ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 10 14

 

“താങ്ക്സ് അച്ചു… വന്നതിൽ ഒത്തിരി സന്തോഷം.”

 

അവന്റെ വാക്കുകളിൽ ഒരു ആതിഥേയന്റെ മാന്യത മാത്രമായിരുന്നു ഉണ്ടായിരുന്നത്. വേണിയും അവളെയൊന്ന് നോക്കി വിനയത്തോടെ പുഞ്ചിരിച്ചു.

ഫോട്ടോഗ്രാഫർ വിളിച്ചപ്പോൾ അവൾ അവർക്ക് നടുവിൽ നിന്ന് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു. രണ്ട് വർഷം മുൻപ് ആയിരുന്നെങ്കിൽ ആ ഫോട്ടോയിൽ അവൾ ഹരിയുടെ പകുതിയായി നിൽക്കേണ്ടതായിരുന്നു.

 

പക്ഷേ ഇന്ന് അവൾ വെറുമൊരു അതിഥി മാത്രം.

ഫോട്ടോ എടുത്തു കഴിഞ്ഞതും അച്ചു വേഗം സ്റ്റേജിൽ നിന്നും താഴേക്ക് ഇറങ്ങി. ആ പടവുകൾ ഇറങ്ങുമ്പോൾ അവളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. പന്തലിലെ തിരക്കുകൾക്കിടയിൽ നിന്ന് അവൾ വീണ്ടും ആ കതിർമണ്ഡപത്തിലേക്ക് ഒന്ന് നോക്കി.

അവിടെ, വേണി ഹരിയുടെ കാതിൽ എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ഹരിയുടെ മുഖത്തും ആ പ്രിയപ്പെട്ട ചിരി വിടർന്നു. പെട്ടെന്ന് വേണി തന്റെ കൈകൾ ഹരിയുടെ കൈപ്പത്തിക്കുള്ളിലേക്ക് അധികാരത്തോടെ ചേർത്തുപിടിച്ചു. തന്റെ ഭർത്താവിനെ ലോകത്തിന് മുന്നിൽ ചേർത്തുപിടിക്കുന്ന ഒരു ഭാര്യയുടെ ആ അവകാശം… ആ സ്പർശനത്തിൽ അടങ്ങിയിരുന്ന സ്നേഹം അച്ചുവിനെ വല്ലാതെ വേദനിപ്പിച്ചു.

 

താൻ ഒരു കാലത്ത് ചവിട്ടിമെതിച്ച ആ സ്നേഹം ഇന്നിതാ മറ്റൊരുവൾ പൂർണ്ണമനസ്സോടെ ഏറ്റുവാങ്ങിയിരിക്കുന്നു. ഹരിയുടെ കൈകളിൽ ഇനി തനിക്ക് ഒരിക്കലും സ്ഥാനമില്ലെന്ന് ആ സ്പർശനം അവളെ ഓർമ്മിപ്പിച്ചു.

 

അവിടെ ഇനിയും നിന്നാൽ തന്റെ നിയന്ത്രണം വിടുമെന്ന് അവൾക്ക് തോന്നി. ആ പന്തലിലെ മംഗളഘോഷങ്ങളും സന്തോഷവും അവൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. കണ്ണുകളിൽ നിറഞ്ഞൊഴുകാൻ വെമ്പുന്ന കണ്ണീർ തുടച്ചുകൊണ്ട്, ആരുടെയും ശ്രദ്ധയിൽപ്പെടാതെ അച്ചു പതുക്കെ ആ തറവാട്ടു വീടിന്റെ മുറ്റം വിട്ടിറങ്ങി. പിന്നിൽ നാദസ്വരം കനത്തു മുഴങ്ങിക്കൊണ്ടിരുന്നു—പുതിയൊരു ജീവിതത്തിന്റെ തുടക്കമായി, തന്റെ പ്രണയത്തിന്റെ അന്ത്യമായി.

_______________________

 

 

വിവാഹത്തിന്റെ തിരക്കുകളും വൈകുന്നേരത്തെ റിസപ്ഷനും എല്ലാം കഴിഞ്ഞ് രാത്രിയുടെ നിശബ്ദത തറവാടിനെ പൊതിഞ്ഞു തുടങ്ങിയിരുന്നു. ബന്ധുക്കളെല്ലാം ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നു.

