നിധിയുടെ കാവൽക്കാരൻ – 17 92അടിപൊളി 

 

“””അത്രയും നാൾ ഞാൻ ഒരു സ്വപ്നലോകത്തായിരുന്നോ…. നീ ആ സ്വാനത്തിലുള്ളിലേ വെറും അദ്ധ്യായം മാത്രമായിരുന്നോ എന്ന ചിന്തകളെല്ലാം എന്റെ തലയിൽ കവിഞ്ഞുക്കൂടി…

 

പക്ഷേ, പിന്നീട് മറ്റുള്ളവരുടെ അനുഭവങ്ങൾ കൂടി കേട്ടപ്പോൾ എനിക്ക് മനസ്സിലായി, അതൊരു സ്വപ്നമല്ലായിരുന്നു… ഞങ്ങൾ എല്ലാവരും ഏതോ ഒരു ലൂപ്പിൽ അകപ്പെട്ടിരിക്കുകയാണെന്ന്…”

 

“കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഒന്നും സംഭവിക്കാത്തത് പോലെ നീ വീണ്ടും വന്നു. പഴയത് പോലെ എന്നോട് സംസാരിക്കാനും ഇടപഴകാനും നീ ശ്രമിച്ചു.

 

പക്ഷേ ഇത്തവണ എനിക്ക് പേടിയായിരുന്നു… ഞാൻ കാരണം വീണ്ടും നിനക്ക് ജീവൻ നഷ്ടപ്പെടുമോ എന്നുള്ള ഭയം. അതുകൊണ്ട് പുതിയ ലൂപ്പിൽ, മനഃപൂർവ്വം ഞാൻ നിന്നിൽ നിന്നും അകലം പാലിച്ചു. നിന്നെ കാണുമ്പോൾ മുഖം തിരിച്ചു നടന്നു.

 

നിന്നെ അകറ്റി നിർത്തുമ്പോഴെല്ലാം എന്റെ ഉള്ളിൽ അതുവരെ അനുഭവിക്കാത്ത ഒരുതരം പിടച്ചിലായിരുന്നു.

 

നിന്നെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞാൻ നിന്നെ വേദനിപ്പിച്ചത്.”

 

 

“പക്ഷേ, എന്നെ ശരിക്കും ഞെട്ടിച്ചത് അതൊന്നുമല്ല… നിധിയുടെ മാറ്റമായിരുന്നു.

കഴിഞ്ഞ ജന്മത്തിൽ നിന്നെ വെറുത്തിരുന്ന, നിന്നെ ഉപദ്രവിച്ചിരുന്ന നിധി… ഇത്തവണ നീ വന്നപ്പോൾ മുതൽ നിന്നോട് അങ്ങേയറ്റം സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി!

 

ആദ്യം ഞാൻ കരുതിയത്, നിന്റെ മരണം എന്നെ എത്രത്തോളം തളർത്തിയിരുന്നു എന്ന് അവൾക്കറിയാവുന്നത്കൊണ്ടായിരിക്കും എന്നാണ്, ഞാൻ വീണ്ടും ആ അവസ്ഥയിലൂടെ പോവാതിരിക്കാൻ എന്നേ സമാധാനിപ്പിക്കാൻ അവൾ അഭിനയിക്കുകയാണെന്നാണ്.

 

എന്നാൽ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് മനസ്സിലായി, അത് വെറും അഭിനയമല്ലെന്ന്.”

 

അവൾ ഒരു ദീർഘശ്വാസം വിട്ടു.

 

“”ഓരോ ദിവസവും നിന്റെ വിശേഷങ്ങൾ അവൾ എന്നോട് ഇങ്ങോട്ട് പറഞ്ഞുതരാൻ തുടങ്ങി. അതിനെല്ലാം അവൾക്ക് വല്ലാത്തൊരു ആവേശമായിരുന്നു. പഴയ നിധിയായിരുന്നില്ല അവൾ… ആ പുതിയ ലൂപ്പിൽ അവളാകെ മാറിയിരുന്നു.

 

ഒരുപക്ഷേ, നിന്റെ സാമീപ്യം നൽകുന്ന സുരക്ഷിതത്വം അവളും തിരിച്ചറിഞ്ഞിട്ടുണ്ടാകണം. മറ്റുള്ളവർക്ക് നീ എങ്ങനെയാണെന്ന് എനിക്കറിയില്ല ദേവാ, പക്ഷേ വെറുമൊരു ജന്മമല്ല നീ…എല്ലാവരെയും നിന്നിലേക്ക് ആകർഷിക്കാനുള്ളൊരു കഴിവ് നിനക്കുണ്ട്….

ആ ആകർഷണവലയത്തിൽ അവളും എന്നെപോലെ വീണുപോയിട്ടുണ്ടാവാം…”

 

അവളുടെ വാക്കുകളിൽ ചെറിയൊരു ഇടർച്ച വന്നു.

 

“പക്ഷേ സത്യം പറഞ്ഞാൽ… അവൾ നിന്നോട് അടുക്കുന്നത് കാണുമ്പോൾ, നിനക്ക് ചുറ്റും അവൾ സന്തോഷത്തോടെ നടക്കുന്നത് കാണുമ്പോൾ… ഉള്ളിന്റെയുള്ളിൽ എനിക്കൊരു വേദന തോന്നിയിരുന്നു.

 

എനിക്ക് മാത്രം അവകാശപ്പെട്ട എന്തോ ഒന്ന് കൺമുന്നിലൂടെ വഴുതിപ്പോകുന്നതുപോലൊരു വേദന..

 

വല്ലാത്തൊരു ദേഷ്യവും സങ്കടവും എല്ലാം കൂടി എന്നെ വീർപ്പുമുട്ടിച്ചു. പക്ഷേ… ഞാനതെല്ലാം ഉള്ളിലൊതുക്കി. പുറമെ ചിരിച്ചുകൊണ്ട്, ഉള്ളിൽ ഞാൻ നീറുകയായിരുന്നു…”

 

“എന്റെ ഉള്ളിലെ ആ നീറ്റൽ മാറും മുൻപേ… നിന്റെ സ്വഭാവം വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. നിനക്ക് വെറുതെയിരിക്കാൻ കഴിയില്ലല്ലോ ദേവാ… നിന്റെ ആ അന്വേഷണബുദ്ധി നിന്നെ വീണ്ടും ആപത്തിലേക്ക് നയിച്ചു.

 

എങ്ങനെയൊക്കെയോ നീ ആ മലയുടെയും ഞങ്ങളുടെയും രഹസ്യങ്ങൾ ചികഞ്ഞെടുത്തു. അത്രയും നാൾ ഞാൻ മൂടിവെച്ച സത്യങ്ങൾ… നിധിയുടെ ഉള്ളിലെ അമാനുഷികമായ ആ ശക്തി… എല്ലാം നീ കണ്ടെത്തി.”

 

അവളുടെ ശബ്ദത്തിൽ നേരിയ കോപം കലർന്നു.

 

“പക്ഷേ, അതെല്ലാം കണ്ടെത്തിയിട്ടും നീ അത് എന്നോട് പറയാൻ തയ്യാറായില്ല. എന്നെ ഒഴിവാക്കി, നീ സച്ചിനെയും രാഹുലിനെയും കൂട്ടുപിടിച്ചു.

ആ മലയുടെ രഹസ്യം തേടിപ്പോകാൻ നിങ്ങൾ മൂന്നുപേരും തീരുമാനിച്ചു. ഞാനോ നിധിയോ ഇതൊന്നുമറിയാതെ ഇരിക്കുമ്പോൾ, ഒരു രാത്രി… നിങ്ങൾ മൂന്നുപേരും ആ ഗുഹയുടെ ഉള്ളിലേക്ക് പോയി.ഇതെല്ലാം ഞങ്ങൾ അറിയുന്നത് പിറ്റേ ദിവസം രാഹുൽ എഴുതി വച്ച കത്തിൽ നിന്നുമായിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *