പക്ഷേ… നിമിഷങ്ങൾ കടന്നുപോയിട്ടും നീ വന്നില്ല.
ഒടുവിൽ കാത്തുനിൽപ്പ് അസഹനീയമായപ്പോൾ, നിന്നെ തേടി നീ ഓടിയ അതേ വഴിയിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി. അതുവരെ ഉണ്ടായിരുന്ന തണുപ്പ് മാറി, ഗുഹയ്ക്കുള്ളിൽ അസഹനീയമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.
പക്ഷേ ആ കൊടും ചൂടിനോ ഭയത്തിനോ നിന്നെ തേടുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല.””””
“അൽപ്പം കൂടി മുന്നോട്ട് നടന്നപ്പോൾ അകലെയായി ഒരു ചെറിയ വെളിച്ചം കണ്ടുതുടങ്ങി.
ആ വെളിച്ചം ലക്ഷ്യമാക്കി നടന്ന ഞങ്ങൾ ചെന്നെത്തിയത് നേരത്തെ കണ്ട അതേ സ്ഥലത്തായിരുന്നു.
പക്ഷേ… അവിടെ കണ്ട കാഴ്ച…
ചോരയിൽ കുളിച്ചു കിടക്കുന്ന നിന്റെ രൂപം!
എന്ത് കാണരുതെന്ന് ഞാൻ ആഗ്രഹിച്ചുവോ, അത് തന്നെ വിധി എന്റെ കൺമുന്നിൽ എത്തിച്ചിരിക്കുന്നു.
എനിക്ക് നിന്റെ അടുത്തേക്ക് വരാൻ പോലും കഴിയാത്തവിധം കാലുകൾ തളർന്നുപോയിരുന്നു, മനസ്സ് കൈവിട്ടു പോയ അവസ്ഥ.
എന്നാൽ നിന്റെ ശരീരത്തിലുണ്ടായ ചെറിയൊരു അനക്കം കണ്ടതും നിധി നിന്റെ അടുത്തേക്ക് ഓടിയെത്തി. അവളെ കണ്ടതും, അന്ത്യശ്വാസം വലിക്കുന്നതിനിടയിലും നീ നിന്റെ ചോരപുരണ്ട കൈകൾ കൊണ്ട് അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു.
നീ അവളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… ഞാൻ അത് കണ്ടു, പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ശരീരം മുഴുവൻ മരവിച്ച്, ചുറ്റുമുള്ള വായു പോലും നഷ്ടപ്പെട്ടതുപോലെ ശ്വാസം മുട്ടുന്ന ഒരവസ്ഥയിലായിരുന്നു ഞാൻ.
നിധിയുടെ കണ്ണുകൾ പെയ്യുകയായിരുന്നു. പക്ഷേ എന്നെ കൂടുതൽ വേദനിപ്പിച്ചത് അതൊന്നുമായിരുന്നില്ല… ആ വേദന കടിച്ചമർത്തിക്കൊണ്ടുള്ള നിന്റെ ആ അവസാന ചിരിയായിരുന്നു….
നിനക്ക് പറയാനുള്ളത് പറഞ്ഞുതീർന്നതും, കണ്ണുനീർ തുടച്ചുകൊണ്ട് അവൾ എന്റെ അടുത്തേക്ക് വന്നു. നിലത്ത് ജീവച്ഛവമായി ഇരുന്ന എന്നെ അവൾ പിടിച്ചെഴുന്നേൽപ്പിച്ചു.
ശേഷം എന്നെയും കൊണ്ട് അവിടെ നിന്നും ഓടിപ്പോകാനായിരുന്നു അവളുടെ ശ്രമം.
പക്ഷേ ഞാൻ സമ്മതിച്ചില്ല… അവളെ തള്ളിമാറ്റി നിന്റെ അടുത്തേക്ക് വരാൻ ഞാൻ ശ്രമിച്ചു. പക്ഷേ നിധിയുടെ കൈകളെ തടയാൻ മാത്രം ശക്തി എനിക്കുണ്ടായിരുന്നില്ല.
‘എന്നെ വിടൂ ശ്രീ… നമുക്ക് അവനെയും കൊണ്ട് പോകാം… അവനെ തനിച്ചാക്കി ഞാൻ വരില്ല’ എന്നൊക്കെ ഞാൻ അവളോട് കരഞ്ഞുതർക്കിച്ചു.
പക്ഷേ നിധിയുടെ കലങ്ങിയ കണ്ണുകളിൽ നിസ്സഹായത മാത്രമായിരുന്നു. അവൾ അവസാനമായി നിന്നെ ഒന്ന് നോക്കി… പിന്നെ എന്റെ കൈകളിൽ മുറുക്കെപ്പിടിച്ച്, ഒരു യന്ത്രത്തെപ്പോലെ എന്നെയും വലിച്ചുകൊണ്ട് ആ ഇരുട്ടിലൂടെ ഓടി…
പക്ഷേ ഞങ്ങൾക്ക് പുറത്തെത്താനായില്ല… അതിനു മുൻപേ ഒരു വലിയശബ്ദത്തോടൊപ്പം ആ വെളിച്ചം ഞങ്ങളെ വിഴുങ്ങി…..
പിന്നീട് കണ്ണ് തുറക്കുമ്പോൾ, ഞങ്ങൾ വീണ്ടും ആ ഗുഹയുടെ മുന്നിൽ… എല്ലാം പഴയതുപോലെ. സമയചക്രം വീണ്ടും തിരിഞ്ഞിരിക്കുന്നു.””””””””
ആമി ഒരു നിമിഷം കണ്ണുകൾ അടച്ചു….. ശേഷം വീണ്ടും തുടർന്നു…
“””നിധി ആശ്വസിപ്പിക്കാനെന്നോണം എന്റെ തോളിൽ കൈവെച്ചു.
പക്ഷേ ജീവിതത്തിലാദ്യമായി അവളോട് എനിക്ക് അടങ്ങാത്ത ദേഷ്യമാണ് തോന്നിയത്.
നിന്നെ അവിടെ ഉപേക്ഷിക്കാൻ അവൾ കാണിച്ച ആ തിടുക്കം… കുറ്റം അവളുടെതല്ലെന്ന് അറിയാമായിരുന്നിട്ടും എനിക്കവളോട് പൊറുക്കാൻ കഴിഞ്ഞില്ല. നീ വന്നപ്പോൾ മുതൽ ഞാൻ അവളോട് കാണിച്ച മൗനവും ദേഷ്യവും ആ സങ്കടത്തിൽ ന്നും ഉണ്ടായതായിരുന്നു……..””””””””
ആമി മുഖമുയർത്തി എന്നെ നോക്കി……
“ഈ ലൂപ്പിൽ നീ ആദ്യം വന്നപ്പോൾ, നിധിയുടെ കയ്യിൽ നിന്നും നിന്റെ കവിളത്ത് കിട്ടിയ ആ അടി… ഓർമ്മയുണ്ടോ?അതേക്കുറിച്ച് അവൾ എന്നോട് പറഞ്ഞിരുന്നു….”
ഞാൻ ഉണ്ട് എന്നർത്ഥത്തിൽ തലയാട്ടി.അല്ലെങ്കിൽ തന്നേ ആദ്യമായി കണ്ടപ്പോൾ തന്നേ കിട്ടിയ പൊന്നീച്ച പറന്ന അടി എങ്ങനെ മറക്കാനാണ്… 😐
