നിധിയുടെ കാവൽക്കാരൻ – 17 92അടിപൊളി 

 

“താങ്ക്സ് അണ്ണാ… പോയിട്ട് വാ…”

 

സന്തോഷത്തോടെ അത് വാങ്ങി, ഡ്രൈവർമാർ വണ്ടിയെടുത്ത് തിരിച്ചുപോയി.

 

വണ്ടിയുടെ ശബ്ദം അകന്നതോടെ ആ അഗ്രഹാര തെരുവ് വീണ്ടും അതിന്റെ ശാന്തതയിലേക്ക് മടങ്ങി.

 

തെരുവ് വെളിച്ചത്തിൽ ആ സ്ഥലത്തിന്റെ ഭംഗി വീണ്ടും ആസ്വദിക്കുന്നതിനിടയിലായിരുന്നു, നിശബ്ദതയിൽ, തലയുയർത്തി നിൽക്കുന്ന ആ മഹാക്ഷേത്രത്തിന്റെ ഗാംഭീര്യം ശരിക്കും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

 

ആ തെരുവിന്റെ ഒരറ്റത്ത്, ഇരുട്ടിനെ വകഞ്ഞുമാറ്റി ആകാശത്തേക്ക് തൊട്ടുരുമ്മി നിൽക്കുന്ന കൂറ്റൻ രാജഗോപുരം. ദ്രാവിഡ വാസ്തുവിദ്യയുടെ വിസ്മയം എന്ന് തന്നെ വിളിക്കാം.

 

ഏഴ് തട്ടുകളായി ഉയർന്നുപോകുന്ന ആ ഗോപുരത്തിൽ നിറയെ കൊത്തുപണികളാണ്. ഇതിഹാസങ്ങളിലെ കഥാപാത്രങ്ങളും, ദേവീദേവന്മാരും, അസുരന്മാരും, മൃഗങ്ങളും എല്ലാം ശില്പങ്ങളായി അതിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നു.

 

തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ആ രൂപങ്ങൾക്ക് ജീവൻ വെച്ചത് പോലെ… അവ മുകളിൽ നിന്ന് ഞങ്ങളെ തന്നെ ഉറ്റുനോക്കുന്നത് പോലെ തോന്നി.

 

താഴെ, വലിയ ഇരുമ്പ് കുമിളകൾ പതിച്ച, ആനയ്ക്ക് പോലും കടക്കാവുന്നത്ര വലുപ്പമുള്ള ഭീമാകാരമായ തടിവാതിൽ അടഞ്ഞു കിടക്കുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചുറ്റും കരിങ്കൽ പാളികൾ പാകിയ നടപ്പാത.

ആ ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ടാവാം, അവിടെ വീശിയടിക്കുന്ന കാറ്റിന് പോലും പഴമയുടെയും ഒപ്പം ചന്ദനത്തിൻ്റെയും കർപ്പൂരത്തിൻ്റെയും നേരിയ ഗന്ധമുണ്ടായിരുന്നു.

 

ആ വലിയ ഗോപുരത്തിന്റെ നിഴലിൽ, ഞങ്ങളും ആ തെരുവും വളരെ ചെറുതായതുപോലെ… വല്ലാത്തൊരു ദൈവീകമായ അന്തരീക്ഷം….

 

“എന്നാൽ നമുക്ക് അകത്തേക്ക് കയറിയാലോ?”

 

ആ വലിയ ഗോപുരത്തിന്റെ ഭംഗി നോക്കി നിൽക്കുന്നതിനിടയിൽ കൃതിക ചോദിച്ചു.

 

“പിന്നേ… ആ വാ…”

 

യാത്രയുടെ ക്ഷീണം കാരണം ഒന്ന് കിടന്നാൽ മതിയെന്ന അവസ്ഥയിലായിരുന്നു എല്ലാവരും. ഞങ്ങൾ ബാഗുമെടുത്ത് ആ വീടിന്റെ പടിപ്പുര കടന്ന് ഉമ്മറത്തേക്ക് നടന്നു.

