അവൾ അത് പറയുമ്പോൾ ട്രെയിനിന്റെ ഇരമ്പലിനെയും തോൽപ്പിക്കുന്ന വേഗത്തിൽ എന്റെ ഹൃദയം മിടിക്കാൻ തുടങ്ങിയിരുന്നു.
അവൾ ഒന്ന് ശ്വാസമെടുത്തു, എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി തുടർന്നു.
“””നിനക്കറിയാലോ, അപരിചിതരെ കാണുമ്പോൾ ഒരു ഒച്ചുപോലെ സ്വന്തം ലോകത്തേക്ക് ചുരുങ്ങുന്നവളാണ് ഞാൻ.
പക്ഷേ, ആദ്യമായിട്ടാണെങ്കിലും നീ എന്റെ അടുത്തേക്ക് വന്നപ്പോൾ… പതിവ് പോലെ എനിക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല ദേവാ.
മറ്റുള്ളവരെ അകറ്റി നിർത്താൻ എനിക്ക് എളുപ്പമായിരുന്നു. പക്ഷേ നിന്റെ കാര്യത്തിൽ… ഏതോ ഒരു അദൃശ്യ ശക്തി എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എത്ര ശ്രമിച്ചിട്ടും നിന്നെ ഒഴിവാക്കാൻ എന്റെ മനസ്സ് സമ്മതിച്ചില്ല
എന്റെ ഈ മാറ്റം കണ്ടപ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥയായത് നിധിയാണ്.
ഞങ്ങളുടെ ലോകത്തേക്ക് നീ കടന്നുവന്നത്ത് അവൾക്ക് ഉൾക്കൊള്ളാനായില്ല.
അതുകൊണ്ട് അവൾ നിന്നെ വെറുത്തു. പലരീതിയിലും നിന്നെ ദ്രോഹിക്കാൻ അവൾ ശ്രമിച്ചു. അപ്പോഴൊക്കെ നിനക്ക് വേണ്ടി അവളോട് യുദ്ധം ചെയ്യേണ്ടി വന്നത് ഞാനാണ്.
നിന്നെ വെറുതെ വിടാൻ പറഞ്ഞ് ഞാൻ അവളോട് കരഞ്ഞുതർക്കിച്ചിട്ടുണ്ട്. ഒടുവിൽ അവൾ തോറ്റുതന്നത് എനിക്ക് മുന്നിലാണ്.
നീ വേദനിച്ചാൽ, അത് എന്നെ തകർക്കുമെന്ന് അവൾക്ക് മനസ്സിലായി. സ്വന്തം വാശിയേക്കാൾ വലുത് അവൾക്ക് എന്റെ സന്തോഷമായിരുന്നു. അങ്ങനെയാണ് അവൾ നിന്നെ ഉപദ്രവിക്കുന്നത് നിർത്തിയത്…”””
ആമി പറഞ്ഞു നിർത്തിയതും അവളുടെ മുഖത്ത് വശ്യമായ പുഞ്ചിരിക്കൊപ്പം അവളുടെ അതിലും മനോഹരമായ നുണക്കുഴി തെളിഞ്ഞു വന്നു…
ആ ചിരിയിൽ അത്രയും നിധി എന്ന കുറുമ്പിയുടെ ഓർമ്മകളായിരുന്നിരിക്കണം…
ഒന്ന് എത്തിവലിഞ് നിധിയേ നോക്കിയശേഷം എന്റെ ശ്രദ്ധ വീണ്ടും ഞാൻ ആമിയിലേക്ക് കൊടുത്തു….
ആമിയുടെ ചുണ്ടിലെ ആ പുഞ്ചിരി അപ്പോഴേക്കും മാഞ്ഞുപോയിരുന്നു…. പകരം, കണ്ണുകളിൽ വല്ലാത്തൊരു ഇരുൾ പരന്നു. ട്രെയിനിന്റെ താളത്തിനൊപ്പം അവളുടെ ശബ്ദവും ഗൗരവമുള്ളതായി.
“പക്ഷേ… ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. നമ്മുടെ ആ കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി അങ്ങനെ പോകുമ്പോഴാണ്… ആ ദിവസം വന്നത്.”
ആ ഓർമ്മ പോലുംപൊള്ളിക്കുന്നത് പോലെ അവളൊന്നു നടുങ്ങി…
“ഒരു സുപ്രഭാതത്തിൽ… മലയിലേക്കുള്ള ആ വിജനമായ വഴിയിൽ വെച്ച്… നിന്റെ ശവശരീരം…”
വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. അവൾ പണിപ്പെട്ട് അത് മുഴുമിപ്പിച്ചു.
“…കീറിപ്പറിഞ്ഞ അവസ്ഥയിൽ ഞാൻ കണ്ടു. ചോരയിൽ കുളിച്ചു കിടക്കുന്ന നിന്റെ ആ രൂപം കണ്ടപ്പോൾ… എന്റെ നിയന്ത്രണം പൂർണമായും പോയിരുന്നു…. കരയാൻ പോലും കഴിയാതെ, ഒരുതരം മരവിച്ച അവസ്ഥയിലായിരുന്നു ഞാൻ.”
അവൾ എന്റെ കൈകൾ കൂട്ടിപ്പിടിച്ചു…
“”””വെറും കുറച്ചു നാളുകൾ മാത്രം പരിചയമുള്ള, ഒരാൾ പെട്ടെന്ന് ഇല്ലാതാവുമ്പോൾ എന്തിനാണ് എനിക്ക് ഇത്രയേറെ വേദനിക്കുന്നത് എന്ന് ആരും ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കിൽ തന്നെ എനിക്കതിന് ഉത്തരമില്ലായിരുന്നു പറയാൻ….
അന്നത്തെ ആ ദിവസത്തിനു ശേഷം, ഞാൻ പഠിപ്പെല്ലാം നിർത്തി.
മുറിയിൽ നിന്ന് പുറത്തിറങ്ങാതായി. ഇരുട്ടു നിറഞ്ഞ.മുറിയിൽ ഞാൻ ഒതുങ്ങിക്കൂടി…
നിധി എല്ലാ ദിവസവും വരും, എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും… പക്ഷേ അവളോട് പോലും സംസാരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ ജീവന്റെ പാതി അടർന്നു പോയത് പോലെ…”
പുറത്തെ ഇരുട്ടിലേക്ക് നോക്കി അവൾ തുടർന്നു.
“അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒടുവിൽ ഒരു രാത്രി… കരഞ്ഞു തളർന്ന് ഞാൻ ഉറങ്ങിപ്പോയി.
പിന്നീട് കണ്ണ് തുറന്നപ്പോൾ… ഞാൻ എന്റെ മുറിയിലായിരുന്നില്ല.
ആ ഗുഹയുടെ മുന്നിലായിരുന്നു! കയ്യിൽ, നിധി തന്ന മോതിരവും, ഗുഹയ്ക്കുള്ളിൽ നിന്നും കിട്ടിയ ആ പുസ്തകവും ഉണ്ടായിരുന്നു.”
