മിടിപ്പ് 2അടിപൊളി  

ഏർളി സ്റ്റേജ് അബോർഷൻ, കനിയുടെ മാനസിക നില തെറ്റാൻ സാധ്യത ഉണ്ടെന്നും ആത്മഹത്യാ പ്രവണത അവളിൽ ഇപ്പൊ ഉള്ളത് കൊണ്ട് അവളെ പ്രത്യേകം ശ്രദ്ധിക്കണം എന്നും ഡോക്ടർമാർ പറഞ്ഞതോടെ . മറ്റു വഴികളില്ലാതെ ദേവൻ അധികം തിരക്കില്ലാത്ത, ഒരുൾനാടൻ ഗ്രാമത്തിലേക്ക് ട്രാൻസ്ഫർ വാങ്ങുകയും, കുടുംബത്തോടപ്പം മാറി നിൽക്കുകയും ചെയ്തു. ടീച്ചർ ആയിരുന്ന രേവതി അവരുടെ ജോലി റിസൈന്‍ ചെയ്തുകൊണ്ട് ഒരു നിമിഷം പോലും കനിയുടെ അടുക്കൽ നിന്നും മാറാതെ, കണ്ണിലെ കൃഷ്ണമണി പോലെ അവളെ കാത്തു. ആ സമയങ്ങളിൽ, രേവതിയുടെ മുഖത്തേക്ക് പോലും നോക്കാനവൾക്ക് കഴിയുമായിരുന്നില്ല. എപ്പോഴും തലകുനിച്ചുകൊണ്ട്, ഒന്നും മിണ്ടാതെയാവൽ ഒരു മുറിയിൽ തന്നെ കഴിഞ്ഞു. പലപ്പോഴും അവളുടെ ഉള്ളിൽ ജീവിതം അവസാനിപ്പിക്കാനുള്ള ചിന്തകൾ പേറുമ്പോഴും അവളുടെയുള്ളിലെ കുഞ്ഞിന്റെ നിലവിളി അമ്മയെന്ന ലോകത്തിലേറ്റവും കരുണയുള്ള വികാരം അവളെ ഉണർത്തുകയായിരുന്നു. അതവളെ പലപ്പോഴും ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നത് അവളോടുള്ള ഇഷ്ടവും മതിപ്പും പോലും കുറയാനിടയാക്കി. അവളുടെ ജീവനെ പിടിച്ചു നിർത്തുന്നത് പോലും ആ കുഞ്ഞിനോടുള്ള മനഃപൂർവമല്ലാത്ത ഇഷ്ടമാണെന്നു തിരിച്ചറിയുമ്പോഴാണ് കനി ഏറ്റവും തകർന്നത്. ഇരുട്ടിലെ ഇടനാഴിയിലെങ്ങോ നഷ്ടപെട്ട അവളുടെ കൗമാര സ്വപ്നങ്ങൾക്ക് ഇനി പിറകിലേക്ക് പോകാനാകില്ല. ആ തിരിച്ചറിവിൽ മെഴുകുപോലെ ഉരുകി ഓരോ ദിവസവും ഉറങ്ങാൻ കഴിയാതെ പലപ്പോഴും അമ്മയെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ തനിച്ചിരിക്കാനാവൾ ഇഷ്ടപ്പെട്ടു. ദേവൻ
ജോലി കഴിഞ്ഞു വന്നാലും കനിയെ കണ്ടു കഴിഞ്ഞാൽ അതുവരെ ഉണ്ടായിരുന്ന എല്ലാ ധൈര്യവും അയാൾക്ക് നഷ്ടപെടുമായിരുന്നു. ഒൻപതാം മാസത്തിൽ പ്രായത്തിനു താങ്ങാൻ കഴിയാത്ത അസഹ്യമായ വേദനയിൽ അവളൊരു ചോരകുഞ്ഞിന് ജന്മം നൽകി. അതുപക്ഷേ രേവതിയും ദേവനും അവരുടെ കുഞ്ഞാണെന്നു ലോകത്തെ വിശ്വസിപ്പിച്ചുകൊണ്ട് വളർത്താനും ആരംഭിച്ചു……

