”നിങ്ങളുടെ ഈ കഥാപ്രസംഗം ഇതുവരെ കഴിഞ്ഞില്ലേ…?”
ഞങ്ങൾ രണ്ടുപേരും ഒരേ സമയം തിരിഞ്ഞു നോക്കി….
ചാരി നിന്ന് വശ്യമായ ഒരു ചിരിയോടെ ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയാണ് നിധി!
എന്നെയും ആമിയെയും മാറി മാറി നോക്കിയ ശേഷം, ആമിയുടെ നേരെ കൈ ചൂണ്ടി അവൾ പറഞ്ഞു:
”നീ ഇങ്ങനെ ഇവനേം കെട്ടിപ്പിടിച്ച് ഇരുന്നോ… അവിടെ ആ രാഹുൽ നിന്റെ ദോശയൊക്കെ തിന്ന് തീർത്തു മോളേ…”
അതും പറഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു.
ആമിയുടെ മുഖത്തെ അന്ധാളിപ്പ് കണ്ട് ഞാനും അറിയാതെ ചിരിച്ചുപോയി….
“അയ്യോ…! എന്റെ ദോശ!”
അതുകേട്ടതും സ്പ്രിംഗ് അഴിച്ചുവിട്ടത് പോലെ ആമി നിലത്തു നിന്നും ചാടിയെഴുന്നേറ്റു.
പിന്നെ ഒന്നും നോക്കിയില്ല, “അവനേ ഇന്ന് ഞാൻ കൊല്ലും…” എന്നും പറഞ്ഞ് കമ്പാർട്ട്മെന്റിനുള്ളിലേക്ക് അവൾ ഒരൊറ്റ ഓട്ടമായിരുന്നു.
വാലിൽ തീപിടിച്ചതുപോലെയുള്ള അവളുടെ ആ പോക്ക് കണ്ട് എനിക്കും നിധിക്കും ചിരി അടക്കാനായില്ല. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു.
ചിരിയൊതുക്കി നിധി എനിക്ക് നേരെ കൈനീട്ടി.
അവളുടെ കണ്ണുകളിലെ കുസൃതി എനിക്കും പകർന്നു കിട്ടിയിരുന്നു. ഒരു പുഞ്ചിരിയോടെ ഞാൻ ആ കൈകളിൽ പിടിച്ചെഴുന്നേറ്റു.
ഇനി അവിടെ നടക്കാൻ പോകുന്ന പുകിലുകൾ കാണാനായി, അവളുടെ കൈപിടിച്ച് ഞാനും ഉള്ളിലേക്ക് നടന്നു….
ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടത്, കിളിപോയത് പോലെ അന്തം വിട്ട് നിൽക്കുന്ന ആമിയെയാണ്.
അവളുടെ നോട്ടം സീറ്റിൽ ചിതറിക്കിടക്കുന്ന കാലിയായ പൊതികളിലേക്കും അവശിഷ്ടങ്ങളിലേക്കും തറഞ്ഞുനിൽക്കുകയായിരുന്നു.
ബാക്കിയുള്ളവരൊക്കെ ഒരു യുദ്ധം ജയിച്ച ക്ഷീണത്തിൽ, തിന്നു മതിവരാതെ കൈവിരലുകൾ നുണഞ്ഞും, നിറഞ്ഞ വയറിൽ തഴുകിയും ഇരിക്കുകയാണ്.
“ആമി… നന്ദിയുണ്ട് ട്ടാ… ഫുഡ് ഒരു രക്ഷയുമുണ്ടായിരുന്നില്ല! സത്യമായിട്ടും നിനക്ക് ഞങ്ങൾ മാറ്റി വെച്ചതായിരുന്നു… പക്ഷേ ഈ ചെറ്റ അതും കൂടി എടുത്തു വിഴുങ്ങി!”
ആ നിശബ്ദത ഭേദിച്ചുകൊണ്ട് കൃതിക രാഹുലിനെ ചൂണ്ടി ആമിയോട് പറഞ്ഞു….
കൃതിക പറഞ്ഞത് കേട്ടതും ആമി രാഹുലിനെ ഒന്ന് കനപ്പിച്ചു നോക്കി. അവളുടെ കണ്ണുകളിൽ തീപ്പൊരി ചിതറുന്നുണ്ടായിരുന്നു.
എന്നാൽ അതൊന്നും വകവെക്കാതെ, രാഹുൽ സംതൃപ്തിയോടെ വലിയൊരു ഏമ്പക്കം വിട്ടു. “ഹാവൂ…”
ആ ശബ്ദം കൂടി കേട്ടതോടെ ആമിക്ക് കലിയിളകി. അവൾ അവനെ എറിയാൻ പാകത്തിന് എന്തെങ്കിലും കിട്ടുമോ എന്ന് ചുറ്റും പരതി.
അവളുടെ ഉദ്ദേശം കൃത്യമായി മനസ്സിലായ കൃതിക, ചിരിയോടെ കയ്യിലിരുന്ന നിറയെ വെള്ളമുള്ള ഒരു കുപ്പി അവൾക്ക് നേരെ എറിഞ്ഞു കൊടുത്തു.
“ഇന്നാ… പിടിച്ചോ!”
ഒരു പടയാളിക്ക് ആയുധം കിട്ടിയ ആവേശത്തോടെ ആമി ആ കുപ്പി വായുവിൽ പിടിച്ചെടുത്തു. ശേഷം രാഹുലിന് നേരെ തിരിഞ്ഞു.
ആമിയുടെ കയ്യിലെ ആ ആയുധം കണ്ടതും രാഹുലിന്റെ കണ്ണ് തള്ളി. അവൻ പേടിച്ചുകൊണ്ട് “അരുതേ… വേണ്ട…” എന്ന രീതിയിൽ കൈകൾ വീശി കാണിച്ചു.
പക്ഷേ ആമി വിടാൻ ഭാവമില്ലായിരുന്നു.
“നീ എന്നെ എന്തൊക്കെ പറഞ്ഞതാടാ തെണ്ടി… എന്നിട്ടിപ്പോ എന്റെ ദോശ കൂടി കട്ട്ത്തിന്നാൻ നാണമില്ലേടാ നിനക്ക്…?”
പറഞ്ഞുകഴിഞ്ഞതും ആമി ആ കുപ്പി സർവ്വ ശക്തിയുമെടുത്ത് അവന് നേരെ ഒരൊറ്റയേറ്!
ലക്ഷ്യം പിഴച്ചില്ല… അത്യാവശ്യം ശബ്ദത്തോടെ അത് കൃത്യം അവന്റെ തലയിൽ തന്നെ കൊണ്ടു.
ഏറ് കൊണ്ടെങ്കിലും, തന്റെ ചൂടുള്ള ദോശ പോയ സങ്കടം അപ്പോഴും ആമിക്കുണ്ടായിരുന്നു.
അവൾ ദേഷ്യത്തോടെ പോയി ഒരു സീറ്റിലേക്കിരുന്നു….
കൈകൾ രണ്ടും മാറോടു ചേർത്ത് കെട്ടി, മുഖം വീർപ്പിച്ച്, എല്ലാവരോടും തെറ്റി എന്ന മട്ടിൽ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു കളഞ്ഞു കക്ഷി.
അവളുടെ ആ ഇരിപ്പ് കണ്ട് ചിരി വരുന്നുണ്ടെങ്കിലും, കൂടുതൽ പ്രകോപിപ്പിക്കണ്ട എന്ന് കരുതി എല്ലാവരും വായടച്ചു.
