ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

അവിടെ, പട്ടുപരവതാനിയിൽ കല്യാണ വേഷത്തിൽ ഹരി ഇരിക്കുന്നു. അവന്റെ മുഖത്ത് പഴയ ആ വിഷാദമോ തകർച്ചയോ ഇല്ല. പകരം വല്ലാത്തൊരു തേജസ്സും ശാന്തതയും. അവന് അരികിലായി, ചുവന്ന പട്ടുസാരിയിൽ സർവ്വാഭരണ വിഭൂഷിതയായി വേണി ഇരിക്കുന്നു. തലകുനിച്ചു നിൽക്കുന്ന അവളുടെ മുഖത്ത് നാണം വിരിഞ്ഞുനിൽക്കുന്നത് അച്ചുവിന് കാണാമായിരുന്നു.

പൂജാരി മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലിക്കൊണ്ടിരുന്നു. ഹരിയുടെയും വേണിയുടെയും കൈകൾ ചേർത്ത് വെച്ച് പൂജാരി പൂജകൾ നടത്തുന്നു. അച്ചുവിന്റെ ഹൃദയം വേഗത്തിൽ മിടിച്ചു. താൻ ഒരിക്കൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ ആ സ്നേഹത്തിന്റെ സിംഹാസനത്തിൽ ഇന്ന് മറ്റൊരു പെണ്ണ് ഇരിക്കുന്നു. തന്റെ ഭാഗ്യത്തെ താൻ തന്നെ തല്ലിക്കെടുത്തിയതിന്റെ ഓർമ്മകൾ അവളെ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു.

പെട്ടെന്ന് പൂജാരി മഞ്ഞച്ചരടിൽ കോർത്ത ആ സ്വർണ്ണ താലി എടുത്തു. അത് ഹരിയുടെ കയ്യിലേക്ക് കൊടുത്തു. പന്തലിൽ നിശബ്ദത തളംകെട്ടി. മംഗളവാദ്യങ്ങൾ ഉച്ചത്തിൽ മുഴങ്ങിത്തുടങ്ങി. ഹരി തന്റെ രണ്ട് കൈകൾ കൊണ്ടും ആ താലി ചരട് പിടിച്ചു വേണിയുടെ കഴുത്തിലേക്ക് അടുത്തു.

അച്ചു ശ്വാസമടക്കി നോക്കി നിന്നു. ഹരി ആ ചരട് വേണിയുടെ കഴുത്തിന് പിന്നിലൂടെ കൊണ്ടുപോയി ഒന്നാമത്തെ കെട്ടിട്ടു. രണ്ടാമത്തെയും മൂന്നാമത്തെയും കെട്ടുകൾ ഇടുമ്പോൾ അവൻ അത്യന്തം ഗൗരവത്തോടെയും പ്രണയത്തോടെയുമായിരുന്നു അത് ചെയ്തത്. ഓരോ കെട്ടും വീഴുമ്പോഴും അർച്ചന എന്ന പേര് അവന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി മാഞ്ഞുപോകുകയായിരുന്നു.

താലി കെട്ടി കഴിഞ്ഞതും അവിടെ കൂടിയിരുന്നവർ ആശംസിച്ചുകൊണ്ട് കയ്യിലിരുന്ന അക്ഷതവും പൂക്കളും ആ നവദമ്പതികൾക്ക് മേൽ വർഷിച്ചു. ആകാശത്തുനിന്നും വീഴുന്ന മഞ്ഞയും ചുവപ്പും നിറത്തിലുള്ള പൂവിതളുകൾക്കിടയിൽ ഹരിയും വേണിയും ചിരിച്ചുകൊണ്ട് ഇരിക്കുന്നു. ആ പൂമഴയിൽ നനഞ്ഞു നിൽക്കുന്ന അവരെ നോക്കി, ആളുകൾക്കിടയിൽ അച്ചു ഒരു മരവിച്ച കാഴ്ചയായി നിന്നു. തനിക്കും ഇത്തരമൊരു ശുഭപര്യവസാനം ഉണ്ടാവേണ്ടതായിരുന്നു എന്ന തിരിച്ചറിവ് ആ നിമിഷം അവളെ തകർത്തു കളഞ്ഞു.

മംഗല്യസൂത്രം വേണിയുടെ കഴുത്തിൽ മുറുകിയതോടെ പന്തലിൽ ആവേശം അണപൊട്ടി. നാദസ്വരത്തിന്റെ അകമ്പടിയോടെ ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി മണ്ഡപത്തിലേക്ക് കയറാൻ തുടങ്ങി.

 

ഹരിയുടെയും വേണിയുടെയും അരികിൽ നിന്ന് ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ക്യാമറയുടെ ഫ്ലാഷ് ലൈറ്റുകൾ മാറി മാറി തെളിയുമ്പോൾ, നവദമ്പതികളുടെ മുഖത്ത് ഒരു പുതിയ ജീവിതത്തിന്റെ പ്രഭയുണ്ടായിരുന്നു.

 

അല്പം മാറി, പന്തലിന്റെ ഒരു മൂലയിലുള്ള കസേരയിൽ അച്ചു ഇതെല്ലാം നോക്കി തനിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിൽ അവൾ ഒരു നിഴൽ പോലെയായിരുന്നു. രണ്ട് വർഷം മുൻപ് ഇതേ ഹരിയുടെ നെഞ്ചിൽ തല ചായ്ച്ചു നിന്നവളാണ് താൻ. ഇന്ന് അതേ ഹരി മറ്റൊരു പെണ്ണിന്റെ കൈപിടിച്ചു നിൽക്കുന്നത് കാണുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ പടരുന്നുണ്ടെങ്കിലും, താൻ ചെയ്ത തെറ്റുകൾക്ക് ഇതിലും വലിയൊരു ശിക്ഷ കിട്ടാനില്ലെന്ന് അവൾക്ക് തോന്നി.

 

 

പതുക്കെ ശ്വാസമെടുത്ത് അവൾ ധൈര്യം സംഭരിച്ചു. തന്റെ ഉള്ളിലെ സങ്കടം മുഖത്ത് കാണിക്കാതെ അവൾ കസേരയിൽ നിന്നും എഴുന്നേറ്റു. പതുക്കെ മണ്ഡപത്തിന്റെ പടവുകൾ കയറി അവൾ അവർക്ക് മുന്നിലെത്തി.

 

അച്ചുവിനെ കണ്ടതും വേണിയുടെ മുഖത്ത് ഒരു നിമിഷം ആശ്ചര്യം മിന്നിമറഞ്ഞു. ഹരിയുടെ കണ്ണുകളിൽ ഒരു നിമിഷം പഴയ ഓർമ്മകൾ വന്നുപോയെങ്കിലും, അവൻ പെട്ടെന്ന് സ്വയം നിയന്ത്രിച്ചു. പഴയ പകയോ ദേഷ്യമോ ഒന്നും ആ മുഖത്തില്ല. ശാന്തമായ ഭാവത്തോടെ ഹരി അവളെ നോക്കി.

 

 

“ഹാപ്പി മാരീഡ് ലൈഫ്… രണ്ടാൾക്കും എന്റെ വക ചെറിയൊരു ഗിഫ്റ്റ്.”

 

ഇടറിയ ശബ്ദം മറച്ചുപിടിച്ചുകൊണ്ട് അച്ചു പറഞ്ഞു.

അവൾ തന്റെ കയ്യിലുണ്ടായിരുന്ന സമ്മാനപ്പൊതി ഹരിയുടെ നേർക്ക് നീട്ടി. ഹരി അത് പുഞ്ചിരിയോടെ വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *