ആമി ഒരു ദീർഘശ്വാസം വിട്ടു.
“പിന്നീട്… നിങ്ങൾ തിരിച്ചു വന്നില്ല. ആ ഗുഹയുടെ കറുത്ത വായക്കുള്ളിലേക്ക് നിങ്ങൾ അപ്രത്യക്ഷരായി.
മൂന്നുപേരെയും കാണാതായപ്പോൾ എനിക്ക് സഹിക്കാനായില്ല. സങ്കടം കൊണ്ട് ഞാൻ തളർന്നുപോയി. പക്ഷേ… നിധി അങ്ങനെയല്ലായിരുന്നു.
നിങ്ങളുടെ ആ തിരോധാനം അവളെ വല്ലാതെ വേദനിപ്പിച്ചു എന്നുള്ളത് സത്യം.
പക്ഷേ എന്നെപ്പോലെ ഒരു മൂലയിലിരുന്ന് കരയാൻ അവൾ തയ്യാറായില്ല. അവളുടെ സങ്കടം വാശിയായി മാറുകയായിരുന്നു.
“അവൾക്ക് ഉറപ്പായിരുന്നു, നിങ്ങളെ ആ മല വിഴുങ്ങിയതാണെന്ന്. അതുകൊണ്ട്, ആ മലയുടെ രഹസ്യം തേടി അവൾ തനിയെ ഇറങ്ങിത്തിരിച്ചു.
ഞാൻ പേടിച്ചു നിന്നപ്പോൾ, അവൾ ധൈര്യത്തോടെ ആ ഗുഹയുടെ ഉള്ളിലേക്കും കാട്ടിലേക്കും ഇടക്കിടക്ക് പോയിക്കൊണ്ടിരുന്നു. നിങ്ങളെ തിരികെ കൊണ്ടുവരാൻ എന്തെങ്കിലും വഴി ആ ഇരുട്ടിൽ ഉണ്ടാകുമെന്ന് അവൾ വിശ്വസിച്ചു…”
പക്ഷേ അവൾക്കെന്നല്ല ആർക്കും ഒന്നും കണ്ടുപിടിക്കാനായില്ല….
അങ്ങനെയിരിക്കെ ഒരു രാത്രികൂടി കടന്നുപോയി…
ശേഷം കണ്ണ് തുറന്നപ്പോൾ, സമയചക്രം വീണ്ടും തിരിഞ്ഞിരുന്നു. നടന്നതെല്ലാം ഒരു സ്വപ്നം പോലെ മാഞ്ഞുപോയി.
ഞങ്ങൾ വീണ്ടും… ആ ഗുഹയുടെ മുന്നിൽ, പഴയ ആ ദിവസത്തിൽ തിരിച്ചെത്തിയിരുന്നു….”
“പിന്നീട് വന്ന ലൂപ്പുകളിൽ കാര്യങ്ങൾ പഴയതുപോലെ തന്നെ തുടർന്നു,
പക്ഷേ ഞങ്ങളുടെ മനസ്സുകൾ മാറിയിരുന്നു.
ഈ സമയത്തിന്റെ കുരുക്കിൽ നിന്ന് മോചനമില്ലെന്ന തിരിച്ചറിവ് എനിക്കും നിധിക്കും ഒരുപോലെ ഉണ്ടായി.
എന്ത് ചെയ്താലും, എത്ര കരഞ്ഞാലും, അവസാനം എല്ലാം മാഞ്ഞുപോകും. ഈ നിമിഷം മാത്രമാണ് സത്യം. പിന്നെന്തിന് നമ്മൾ ഇഷ്ടങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലണം?
ശരിയാണ്, തെറ്റാണ് എന്ന ചിന്തകൾക്ക് അവിടെ പ്രസക്തിയില്ലായിരുന്നു ദേവാ.
കാരണം ഞങ്ങളുടെ ഈ ലോകത്ത് ‘നാളെ’ എന്നത് ഒരു മിഥ്യ മാത്രമായിരുന്നല്ലോ.””
