കൈവിരലുകൾ വിറയ്ക്കുന്നത് ഞാൻ അറിഞ്ഞു. ഇരുട്ട് എന്നെ വിഴുങ്ങാൻ വായ പിളർന്നു നിൽക്കുന്നതുപോലെ…
”ദേവാ…”
പിന്നിൽ നിന്നും തോളിൽ മൃദുവായൊരു സ്പർശനം.
ഞെട്ടിത്തിരിയുന്നതിനിടയിൽ, കൺതടത്തിൽ കെട്ടിനിന്നിരുന്ന ഒരു തുള്ളി കണ്ണുനീർ എന്റെ നിയന്ത്രണമില്ലാതെ പുറത്തേക്ക് തെറിച്ചു വീണു.
അത് കാറ്റിൽ എങ്ങോ മാഞ്ഞുപോയി.
തിരിഞ്ഞു നോക്കിയപ്പോൾ ആമിയാണ്.
അവളുടെ കൈകളിൽ രണ്ട് പേപ്പർ ഗ്ലാസ്സുകളിലായി ആവി പറക്കുന്ന ചായ.
ട്രെയിനിന്റെ മങ്ങിയ വെളിച്ചത്തിൽ അവളുടെ മുഖത്ത് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
എന്റെ കലങ്ങിയ കണ്ണുകൾ കണ്ടിട്ടാവാം, അവളൊന്നു മടിച്ചു. എങ്കിലും, ഒന്നും ചോദിക്കാതെ ഒരു ഗ്ലാസ്സ് അവൾ എനിക്ക് നേരേ നീട്ടി.
യാന്ത്രികമെന്നോണം ഞാനത് വാങ്ങി.
ചൂടുള്ള ആ ഗ്ലാസ്സ് ഉള്ളംകൈയിൽ തട്ടിയപ്പോൾ വല്ലാത്തൊരു ആശ്വാസം മനസ്സിന് തോന്നി.
”ഒന്നു നീങ്ങി ഇരിക്കാമോ…?”
അവൾ ചോദിച്ചു.
ഞാൻ പതിയെ ഒരു വശത്തേക്ക് ഒതുങ്ങിയിരുന്ന് അവൾക്ക് സ്ഥലമൊരുക്കി.
ഒട്ടും മടിക്കാതെ അവൾ എന്റെ അരികിലായി, ആ വാതിൽപ്പടിയിൽ വന്നിരുന്നു.
പുറത്ത് ഇരുട്ട് കനക്കുകയാണ്…
ട്രെയിനിന്റെ ഇരമ്പലും, ചക്രങ്ങൾ പാളത്തിൽ ഉരസുന്ന ശബ്ദവും മാത്രം.
കാറ്റ് ഞങ്ങളുടെ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു.
കുറച്ചുനേരം ഞങ്ങൾക്ക് ഇടയിൽ മൗനം തളംകെട്ടി നിന്നു. ആ മൗനത്തിന് പോലുമൊരു ആഴമുണ്ടായിരുന്നു.
കയ്യിലിരുന്ന ചായയിൽ നിന്നും ഒരുകവിൾ മോന്തിക്കൊണ്ട് അവൾ ദൂരേക്ക് നോക്കി സംസാരിച്ചു തുടങ്ങി.
”ദേവാ… നിനക്കറിയാമോ, വർഷങ്ങൾക്ക് മുൻപ്, ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോളാണ് ഞാനും എന്റെ ഫാമിലിയും ഇന്ദ്രനീലത്തിലേക്ക് ആദ്യമായി വന്നത്….”
അവളുടെ ശബ്ദം കാറ്റിൽ അലിഞ്ഞു ചേർന്നു. പഴയ ഓർമ്മകളുടെ പുസ്തകം തുറക്കുകയായിരുന്നു അവൾ.
