**അമ്മാവൻ:** “എന്റെ പേടിയും വിഷമവും അതൊന്നുമല്ല മോനെ… വേണിയാണ്.
ആയ കാലത്ത് നിനക്ക് വേണ്ടി ആലോചിച്ചതല്ലേ അവളെ. എന്നിട്ട് അന്നവൾ വേറെ ഒരാളുടെ കൂടെ ഇറങ്ങി പോയി. അന്ന് കാണിച്ച ബുദ്ധിമോശം ഇന്നും അനുഭവിക്കുകയാണ് അവൾ.”
അമ്മാവൻ പറയുന്നത് കേട്ടപ്പോൾ എന്റെ ചിന്തകൾ പഴയ കാലത്തേക്ക് പോയി. പണ്ട് മുതിർന്നവർ ഞങ്ങളുടെ കല്യാണം ആലോചിക്കുമ്പോൾ എനിക്കും വേണിക്കും പരസ്പരം പ്രണയമുണ്ടായിരുന്നില്ല എന്നത് സത്യമാണ്. അതുകൊണ്ടായിരിക്കാം അവൾ അന്ന് മറ്റൊരാളുടെ കൂടെ പോയത്. പക്ഷേ ഇന്ന് കാലം എല്ലാം മാറ്റിയിരിക്കുന്നു.
**ഹരി:** “എന്റെ അമ്മാവാ അതൊക്കെ കഴിഞ്ഞ കാര്യമല്ലേ… വിട്ടുകളാ.”
**അമ്മാവൻ:** “പക്ഷെ ഇപ്പോളും എന്റെ മോളിങ്ങനെ ഈ വീട്ടിൽ തന്നെ അല്ലെ കുഞ്ഞേ… രണ്ടാം വിവാഹത്തെ കുറിച്ച് മിണ്ടിയാൽ ആ പെണ്ണിന് കലിയാ. ഇന്നലെ തന്നെ നല്ലൊരു ചെറുക്കനെ കൊണ്ടുവന്ന് പെണ്ണ് കാണിച്ചതാ. അതും അവൾക്ക് വേണ്ടെന്ന്. ഇവളെന്താ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല ഹരി മോനെ… ഇങ്ങനെ എന്റെ തണലിൽ എത്ര കാലം ജീവിക്കും അവൾ? ഞാൻ പോയാൽ വഴിയാധാരം ആവില്ലേ എന്റെ കുഞ്ഞ്…”
പറഞ്ഞു തീർത്തപ്പോൾ അമ്മാവന്റെ കണ്ണുകൾ നിറഞ്ഞു. അദ്ദേഹം തോർത്തുകൊണ്ട് കണ്ണ് തുടച്ചു. മകളെക്കുറിച്ചുള്ള ആ പിതാവിന്റെ ആകുലതകൾ എന്റെ നെഞ്ചിൽ തറച്ചു.
**ഹരി:** “അങ്ങനെ ഉള്ള പേടിയൊന്നും അമ്മാവന് വേണ്ടാ. അവളെ ഒരിക്കലും വഴിയാധാരം ആക്കാൻ ഞാൻ സമ്മതിക്കില്ല. പിന്നെ വേണിയുടെ കല്യാണം അല്ലെ… അത് അമ്മാവൻ ഉടനെ കാണും… ഇതെന്റെ വാക്ക്.”
എന്റെ ഉറച്ച വാക്കുകൾ കേട്ടപ്പോൾ അമ്മാവൻ ഒന്ന് അമ്പരന്നു, പിന്നെ ഒരു ആശ്വാസച്ചിരി ചിരിച്ചു.
**അമ്മാവൻ:** “ഇതുപോലെ ഒക്കെ കേൾക്കുമ്പോളാ മോനെ ഒരു ആശ്വാസം. അർച്ചന മോളു ഇനിയും ഇങ്ങോട്ടൊന്നും വന്നില്ലല്ലോ… ഞങ്ങളെ കാണാൻ ഇഷ്ടക്കേട് ഉണ്ടാവും അല്ലെ…?”
അർച്ചനയുടെ പേര് കേട്ടപ്പോൾ എന്റെ ഉള്ളിൽ വെറുപ്പ് ഇരച്ചു കയറി. ടിവിയിൽ കണ്ട ആ കാഴ്ചകൾ വീണ്ടും കൺമുന്നിൽ തെളിഞ്ഞു.
**ഹരി:** “അർച്ചന മോൾക്ക് ഇഷ്ടക്കേട് ഉണ്ടെങ്കിൽ തന്നെ എന്താ. എനിക്ക് നിങ്ങളെ കാണാൻ അല്ലെ ഇഷ്ട്ടം… അമ്മാവാ… എനിക്ക് അമ്മാവനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…”
**അമ്മാവൻ:** “എന്താ മോനെ…”
**ഹരി:** “ഇപ്പോൾ പറഞ്ഞാൽ അത് ശരിയാവില്ല അമ്മാവാ… ഇന്നല്ലെങ്കിൽ നാളെ അമ്മാവൻ അത് അറിയും… അന്നെന്റെ കൂടെ ഉണ്ടാവണം… എന്നെ കൈവിടരുത് എന്നൊരു അപേക്ഷയെ ഉള്ളൂ എനിക്ക്.”
എന്റെ ശബ്ദം അറിയാതെ ഇടറി. എന്റെ ഉള്ളിലെ ആ ഭാരം അമ്മാവൻ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.
**അമ്മാവൻ:** “എന്താ മോനെ… നിന്നെ ഞങ്ങളെങ്ങനെ കൈ വിടും? മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ നിനക്ക്? എന്തുണ്ടെങ്കിലും അമ്മാവൻ കൂട്ടിനുണ്ട് മോനെ…”
അമ്മാവൻ എന്റെ തോളിൽ കൈ വെച്ചു. ആ സ്പർശനത്തിന് വലിയൊരു കരുത്തുണ്ടായിരുന്നു. അർച്ചനയുമായുള്ള ബന്ധം തകർന്ന് വേണിയെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിക്കുമ്പോൾ അമ്മാവൻ കൂടെയുണ്ടാകുമെന്ന ഉറപ്പ് എനിക്ക് വലിയൊരു സമാധാനമായി.
പിന്നീടുള്ള സമയം ആ തറവാടിന്റെ സ്നേഹത്തിൽ ഞാൻ അലിഞ്ഞുചേർന്നു. വേണിയും അമ്മായിയും വെച്ചുവിളമ്പിയ വിഭവങ്ങൾ ആവോളം കഴിച്ചു. വേണിയുമായി സംസാരിക്കാൻ അധികം അവസരം കിട്ടിയില്ലെങ്കിലും, അമ്മാവന്റെയും അമ്മായിയുടെയും കണ്ണുവെട്ടിച്ച് ഞങ്ങൾ കൈമാറിയ നോട്ടങ്ങളിൽ ഒരു ലോകം മുഴുവൻ ഉണ്ടായിരുന്നു.
വൈകുന്നേരം 6 മണിയായി. ഉമ്മറത്ത് ഒരു വണ്ടിയുടെ ഹോൺ ശബ്ദം കേട്ടു. ടോണി തന്റെ കാറുമായി എത്തിയിരിക്കുന്നു. എന്റെ യാത്രയ്ക്കുള്ള സമയമായി. ബാഗുമായി ഞാൻ പുറത്തേക്ക് ഇറങ്ങി.