“ആദ്യം എനിക്കും നിധിക്കും ഇടയിൽ നീ ഒരു തർക്കവിഷയമായിരുന്നു. നിന്നെച്ചൊല്ലി ഞങ്ങൾക്കിടയിൽ വാശിയേറിയ വഴക്കുകൾ ഉണ്ടായി.
നിന്നെ പങ്കുവെക്കാൻ ഞങ്ങളിൽ ആരും തയ്യാറല്ലായിരുന്നു. പക്ഷേ, ആ വഴക്കുകൾക്കും വാശികൾക്കും ഒടുവിൽ ഞങ്ങൾ ഒരു സത്യം മനസ്സിലാക്കി… ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത് നിന്നെയാണ്. നീയില്ലാതെ ഞങ്ങൾക്ക് രണ്ടുപേർക്കും ജീവിക്കാൻ കഴിയില്ല.”
ആമി ഒരു നിമിഷം നിർത്തി, ആ പഴയ ദിനങ്ങളെ ഓർത്തെടുത്തു.
“അങ്ങനെയാണ് ആ തീരുമാനം ഞങ്ങൾ എടുത്തത്. പരസ്പര സമ്മതത്തോടെ, നിന്നെ ഞങ്ങൾ രണ്ടുപേരും സ്നേഹിക്കാൻ തുടങ്ങി.
നിധിയുടെയും ആമിയുടെയും ദേവയായി നീ മാറി.
ശാരീരികമായും മാനസികമായും ഞങ്ങൾ നിന്നിൽ അലിഞ്ഞുചേർന്നു. അതിൽ ഒളിച്ചുകളികൾ ഇല്ലായിരുന്നു. ലജ്ജയോ കുറ്റബോധമോ ഇല്ലായിരുന്നു. വരാനിരിക്കുന്ന മരണത്തെക്കുറിച്ചോ, ഓർമ്മകളെക്കുറിച്ചോ ഉള്ള ഭയം മറക്കാൻ ഞങ്ങൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു അത്.
ആ രാത്രികളിൽ… നമ്മൾ മൂന്നുപേരും ഒന്നാകുമ്പോൾ, പുറത്തെ ലോകം ഞങ്ങൾക്ക് അന്യമായിരുന്നു. ഞങ്ങളുടെ പ്രണയത്തിനും കാമത്തിനും ഇടയിൽ മറ്റൊന്നിനും സ്ഥാനമുണ്ടായിരുന്നില്ല. ഞങ്ങളുടെ എല്ലാം ഞങ്ങൾ നിനക്ക് മുൻപിൽ സമർപ്പിച്ചു. കാരണം, ആ നിമിഷങ്ങളിലെ സുഖവും സാന്ത്വനവും മാത്രമായിരുന്നു ഞങ്ങളുടെ ഏക യാഥാർത്ഥ്യം.”
അവളുടെ ശബ്ദം കുറച്ചുകൂടി ഗൗരവമായി.
“പക്ഷേ ദേവാ… ഞങ്ങൾ നിന്നെ പ്രണയം കൊണ്ട് വരിഞ്ഞുമുറുക്കുമ്പോഴും, ഈ സുഖലോലുപാതയിൽ നമ്മൾ മുഴുകുമ്പോഴും… സത്യം നിന്നെ തേടി വന്നുകൊണ്ടേയിരുന്നു.
ഞങ്ങൾ കരുതി നിന്നെ ഞങ്ങളുടെ സ്നേഹം കൊണ്ട് തളച്ചിടാമെന്ന്. ഞങ്ങളുടെ ശരീരത്തിന്റെ ചൂടിൽ, ആ ലഹരിയിൽ നിന്റെ അന്വേഷണ ത്വരയെ മരവിപ്പിക്കാമെന്ന്.
പക്ഷേ, നീ വ്യത്യസ്തനായിരുന്നു.
ഞങ്ങളുടെ കൂടെ കിടക്കുമ്പോഴും, നിന്റെ മനസ്സ് ആ ഗുഹയുടെ രഹസ്യങ്ങളെ തേടി അലയുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല.