””അന്ന് ഞാനൊരു അന്തർമുഖിയായിരുന്നു. ആരോടും മിണ്ടാത്ത, സ്വന്തം ലോകത്ത് മാത്രം ഒതുങ്ങി കൂടുന്ന ഒരു പ്രകൃതം.
എനിക്ക് കൂട്ടുകാരെന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും മിണ്ടാൻ വന്നാൽ തന്നെ ഞാൻ ഒഴിഞ്ഞുമാറും. ഒറ്റയ്ക്കിരിക്കാനായിരുന്നു എനിക്കിഷ്ടം.””
അവൾ ഒന്ന് നിർത്തി, ചുണ്ടിൽ നേരിയൊരു പുഞ്ചിരി വിരിഞ്ഞു.
”അപ്പോഴാണ് ഞാൻ നിധിയെ കാണുന്നത്. എന്നെപ്പോലെ തന്നെ ഒരു കൊച്ചു കുട്ടി. പക്ഷേ സ്വഭാവത്തിൽ എനിക്ക് നേരെ ഓപ്പോസിറ്റ്.
വായടക്കാതെ സംസാരിക്കുന്ന, ആരെയും കൂസാത്ത, നല്ല തന്റേടമുള്ള ഒരു പെൺകുട്ടി.
കണ്ടമാത്രയിൽ തന്നെ എല്ലാവരുമായി കൂട്ടുകൂടാൻ അവൾക്കൊരു പ്രത്യേക കഴിവുണ്ടായിരുന്നു.”
ആമിയുടെ കണ്ണുകളിൽ ഇപ്പോൾ ഒരു തിളക്കമുണ്ട്.
“””അവൾ അന്നൊരു ദിവസം എന്റെ അടുത്തേക്ക് വന്നു, കൂട്ടു കൂടാൻ. പക്ഷേ പതിവുപോലെ ഞാൻ അവളെയും ഒഴിവാക്കി.
എന്റെ മൗനം കൊണ്ടും അവഗണന കൊണ്ടും ഞാൻ അവളിൽ നിന്നും അകലാൻ ശ്രമിച്ചു.
പക്ഷേ… ഞാൻ എത്രത്തോളം അവളെ തള്ളിമാറ്റാൻ ശ്രമിച്ചോ, അത്രത്തോളം വാശിയോടെ അവൾ എന്റെ അടുത്തേക്ക് വന്നുകൊണ്ടേയിരുന്നു.””””
ആമി എന്റെ മുഖത്തേക്ക് നോക്കി.
“”ഞങ്ങൾ എവിടെയൊക്കെ വെച്ച് പിരിഞ്ഞാലും, വീണ്ടും കണ്ടുമുട്ടിക്കൊണ്ടേയിരിക്കും. ഒടുവിൽ എനിക്ക് തോൽക്കേണ്ടി വന്നു. അല്ല, അവളെന്നെ തോൽപ്പിച്ചു എന്ന് പറയുന്നതാവും ശരി.
പതിയെ പതിയെ ഞാൻ പോലുമറിയാതെ അവൾ എന്റെ ശീലമായി മാറി. പിന്നീട് എപ്പോഴോ അതൊരു ആത്മബന്ധത്തിനും മുകളിലേക്ക് വളർന്നു.””
അവൾ ആകാശത്തേക്ക് നോക്കി, അവിടെ എവിടെയോ നിധിയുടെ മുഖം കാണുന്നതുപോലെ.
“””ഞാനൊരു നിഴലായിരുന്നു ദേവാ, വെളിച്ചത്തെ ആശ്രയിക്കുന്ന നിഴൽ. അവളായിരുന്നു ആ വെളിച്ചം.
എനിക്ക് വേണ്ടി സംസാരിച്ചിരുന്നത് അവളായിരുന്നു. ഞാൻ പറയാൻ ആഗ്രഹിച്ചതും, പക്ഷേ തൊണ്ടയിൽ കുരുങ്ങിപ്പോയതുമായ വാക്കുകൾക്ക് ശബ്ദം നൽകിയത് അവളാണ്.
