മിടിപ്പ്അടിപൊളി  

കണ്മുന്നിൽ അവൻ വളരുന്ന ഓരോ നിമിഷവും, കനിയും മനസ്സിൽ മാത്രം മൂളുന്ന താരാട്ടുമായി ജീവിച്ചു. ആദ്യമായി ആ പൈതൽ കനിയെ അമ്മയെന്ന്
വിളിക്കുന്ന നിമിഷം അവൾക്ക് പ്രായം 15 വയസ് മാത്രം.
ആ മനോഹരമായ നിമിഷത്തിലേക്കെത്തിയ ശപിക്കപ്പെട്ട ഓർമകളെ അവൾ പൂർണ്ണമായും മറന്നുകൊണ്ട് അവനെ കുളിപ്പിച്ചും, കുഞ്ഞിക്കവിളിൽ മുത്തമിട്ടും, അവനെ കണ്ണെഴുതി ഒരുക്കിയുമവൾ പഴയപോലെ ജീവിതത്തിലേക്ക് വന്നു. കുഞ്ഞിന്റെ അടുത്ത് കിടക്കുമ്പോ അവൻ അവന്റെ കൈകൊണ്ട് ഉറങ്ങുന്ന കനിയുടെ കവിളിൽ തൊട്ടും തലോടിയും അവളെയുണർത്തുന്നത് അവൾ മറക്കാൻ ശ്രമിക്കുന്ന ആ വേദനകളിൽ നിന്നുമായിരുന്നു. പാതിയിൽ മുടങ്ങിപ്പോയ പഠിത്തമവൾ തുടരുമ്പോൾ….അല്ലെങ്കിൽ ക്‌ളാസിലിരിക്കുമ്പോ പോലും അവൾ അവന്റെ കൊഞ്ചിച്ചിരിയും കുറുകലും കാതോർത്തുകൊണ്ട് വീട്ടിലേക്കോടാനായി അവളിലെ അമ്മമനം വിങ്ങുന്നുണ്ടായിരുന്നു…..

ദേവനും രേവതിയും കനിയുടെ മടിയിലിരുത്തികൊണ്ട് അവനാദ്യമായി ഗുരുവായൂർ വെച്ച് ചോറൂണ് കൊടുക്കാൻ പോയതുമോർമ്മയിലേക്ക് വന്നു. കനിയുടെ കൈ വിരലിൽ അന്ന് കാർത്തിക്കിന്റെ കുഞ്ഞിപ്പല്ലുകൊണ്ട് കടിച്ചത് അവളുടെ മനസിലേക്ക് വന്നയാ നിമിഷം നിലാവിൽ ഇളം കാറ്റ് അവളുടെമുഖത്തേക്കടിച്ചു. കണ്ണീരോടെ അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. കുറുമ്പ് കാണിച്ചിട്ട് അവൻ വീടിനു ചുറ്റും ഓടികൊണ്ട് ഓരോന്ന് കണ്ണുകൊണ്ടും കൈകൊണ്ടും കാണിക്കുമ്പോ രേവതി അവനെ തല്ലാൻ കയ്യോങ്ങുന്ന നിമിഷം കനി ഓടിയെത്തി അവനെ വാരിയെടുക്കുന്ന നിമിഷങ്ങൾ…..കൗമാരകാലത് തന്നെ അമ്മയാകാൻ വിധിക്കപെട്ട അവളിലെ വികാരങ്ങൾക്ക് ഇന്നും അതുപോലെ തന്നെ മൂർച്ചയുണ്ട് ….ആർദ്രതയുണ്ട് ….

കാർത്തിക്കിന് അഞ്ചു വയസാകുമ്പോ കനിയെ ദേവനും രേവതിയും പൂർണ്ണമായും അവന്റെ ചേച്ചിയാക്കി മാറ്റുന്നതിൽ വിജയിച്ചിരുന്നു , പക്ഷെ പുറമെ അവനെ അങ്ങനെ വിശ്വസിപ്പിക്കാമെന്നാലും, കനിയുടെ ഉള്ളിൽ അവനെന്നും അവളുടെ ജീവിതത്തിന്റെ അർത്ഥമെന്തെന്നു മനസിലാക്കിത്തന്ന ജീവനല്ലേ. ഓരോ തവണ കാർത്തിക് കനിയെ “ചേച്ചീ” ന്നു വിളിക്കുമ്പോളും അവളുടെയുള്ളിൽ മറനീക്കി അവനെ ആദ്യമായി കാണുന്ന പോലെ നോക്കുന്ന അവനെ ഓമനിച്ചു മടിയിരുത്തികൊണ്ട് കൊഞ്ചിച്ചിരുന്ന അവളിലെ അമ്മ …ഇന്നും അവളുടെയുള്ളിൽ അതുപോലെയുണ്ട് …..അവനെ കൂടെയിരുത്തി പഠിപ്പിക്കുമ്പോഴും, ഒന്നിച്ചു ഉറങ്ങുമ്പോഴും അവനോടുള്ള വാത്സല്യം അവൾക്കൊരിക്കലും മറച്ചു പിടിക്കാൻ കഴിയുമായിരുന്നില്ല.