 

കൈയ്യിൽ ഒരു ഗ്ലാസ് പാലുമായി വേണി പതുക്കെ ഇടനാഴിയിലൂടെ നടന്നു. വെള്ളപ്പട്ടുസാരിയും അതിന് ചേരുന്ന ചുവന്ന ബ്ലൗസുമായിരുന്നു അവളുടെ വേഷം. നനഞ്ഞ മുടിയിഴകളിൽ നിന്നും മുല്ലപ്പൂക്കളുടെ ഗന്ധം വായുവിൽ പടരുന്നുണ്ടായിരുന്നു. ഓരോ ചുവടുവെക്കുമ്പോഴും അവളുടെ ഉള്ളിൽ വല്ലാത്തൊരു പരിഭ്രമവും അതേസമയം ഒരു മധുരമായ പ്രതീക്ഷയും നിറഞ്ഞുനിന്നു.

 

മുറിക്ക് മുന്നിലെത്തിയപ്പോൾ അവൾ ഒന്ന് നിന്നു. ഹൃദയമിടിപ്പ് വേഗത്തിലാവുന്നത് അവൾ അറിഞ്ഞു. പതുക്കെ വാതിൽ തള്ളിത്തുറന്ന് അവൾ അകത്തേക്ക് കയറി.

മുറി കണ്ടതും അവൾ ഒന്നു വിസ്മയിച്ചു. ആ പഴയ മുറി ഇന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം മാറിയിരിക്കുന്നു. കട്ടിലിന് ചുറ്റും തൂവെള്ള നിറത്തിലുള്ള കർട്ടനുകൾ തൂക്കിയിട്ടുണ്ട്. കട്ടിലിൽ പനിനീർ പൂവിതളുകൾ വിതറി ഒരു ഹൃദയത്തിന്റെ ആകൃതിയുണ്ടാക്കി വെച്ചിരിക്കുന്നു. മുറിയുടെ ഓരോ മൂലയിലും സുഗന്ധം പരത്തുന്ന മെഴുകുതിരികൾ കത്തുന്നുണ്ടായിരുന്നു. ആ മങ്ങിയ വെളിച്ചത്തിൽ മുറിക്ക് വല്ലാത്തൊരു വശ്യത തോന്നി.

 

ചുവരുകളിൽ പുതിയ പെയിന്റിംഗുകളും മേശപ്പുറത്ത് വിദേശത്തുനിന്ന് ഹരി കൊണ്ടുവന്ന ചെറിയ അലങ്കാരവസ്തുക്കളും ഭംഗിയായി നിരത്തിയിട്ടുണ്ട്. ജനാലയിലൂടെ വരുന്ന തണുത്ത കാറ്റിൽ മുല്ലപ്പൂമാലകൾ ആടി ഉലയുന്നുണ്ടായിരുന്നു.

 

 

പക്ഷേ, മുറിയിലാകെ കണ്ണോടിച്ചിട്ടും അവൾക്ക് ഹരിയെ കാണാൻ കഴിഞ്ഞില്ല.

 

 

“ഏട്ടാ…” അവൾ പതുക്കെ വിളിച്ചു. മറുപടിയൊന്നുമില്ല.

 

 

ബാത്ത്റൂമിൽ ആണോ എന്ന് നോക്കിയപ്പോൾ അവിടെയും വെളിച്ചമില്ല. പാലിന്റെ ഗ്ലാസ്സ് മേശപ്പുറത്ത് വെച്ച് അവൾ ചുറ്റും നോക്കി. ഹരി തന്നെ കളിപ്പിക്കാൻ വേണ്ടി എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ എന്ന് അവൾ സംശയിച്ചു. പതുക്കെ തിരിഞ്ഞ് വാതിലടക്കാൻ ഒരുങ്ങിയതും, വാതിലിന് പുറകിൽ ഒളിച്ചുനിന്നിരുന്ന ഹരി പെട്ടെന്ന് മുന്നിലേക്ക് വന്ന് അവളെ പുറകിലൂടെ കെട്ടിപ്പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *