വിധുമുഖി 1

“എന്റെ പൊന്നു മോനെ, ഇത്രയൊക്കെ ഇവിടെ നടന്നിട്ടും ഞാനൊന്നും അറിഞ്ഞില്ലാലോ, ശെയ്! ഹല്ലാ; എന്നിട്ട് നിനക്കാ കാന്താരിയെ കണ്ടുപിടിക്കാൻ ഇതുവരെ പറ്റിയില്ലെന്നാണോ പറയുന്നേ ?”

എന്റെ വീട്ടിലെ തന്നെ മുകൾ നിലയിലെ മുറിയിൽ ബെഡിലേക്ക് ചാരിയിരുന്നുകൊണ്ട്, ബാൽക്കണിയിലേക്ക് ഞാൻ നോക്കുമ്പോ ഈയിടെ വെച്ചു പിടിപ്പിച്ച Exotic Rose Papageno ഇളം കാറ്റിൽ ഇടയ്ക്കിടെ എന്നെയൊന്നു തല ചരിച്ചു നോക്കുന്ന പോലെയെനിക്ക് തോന്നി. കാന്താരിയെ കണ്ടുപിടിക്കണ്ടേ എന്നിപ്പോളെന്നോട് ചോദിച്ചത് സണ്ണിയാണ്. അവൻ എന്റെ വീട്ടിലേക്ക് കുറച്ചു മുൻപ് വന്നതേയുള്ളു. റെജിൻ ഏകദേശം ഒരു മണിക്കൂറിൽ കൂടുതലായി വന്നിട്ട്. സണ്ണി എന്റെ ക്‌ളാസ് മേറ്റും റെജിനെന്റെ ജൂനിയറുമാണ്.

“അല്ലേലും എന്നെ പറഞ്ഞാ മതിലോ, സണ്ണീ… ? ദേ നിക്കുന്നത് കണ്ടില്ലേ, CID പാച്ചുവാണെന്നും പറഞ്ഞിട്ടൊരുത്തൻ, നിനക്ക് തന്ന സമയം തീർന്നു റെജിനെ. കാര്യങ്ങളെ അവിയല് പോലെ ആക്കി തരാൻ നീ മിടുക്കനെന്നു ഞാനിപ്പോഴാണ് മനസിലാക്കിയത്, അവളിന്നു വൈകീട്ടെന്നെ വിളിച്ചപ്പോൾ, സംസാരിക്കുന്ന കൂട്ടത്തിൽ എന്നോട് ഒരു സംശയം പോലെ പറഞ്ഞു ചിരിക്കുകയും ചെയ്തു!!! ഗേൾസ് ഹോസ്റ്റലിന്റെ മുന്നിൽ കിടന്നു കറങ്ങിയാൽ….CID ക്കു പെൺപിള്ളേർടെ കയ്യീന്ന് അടി കിട്ടും ന്ന്..”

“ഇനി ഏതെങ്കിലും ആമ്പിള്ളേര് പ്രാങ്ക് പോലെ ഒപ്പിക്കുന്ന പണി ആണെങ്കിലോ… മാത്യു!” റെജിന്റെ പ്ലിങ്ങിയ ചിരിയുടെയുള്ള സംശയം കേട്ടതും എനിക്ക് പെരുത്ത് വന്നു.

“ഹേ, അതൊന്നും അല്ലേടാ …. റെജിനെ, നമ്മളെ അങ്ങനെ പണി തരാനും മാത്രം, കോളേജിൽ ആർക്കാണ് ധൈര്യം! സെക്കൻഡ് ഇയറിൽ ഞങ്ങൾ ഹോസ്റ്റലിൽ കേറി തല്ലുണ്ടാക്കിയത് അറിഞ്ഞ ആരേലുമീപ്പണി ചെയ്യുമോ?!” റെജിനോട് സണ്ണി അങ്ങനെ പറയുമ്പോ അവൻ മുറിയിലെ മൂലയിൽ വെച്ചിരിക്കുന്ന സ്റ്റഡി ടേബിളിന്റെ മുകളിൽ കയറി ഇരുന്നുകൊണ്ട് ചുവരിലെ ബോബ് മാർലിയുടെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി. ഒപ്പം പെട്ടെന്നെന്തോ മനസ്സിൽ സ്ട്രൈക്ക് ചെയ്തു കിട്ടിയപോലെ അവനെന്നോട് പറയാൻ തുടങ്ങി.

“ടാ മാത്യു. ഇതിപ്പോ വല്യ പണിയൊന്നുമല്ലെടാ, അവളെ നമുക്ക് കണ്ടുപിടിക്കാം….. പിന്നെ നീ പറഞ്ഞില്ലേ, നിന്നെ അവൾ ഇടക്ക് ലാൻഡ്‌ലൈനിൽ വിളിക്കാറുണ്ടെന്നു. നീ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചോ…”
“അതൊക്കെ ഞാൻ നോക്കിയതാണ്, സണ്ണീ, പിന്നെ അതൊരു ബൂത്തിലെ നമ്പർ ആയിരുന്നെടാ…” ഞാനത് പറയുമ്പോ അവനും ഊഹിച്ചു കാണും കോളജിന്റെ മുന്നിൽ മൂന്നാലു ടെലിഫോൺ ബൂത്ത് ഉള്ളകാര്യം.

“എന്തായാലുമവൾക്ക് സ്വന്തമായി സെൽഫോൺ ഉണ്ടാകുമായിരിക്കും, ഇതിപ്പോ നിന്നെ മനഃപൂർവം ചുറ്റിക്കാൻ വേണ്ടിയാണ് എന്നുള്ളത് അത് ക്ലിയർ ആണ്.” സണ്ണിയത് പറഞ്ഞുകൊണ്ട് എന്നോട് സിഗരറ്റ് വാങ്ങിച്ചു കത്തിക്കാൻ തുടങ്ങി.

“ഇനി അവൾക്ക് നിന്റെ മുന്നിൽ വരാൻ ഇനി പേടിയാണെങ്കിലോ? ഇങ്ങനെയുമുണ്ടോ പെൺകുട്ടികൾ!!!!!” അല്ല! നീയത്രക്ക് നല്ല പേരാണല്ലോ ….കോളജിൽ ഉണ്ടാക്കിയേക്കുന്നെ!!!” റെജിനെകൊണ്ട് പറ്റില്ല എന്നുള്ള ബോധം അവനെ ശെരിക്കും പ്രാന്തനാക്കി എന്ന് വെണം പറയാൻ. ഞാൻ അവനെ നോക്കുമ്പോ അവൻ ഓരോന്ന് വയിട്ടലച്ചുകൊണ്ടിരുന്നു. പെണ്ണ് ജയിക്കുന്ന ഇടത്തു ആണിന് ഈഗോ ഹേർട്ട് ആകുകയും ചെയുന്നത് സാധാരണയാണല്ലോ!

“ഇനിയിപ്പോ ഒരാഴ്ച്ച കൂടിയേ ഉള്ളു നമ്മടെ ക്‌ളാസ് കഴിയാൻ!!!”

“ഒന്ന് മിണ്ടാതിരിക്ക് റെജിനെ….”

സണ്ണിയും ക്ഷമ നശിച്ചു കൊണ്ടത് പറയുമ്പോ എനിക്കുമെന്തോ റെജിനെ പിടിച്ചു ഒന്ന് പൊട്ടിക്കാൻ തോന്നി, അവനെ ഞാനൊന്നു കലിപ്പിച്ചു നോക്കിയതും അവൻ തല താഴ്ത്തി.

“അത്, വിട്; ബിയർ ഇരിപ്പുണ്ടോ മാത്യു….?!” സണ്ണി റെജിനെ നോക്കി ചിരിച്ചു കൊണ്ട് സമാധാനിപ്പിച്ചു. സണ്ണിയോട് ഞാനനുഭവിക്കുന്ന ഈ മാനസിക വിഷമം, ഞാനിതു നേരത്തെ പറയാത്തതിൽ എനിക്കൊരു വിഷമം ഉള്ളിൽ തോന്നാതിരുന്നില്ല, പക്ഷെ അവൻ ഈയിടെ സപ്പ്ളി എക്സാം ഒക്കെ ആയി തിരക്കായിരുന്നല്ലോ! അവനോടു പറഞ്ഞാൽ അവനെന്നെ എല്ലാം വിട്ടെറിഞ്ഞു ഹെല്പ് ചെയുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *