമയം അവൻ പോലും അറിയാതെ ആണ് അവന്റെ മറുകൈ അവളുടെ തോളിൽ ചുറ്റി അവനിലേക്ക് കുറച്ചു കൂടെ അടുപ്പിച്ചത്,
അവനെ നോക്കി പുഞ്ചിരിച്ച ജീന ആഹ് ചൂട് പറ്റി അവനിലേക്ക് ചേർന്ന് നടന്നു.

എൻട്രന്സിൽ അവളെ കാത്ത് അവളുടെ അങ്കിളിന്റെ കാർ ഉണ്ടായിരുന്നു.

അവനോടു യാത്ര പറഞ്ഞു അവൾ പോയി.
തിരികെ ബസിൽ കയറാനായി കാർത്തിയും നടന്നു.

ഇന്നലെ തങ്ങൾ പറഞ്ഞ കാര്യം ഒന്നും അവന് ഏശി കൂടി ഇല്ല എന്നുള്ള തിരിച്ചറിവിൽ ഇതെല്ലാം കണ്ട് കലി പൂണ്ട് നിൽക്കുകയായിരുന്നു അഖിലും ബാക്കി ഉള്ളവരും.

“എന്താടാ…എല്ലാം കൂടെ മുഖോം കേറ്റിപ്പിടിച്ചോണ്ട് നിക്കണേ…”

കാന്റീനിൽ നിന്ന് അങ്ങോട്ടേക്ക് ഓടി വന്നു മഴ നനഞ്ഞ മുടിയും ഷർട്ടും കുടഞ്ഞുകൊണ്ട് ജിഷ്ണു ചോദിച്ചു.

“ഓഹ് ഒന്നൂല്ല അളിയാ…ജൂനിയേഴ്സിനൊന്നും ഇപ്പോൾ പഴേ പോലെ പേടി ഒന്നും ഇല്ല….”

“അതെന്താടാ…”

“നീ ഇന്നല്ലേ സെം തുടങ്ങിയിട്ട് കയറുന്നെ…നമ്മുടെ അഖിൽ ഫസ്റ്റ് ഡേ ജൂനിയേഴ്‌സ് വന്ന അന്ന് തന്നെ ഒരു കിളിയെ നോട്ടം ഇട്ടതാ ഇപ്പോൾ അവള് അവളുടെ ക്ലാസ്സിൽ തന്നെ ഉള്ള ഒരുത്തന്റെ ഒപ്പം സെറ്റ് ആയി…”

“അയ്യേ ഇത്ര ഊള കേസിനാണോ നീയൊക്കെ ഇങ്ങനെ ബലം പിടിക്കുന്നെ…അവനെ പിടിച്ചൊന്നു വിരട്ടിയാൽ പോരെ…”

“അതൊക്കെ ചെയ്തതാടാ അവന്റെ അപ്പോഴുള്ള ഇരിപ്പും ഭാവോം കണ്ടപ്പോൾ ഏറ്റെന്ന് കരുതീതുമാ….എവിടുന്ന്…”

“ഏതാ…അവൻ…??”
പോക്കെറ്റിൽ നിന്നെടുത്ത കർച്ചീഫിൽ തല ഒന്ന് തോർത്തി ജിഷ്ണു അഖിലിനൊപ്പം നിന്നവനോട് ചോദിച്ചു.

“ദേ ആഹ് ബസിലേക്ക് നടക്കുന്നത് തന്നെ ഐറ്റം…”

“ഏതു ആഹ് കാർത്തിക്കൊ…”

“നിനക്ക് അവനെ എങ്ങനെ അറിയാം…”

അത്രയും നേരം മിണ്ടതിരുന്ന ജിഷ്ണു ആയിരുന്നു ചോദിച്ചത്.

“ഓഹ് പ്ലസ് റ്റു വിൽ ഇവനെന്റെ ജൂനിയർ ആയിരുന്നു…അവിടെ ഇട്ടു ഇവന്റെ മെക്കിട്ട് കേറൽ ആയിരുന്നു എന്റെ സ്ഥിരം പരിപാടി, ഇവന്റെ കാര്യം ഞാൻ ഇപ്പോൾ തീർത്തു തരാം നീയൊക്കെ വാ…”

സ്വപ്നസഞ്ചാരത്തിൽ തന്നെ ആയിരുന്നു കാർത്തിക്ക് ബസിൽ ഇരിക്കുമ്പോഴും.
ഓർമ വെച്ച നാൾ മുതൽ അമ്മ രേവതിയും കനിയും ഒഴികെ താൻ ഇതുവരെ ഒരു പെണ്ണുമായും അടുത്തിടപഴകിയിട്ടില്ല, അതിനു കഴിഞ്ഞിട്ടുമില്ല എന്നും വേട്ടയാടിയിരുന്ന അപകർഷതാബോധം തന്നെ ആയിരുന്നു കാരണം…ഇന്നിവിടെ ജീനയുമായുള്ള നിമിഷങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ എവിടെയൊക്കെയോ ഒരു നനവ് പടരുന്നത് അവനറിയുന്നുണ്ട്.

“മോൻ..ഒരഞ്ചു മിനിറ്റ് സ്വപ്നത്തിൽ നിന്നൊന്നിറങ്ങാവോ….”

Leave a Reply

Your email address will not be published. Required fields are marked *