ഈ സത്യം ദേവന്റെ അനിയനും ഭാര്യയ്ക്കും അനിയത്തിക്കും മാത്രമേ ഇപ്പൊ ജീവിച്ചരിക്കുന്നവരിൽ അറിയാവൂ. അനിയത്തിക്ക് മാത്രം ഈയവസ്‌ഥയെ പുച്ഛത്തോടെ കാണുന്നത് കനിയത്ര കാര്യമാക്കിയില്ലെങ്കിലും കാർത്തിക്കിനെ ചെറുപ്പം മുതൽ, അവർ അവരുടെ മക്കളിൽ നിന്നും അകറ്റിയിരുന്നു. അതെല്ലാം കനിയുടെ ഉള്ളിൽ ഇത്രയും നാളും പൊള്ളുന്ന നോവായിരുന്നു.

10 വയസുമുതലാണ് കാർത്തിക്കിന് അവന്റെ പിതൃത്വത്തെ കുറിച്ച് സംശയം ഉടലെടുത്തു തുടങ്ങിയത്, അതൊരിക്കലും ദേവന്റെ സ്നേഹക്കുറവുകൊണ്ടായിരുന്നില്ല. നിഷ്കളങ്കമായി അവനിടക്ക് ദേവനോട് പോലും ചോദിക്കുമായിരുന്നു,

“അച്ഛന്റെ കണ്ണിലെന്തെ എന്റെ പോലെ നീലനിറമില്ലാത്തതെന്ന്..”.

അവന്റെയുള്ളിലെ ഈ അരക്ഷിതാവസ്ഥയാകട്ടെ കനിയുടെ മനസിലേക്ക് പൂർണ്ണമായും മറന്ന ആ ഓർമ്മകളിലേക്കുള്ള വെട്ടമായിരുന്നു. ഓർമ്മത്താളുകളിൽ മറഞ്ഞ ആ മുഖം, വീണ്ടുമോർക്കാൻ, ഒട്ടും മനഃപൂര്വമല്ലാതെ കാർത്തിക്കിന്റെ ചോദ്യങ്ങൾക്ക് കഴിയുകയും ചെയ്തു. രേവതി പക്ഷെ അതിനു മറുപടി പറഞ്ഞത്

“കുഞ്ഞായിരിക്കുമ്പോ കണ്ണിനു ഒരു ഓപ്പറേഷൻ ചെയ്തതിനാലാകാം”
എന്നതായിരുന്നു, പത്തു വയസുകാരനെ വിശ്വസിപ്പിക്കാൻ അത് ധാരാളമായിരുന്നെങ്കിലും
വളർന്നു കൗമാരക്കാരനായപ്പോളും അവന്റെയുള്ളിലീ സംശയം വിടാതെയുണ്ടായിരുന്നു. പക്ഷെ അവനത് ആരോടും ചോദിക്കാനും ധൈര്യമില്ലായിരുന്നു. അന്തർമുഖനായിരുന്ന അവനു സ്‌കൂളിലും മറ്റും നേരിടേണ്ടി വന്ന കളിയാക്കലുകൾ, അവൻ അതെല്ലാം തന്നെ കനിയോട് വന്നു പറയുമ്പോ. അവളുടെ മനസിൽ ഉള്ള സത്യം അവനോട് പറയാനാകുമാകാതെ നീറി നീറിയണവൾ ഇത്രനാളും കഴിഞ്ഞത്…

ഇന്നിപ്പോൾ കാർത്തിക്കിന്റെ മനസിലെ നോവിക്കാൻ ശക്തിയുള്ള മറ്റൊരു വികാരം അവനെ കീഴ്പെടുത്തിരിയ്ക്കുന്നു……

കാർത്തിക് അത്രയും സ്നേഹിക്കുന്ന പെൺകുട്ടിയിൽ നിന്നു തന്നെ അവന്റെ ഇളം നെഞ്ചിനെ മുറിവേൽപ്പിക്കാൻ പോന്ന പ്രണയഭംഗം അവൻ നേരിട്ടാൽ ?? ആ ഭയം അവളെ വേട്ടയാടിക്കൊണ്ടിരുന്നു. അവളുടെ കണ്ണിലൂടെ വെള്ളം ഒഴുകുമ്പോ അവളോർത്തു ……അവന്റെ മുന്നോട്ടുള്ള ജീവിതത്തിനും അവന്റെ കണ്ണീരു തുടയ്ക്കാനും ആജീവനാന്തം അവനൊരു തണലായി മാറാനുമാണിക്കാലമത്രയും താനാഗ്രഹിച്ചത്, വിവാഹം പോലും വേണ്ടെന്നു വെച്ചത് പോലും, അവനെ പിരിയാനുള്ള ഭയമാണെന്നും സ്വയം തിരിച്ചറിഞ്ഞു….