സ്നേഹത്തിന്റെ മുഖമുള്ള ആ കുഞ്ഞിനെ കനി, ആദ്യമാദ്യം കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല….തന്റെ ലോകം തന്നിൽ നിന്നും പറിച്ചെറിഞ്ഞ ഒരു സത്വമായി കണ്ടിരുന്ന ആഹ് കുഞ്ഞിന് പക്ഷെ അവളിലൊരു പ്രതീക്ഷ നിറക്കാനും കഴിഞ്ഞു. ഏതോ നിമിഷത്തിൽ അവളിലെ അമ്മ മാത്രമായ മനസ്സ് അവനെ മാറോടണക്കിയപ്പോൾ ആഹ് കുഞ്ഞിനോടുള്ള മനസ്സിലെ മഞ്ഞുരുകുന്നതിനൊപ്പം തന്റെ മുൻപിലെ ഒരു വെളിച്ചമായി ആഹ് കുഞ്ഞു പുഞ്ചിരി മാറുന്നതും അവൾ നോക്കിക്കണ്ടു. അവളുടെ പൊക്കിൾകൊടി മകനെന്ന് കാണാൻ ശ്രമിക്കുമ്പോഴും, ദേവനും രേവതിയും അതാദ്യമേ വിലക്കിയിരുന്നു. എനെന്നറിയാതെ സംഭവിച്ചതെങ്കിലും അവൾ ഒരമ്മയായതിനു ശേഷം അവളിൽ ആദ്യം മൊട്ടിട്ട പൂവിനെ തന്റെ അച്ഛനും അമ്മയും തന്നിൽ നിന്നും പറിക്കുന്നത് അവൾ നിസ്സഹായായി കണ്ടു നിന്നു. സ്വരമിടറിക്കൊണ്ട് അവൾ ഒറ്റമുറിയിൽ മകന് ജീവജലം നൽകാൻ മാത്രം വേണ്ടി ജീവിച്ചു. ദേവനും രേവതിയും അവളുടെ ഭാവിയെ ഓർത്തു കൊണ്ട് മാത്രമാണ്, അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. അതല്ലെങ്കിൽ എന്നെന്നേക്കുമായി കനി കുഞ്ഞിൻറെയൊപ്പം കഴിയുമ്പോ അവൾ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അവളെ വീണ്ടും ആ വിഷാദ യവനികയിലേക്ക് തള്ളിയിട്ടാലോ എന്ന പേടിയുമായിരുന്നിരിക്കാം.

രേവതിയുടെ മനസിലും ചില മാറ്റങ്ങൾ പ്രകടമായിരുന്നു, അവർക്കൊരു മകൻ വേണമെന്നു കനിയുടെ ജനനത്തിനു ശേഷമവർ ആഗ്രഹിച്ചിരുന്നു, കാർത്തിക്കിനെ രേവതി സ്വന്തം മകനെപ്പോലെ നെഞ്ചിൽ ഉറക്കുമ്പോ. മകൾക്ക് സംഭവിച്ച ആ ദുരന്തം അവരും അവന്റെ തിളക്കമുള്ള മിഴികൾ നോക്കി മറക്കാൻ ശ്രമിക്കുകയായിരുന്നു. ദേവനും കാർത്തിക്കിനെ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും കൊണ്ട് കൊഞ്ചിക്കുന്നത് കാണുമ്പോ കനിയുടെ അമ്മ മനം വിങ്ങുന്നുണ്ടായിരുന്നു. കാലം തെറ്റിയാണെങ്കിലും അവളുടെ ഉള്ളിൽ ആദ്യമായി പൂത്ത പൂവിനെ അവൾക്കൊന്നു തൊടാൻ പോലും രേവതി പലപ്പോഴും സമ്മതിച്ചില്ല, പയ്യെ പയ്യെ കാർത്തികിൽ നിന്നും കനി അകലനും തുടങ്ങി. ദൂരെയെങ്ങോ കേഴുന്ന വേഴാമ്പലിനെ പോലെ അവളുടെ ഉള്ളിൽ തീരാത്ത വിങ്ങലുമായാണ് ഒരുനാളും അവൻ വളരുന്നതവൾ നോക്കി കണ്ടത്. അവനോടു താനാണ് അവന്റെയമ്മയെന്നു പറയാൻ അവൾക്കനുവാദമില്ല. ദേവനും രേവതിയുമവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടിയാണു അന്നങ്ങനെ ചെയ്തതെന്ന് അവൾക്ക് പിന്നീടാണ് മനസിലായത്. പക്ഷെ കാർത്തിക്കിന്റെ മനസ്സിൽ നോവിക്കാൻ തക്കവണ്ണം ഒരു വേദന ഉണരുമ്പോ അദൃശ്യമായ ഇന്നും മുറിയാത്ത ഒരു പൊക്കിൾകൊടിയിലൂടെ അവളുടെ മനസിലേക്ക് ആ വേദനകൾ പത്തിരിട്ടയായി അരിച്ചെത്തുമായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *