നിധിയുടെ കാവൽക്കാരൻ – 17 92അടിപൊളി 

 

മുഖം വീർപ്പിച്ച്, പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു.

ശേഷം മെല്ലെ അവളുടെ അരികിലായി ഇരുന്നു.

 

ഞാൻ വന്നിരുന്നത് അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. അവളുടെ ആ കുഞ്ഞു പിണക്കം മാറ്റാൻ, ഞാൻ പതിയെ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു.

അവൾ ഒന്ന് കുതറാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല.

എന്നിട്ട് അവളുടെ കാതുകളോട് ചേർന്ന്, കൊച്ചു കുട്ടികളോട് എന്ന പോലെ ഞാൻ പറഞ്ഞു.

 

“സാരമില്ലെടോ… പോട്ടെ…”

 

അവൾ മറുപടിയൊന്നും പറഞ്ഞില്ല.

 

“നമ്മൾ കുറച്ച് നേരം കൂടി കഴിഞ്ഞാൽ ഇറങ്ങാനുള്ള സ്റ്റേഷൻ എത്തും. അവിടെ ഇറങ്ങിയ ഉടനെ, എന്റെ പൊന്നിന് ഞാൻ നല്ല ചൂട് ദോശ വാങ്ങിത്തരാം… പോരേ?”

 

ദോശ എന്ന് കേട്ടതിനേക്കാൾ, എന്റെ ആ ചേർത്തുപിടിക്കലാണ് അവളെ തണുപ്പിച്ചത്.

 

അവൾ മെല്ലെ മുഖം തിരിച്ച് എന്നെ നോക്കി. ആ കണ്ണുകളിൽ അപ്പോൾ ഉണ്ടായിരുന്ന ദേഷ്യമൊക്കെ എങ്ങോട്ടോ മാഞ്ഞുപോയിരുന്നു… പകരം, എന്നോടുള്ള അടങ്ങാത്ത സ്നേഹം മാത്രമാണ് അവിടെ തെളിഞ്ഞു നിന്നത്.

 

അവൾ എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചാരിയിരുന്ന്, കുറുമ്പോടെ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു:

 

“വാങ്ങിത്തന്നാൽ മാത്രം പോര… എനിക്ക് വാരിത്തരികയും വേണം… എന്നാലേ എന്റെ പിണക്കം മാറൂ…”

 

അത്രയും പറഞ്ഞ്, എന്റെ കൈകളിൽ അവൾ മുറുക്കെ പിടിച്ചു.

 

രാഹുലിനോടുള്ള ദേഷ്യമോ വിശപ്പോ ഒന്നും അപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്നില്ല. എന്നെ കിട്ടിയ സന്തോഷത്തിൽ, ലോകം തന്നെ മറന്നത് പോലെ അവൾ എന്റെ തോളിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു.

 

 

**************

 

 

ഏകദേശം രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു ഞങ്ങൾ തഞ്ചാവൂർ സ്റ്റേഷനിൽ എത്തിയപ്പോൾ.

 

ട്രെയിനിന്റെ ഇരമ്പൽ നിലച്ചതും ഒരു വലിയ നിശബ്ദതയിലേക്കാണ് ഞങ്ങൾ ഇറങ്ങിയത്.

 

ബാഗുകളെല്ലാം തോളിലിട്ട് പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോൾ, രാത്രിയുടെ ആലസ്യം ആ സ്റ്റേഷനെ മൂടിയിരുന്നു. വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

 

തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

 

താമസിക്കാനുള്ള സ്ഥലം കൃതിക അവളുടെ അച്ഛൻ വഴി നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു. അതുകൊണ്ട് ‘എങ്ങോട്ട് പോകും, എവിടെ നിൽക്കും’ എന്നുള്ള തലവേദനകൾ ഒന്നും ഉണ്ടായിരുന്നില്ല….

 

സ്റ്റേഷന് പുറത്തിറങ്ങിയതും എല്ലാവരുടെയും മുഖത്ത് ഒരേ ഭാവമായിരുന്നു, വിശപ്പ്!

 

പ്രത്യേകിച്ച് ആമിയുടെയും രാഹുലിന്റെയും.

 

പക്ഷേ, ചുറ്റും നോക്കിയപ്പോൾ നിരാശയായിരുന്നു ഫലം. കണ്ണിൽ കണ്ട ഹോട്ടലുകളെല്ലാം ഷട്ടർ താഴ്ത്തിയിരിക്കുന്നു. ഒടുവിൽ വേറെ വഴിയില്ലാതെ, ടാക്സി നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ നടന്നു….

 

ടാക്സി സ്റ്റാൻഡിൽ പ്രായം ചെന്ന ഒരു ഡ്രൈവർ, കാറിന് മുകളിൽ ചാരി നിന്ന് ബീഡി വലിക്കുന്നുണ്ടായിരുന്നു.

 

ഞങ്ങളെ കണ്ടതും അദ്ദേഹം ബീഡി താഴെയിട്ട് അടുത്തു വന്നു.

 

രാഹുലാണ് മുന്നിൽ നിന്നിരുന്നത്. തന്റെ “ഭാഷാ പാണ്ഡിത്യം” പുറത്തെടുക്കാൻ പറ്റിയ അവസരമാണെന്ന് അവന് തോന്നിക്കാണണം.

 

അവൻ ഡ്രൈവറെ നോക്കി, തമിഴും മലയാളവും പിന്നെ അവന് മാത്രം അറിയാവുന്ന ഏതോ ഭാഷയും ചേർത്ത് ഗൗരവത്തിൽ ചോദിച്ചു:

 

“അണ്ണാ… വണക്കം! ഇങ്കെ… ഇങ്കെ വന്ന്… നല്ല ശാപ്പാട് കിട്ടുന്ന വല്ല ഹോട്ടൽസും തുറന്നിരിക്കുമാ? നല്ല പശിയാവുത്… അതുകൊണ്ട് നല്ലൊരു തുറന്ത കടയിലേക്കെ വിടുമോ?”

 

രാഹുലിന്റെ തമിഴ് കേട്ടതും ഡ്രൈവർ അന്തം വിട്ട് വായും പൊളിച്ചു നിന്നു.

 

ഞങ്ങൾക്കാണെങ്കിൽ ചിരി സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സച്ചിൻ വായ പൊത്തിപ്പിടിച്ച് ചിരിക്കുകയാണ്.

 

ഡ്രൈവർ പാവം, നിസ്സഹായനായി ഞങ്ങളെ നോക്കി. രാഹുൽ ചോദിച്ചത് തമിഴാണോ അതോ വല്ല അന്യഗ്രഹ ഭാഷയാണോ എന്ന സംശയം പുള്ളിയുടെ മുഖത്ത് പ്രകടമായിരുന്നു….!

Leave a Reply

Your email address will not be published. Required fields are marked *