അവനെയെങ്ങനെ തനിക്ക് സംരക്ഷിക്കാനാകും, അവനിലേക്ക് തന്നെ ഓടിയൊളിക്കാൻ ശ്രമിക്കുന്ന അന്തർമുഖനായ ആ കുട്ടിയിൽ നിന്നും മാറ്റങ്ങൾക്ക് വേണ്ടി താനൊരുപാട് ശ്രമിച്ചിരുന്നു. പല വഴികളും കൗൺസിലിംഗും എല്ലാം, പക്ഷെ …. അവന്റെയുള്ളിൽ മുളപൊട്ടിയ ആർദ്രമായ ഈ പ്രണയം, അതവനെ പതിയെ പതിയെ മാറ്റിയെടുക്കുന്നുണ്ട്. പാടില്ല, അവനൊരിക്കലും അവന്റെയുള്ളിലെ ഈ …പ്രണയം നഷ്ടപ്പെടാൻ പാടില്ല. പക്ഷെ …..ആ കുട്ടി? അവൾക്ക് കാർത്തികിനോട് അങ്ങനെയൊന്നും തന്നെ ഇല്ല, എങ്കിൽ പോലും ജീവനുതുല്യം അവനെ പ്രണയിച്ചുകൊണ്ടു അവനുചുറ്റും സ്വപ്നങ്ങൾ കൊണ്ട് മൂടാൻ മറ്റൊരു പെൺകുട്ടിക്ക് കഴിഞ്ഞാൽ ???

***********************

രാവിലെ കോച്ചുന്ന തണുപ്പിനൊപ്പം പുതപ്പ് വലിച്ചു മുഖത്തേക്കിട്ടുകൊണ്ട് കാർത്തിക് പൂച്ചമയക്കത്തെ ഉറക്കമായി മാറ്റാൻ ശ്രമിക്കുമ്പോ മുറിയിലെ അറ്റാച്ഡ് ബാത്രൂം ഷവറിൽ നിന്നും വെള്ളം ചീറ്റി കൊണ്ടിരുന്നു. ആ ചെറു ചാറ്റൽ ശബ്ദം കേട്ട് ചേച്ചിയിന്നിവിടെയാണോ കുളിക്കുന്നതെന്ന വനോർത്തു.

ഒരു മയക്കം കഴിഞ്ഞിട്ട് വള കിലുങ്ങുന്ന ശബ്ദം വീണ്ടും കേട്ടപ്പോൾ, ജനാലയിൽ നിന്നും വരുന്ന വെളിച്ചം പതിയെ താഴ്ന്ന പുതപ്പിന്റെ ഉള്ളിലെ നീല കണ്ണുകളിലേക്ക് പതിച്ചു. കർട്ടൻ ഏന്തി വലിഞ്ഞുകൊണ്ട് മൂടിയിട്ട് കാർത്തിക് തിരിഞ്ഞു കിടക്കാൻ നേരം, വയലറ്റ് പൂക്കൾ ഉള്ള സാരിയിൽ വിരിച്ചിട്ട മുടിയുമായി കനി കണ്ണിൽ കരിയെഴുതുന്നത് കണ്ടു.

“നേരത്തെ ഉണർന്നോ …..നീ”

കനി ചിരിച്ചുകൊണ്ട് കാർത്തിക്കിനോട് ചോദിച്ചു. അവൻ കൈ ഒതുക്കി വെച്ചുകൊണ്ട് ബെഡിലേക്ക് പതിയെ ചാരിയിരുന്നു. കനിയുടെ നനവാർന്ന മുടിയിലെ വെള്ളം തറയിലേക്ക് അല്പപാല്പമായി ഇറ്റുന്നുണ്ടായിരുന്നു. ഇന്നൊരു പ്രത്യേക വാസനയും അവളുടെ മേനിയിൽ നിന്നും അവൻ ശ്വാസമെടുക്കുമ്പോ അറിഞ്ഞു.
അവളെ ആദ്യമായി കാണുന്ന പോലെ കാർത്തിക് നോക്കുമ്പോ, കനിയും കണ്ണുകൊണ്ട് എന്താന്ന് ചോദിച്ചു. കനി ആദ്യമായിട്ടാണ് ഇത്രയും ചേർച്ചയുള്ള ഒരു സാരിയുടുക്കുന്നത് പോലെയാണ് കാർത്തിക്കിന് തോന്നിയത്. ശെരിയാണ് സ്വയം ഒരുങ്ങാൻ ഒരു താല്പര്യവും കാണിക്കാത്ത പെൺകുട്ടിയാണ് ചേച്ചിയെന്ന് അമ്മ പറയാറുണ്ട്, പലപ്പോഴും അതിന്റെ പേരിൽ ചേച്ചിയോട് സംസാരിക്കുന്നതും കാർത്തിക്ക് കേട്ടതോർത്തു.
“എന്താടാ നോക്കുന്നെ ….”

Leave a Reply

Your email address will not be published. Required fields are marked *