 

അപ്പോഴാണ് നിധി ആ സംശയം ചോദിച്ചത്.

 

“അല്ല, അപ്പൊ വീടിന്റെ താക്കോലോ?”

 

അവളുടെ ആ ചോദ്യം കേട്ടതും ഞങ്ങൾ എല്ലാവരും ഒരേപോലെ കൃതികയെ നോക്കി.

കൃതിക പെട്ടെന്ന് അക്കാര്യം ഓർത്തപോലെ ഒന്ന് ഞെട്ടി, വല്ലാതെയൊന്ന് പരിങ്ങി.

 

“അയ്യോ… അത്…”

 

അവൾ വേഗം പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ആർക്കോ വിളിച്ചു. ഞങ്ങൾ ശേഷം അല്പം മാറിനിന്ന് അവൾ സംസാരിച്ചു…

 

ഫോൺ വെച്ച ശേഷം ജാള്യതയോടെ അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു.

 

“ചാവി ഇപ്പൊ എത്തും… ഇവിടെ അടുത്ത് തന്നെ ആളുണ്ട്…”

 

ചാവി വരാൻ കുറച്ചു സമയമെടുക്കും എന്ന് മനസ്സിലായതോടെ ഞങ്ങൾ ബാഗുകൾ തിണ്ണയിൽ വെച്ചു. ആ അഗ്രഹാര തെരുവ് വല്ലാത്തൊരു ശാന്തതയിലായിരുന്നു.

 

സമയം കൊല്ലാനായി രാഹുലും സച്ചിനും മുറ്റത്ത് കൂടി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. യാത്രയുടെ മരവിപ്പ് മാറാൻ രാഹുൽ വെറുതെ അവിടെക്കിടന്ന് തുള്ളിച്ചാടാനും സ്ട്രെച്ചിങ് ചെയ്യാനും തുടങ്ങി. അവന്റെ കോപ്രായങ്ങൾ കണ്ട് അതൊക്കെ ചെയ്യാൻ എനിക്കും ഒരു പൂതി, പിന്നേ ഒന്നും നോക്കിയില്ല ഞാനും അവരുടെയൊപ്പം കൂടി…

 

“ഇത് ആരുടെ വീടാ കൃതീ? നല്ല വൈബ് ഉണ്ടല്ലോ…”

 

ഇതിനിടയിൽ വീടിന്റെ ഭംഗി നോക്കിനിന്ന റോസ് കൃതികയോടായി ചോദിച്ചു…

 

“ഇത് പപ്പയുടെ ഒരു ഫ്രണ്ട് ഏർപ്പാടാക്കി തന്നതാ…”

 

കൃതിക തിണ്ണയിലെ തൂണിൽ ചാരിനിന്നുകൊണ്ട് പറഞ്ഞു.

 

“ഞാൻ പപ്പയോട് പറഞ്ഞതാ നമുക്ക് ടൗണിൽ ഏതെങ്കിലും ഫ്ലാറ്റ് നോക്കാമെന്ന്. അതാവുമ്പോ സൗകര്യങ്ങൾ കൂടുമല്ലോ എന്ന്. പക്ഷെ പപ്പ സമ്മതിച്ചില്ല. ഇതൊരു നല്ല സ്ഥലമാണെന്നും, ഇവിടുത്തെ ഫുഡും കാഴ്ചകളുമൊക്കെ ശരിക്കും ആസ്വദിക്കണമെങ്കിൽ ഇവിടെത്തന്നെ നിൽക്കണമെന്നും പറഞ്ഞു. പ്രായമായിക്കഴിഞ്ഞാൽ ഇതൊന്നും ആസ്വദിക്കാൻ പറ്റില്ലല്ലോ എന്നൊരു ഡയലോഗും… അതാ ഇങ്ങോട്ട് പോന്നത്.”

Leave a Reply

Your email address will not be published. Required fields are marked *