രാഹുൽ.., ആ മൈരൻ വിടുന്ന ലക്ഷണമില്ല. വീണ്ടും ചോദിച്ചു:
“അണ്ണാ… ‘പശി’ അണ്ണാ… ഫുഡ്! നല്ല ചൂട് ദോസൈ… സട്ണി… സാമ്പാർ… എങ്കെ കിട്ടും?”
ഇതൊരു നടക്ക് പോവില്ല എന്ന് മനസ്സിലായതും ഒടുവിൽ സഹികെട്ട് കൃതിക മുന്നോട്ട് വന്നു.
അവൾ ചിരിയൊതുക്കി ഡ്രൈവറോട് നല്ല തമിഴിൽ കാര്യം പറഞ്ഞു….
എന്തായാലും അതുകേട്ടതും ആ മനുഷ്യന്റെ ശ്വാസം നേരെ വീണു… രാഹുലിനെ ഒന്ന് അടിമുടി നോക്കിയിട്ട്, “വാങ്ക തമ്പി… ഒരു നല്ല കട ഇറുക്ക്” എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചുകൊണ്ട് കാറിന്റെ ഡോർ തുറന്നു…
ഏഴ് പേരുള്ളതുകൊണ്ട് ഒരു കാറിൽ എല്ലാവരും ഉൾക്കൊള്ളില്ലെന്ന് കൃതികയ്ക്ക് മനസ്സിലായി. അവൾ ആ ഡ്രൈവറോട് തമിഴിൽ ഒരു വണ്ടി കൂടി വേണമെന്ന് പറഞ്ഞു.
അയാൾ ഉടനെ അല്പം അകലെ പാർക്ക് ചെയ്തിരുന്ന മറ്റൊരു ടാക്സിയിലേക്ക് നോക്കി,
“ടേയ് മുത്തു… വണ്ടിയ ഇങ്കെ എട്” എന്ന് കൈകാട്ടി വിളിച്ചു.
മുത്തു എന്ന് പേരുള്ള, മെലിഞ്ഞ ഒരു മധ്യവയസ്കൻ കാറുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.
ആദ്യത്തെ കാറിൽ സച്ചിൻ, രാഹുൽ, കൃതിക, റോസ് എന്നിവർ കയറി. രണ്ടാമത്തെ കാറിൽ ഞാനും ആമിയും നിധിയും സ്ഥാനം പിടിച്ചു.
വണ്ടിയിൽ കയറിയതും മുന്നിലെ കാറിനെ പിന്തുടർന്ന് ഞങ്ങളുടെ കാറും നീങ്ങി.
തഞ്ചാവൂരിലെ ഉറങ്ങാത്ത തെരുവുകളിലൂടെ ഒരു പത്ത് മിനിറ്റ് സഞ്ചരിച്ചപ്പോൾ, അത്യാവശ്യം വലിപ്പമുള്ള, നല്ല വെളിച്ചമുള്ള ഒരു ഹോട്ടലിന് മുന്നിൽ വണ്ടികൾ ബ്രേക്കിട്ടു.
ഹോട്ടലിന്റെ മുകളിൽ വലിയ അക്ഷരത്തിൽ
“ഹോട്ടൽ തഞ്ചൈ ഭവൻ” എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു.
കാറിൽ നിന്നും എല്ലാവരും ആവേശത്തോടെ പുറത്തേക്കിറങ്ങി. ഞങ്ങൾക്ക് ഭക്ഷണം കഴിച്ച് തിരികെ കൃതിക പറഞ്ഞ സ്ഥലത്തേക്ക് പോകേണ്ടതുള്ളതുകൊണ്ട്, കൃതിക ആ ഡ്രൈവറോട് തമിഴിൽ പറഞ്ഞു:
“അണ്ണാ, സാപ്പിട്ടിട്ട് വരലാം… കൊഞ്ച നേരം വെയിറ്റ് പണ്ണുങ്കെ…”
അത് കേട്ടതും അയാൾ ഒരു മടുപ്പോടെ, തല ചൊറിഞ്ഞുകൊണ്ട് ഞങ്ങൾ സഞ്ചരിച്ച കാറിലെ ഡ്രൈവറെ ഒന്ന് നോക്കി. ‘ഈ പിള്ളേരുടെ കയ്യിൽ കാശൊക്കെ ഉണ്ടാവുമോ’ എന്നൊരു സംശയം ആ നോട്ടത്തിലുണ്ടായിരുന്നു.
ശേഷം അയാൾ കൃതികയ്ക്ക് നേരെ തിരിഞ്ഞു:
“അമ്മാ… നൈറ്റ് ആയതനാല, എക്സ്ട്രാ കാശും വെയ്റ്റിംഗ് ചാർജും വരുമ്മാ..”
വിശപ്പ് കാരണം കണ്ണ് കാണാത്ത അവസ്ഥയിലായിരുന്നു സച്ചിൻ.
“അതൊക്കെ തരാം അണ്ണാ… നിങ്ങള് വെയിറ്റ് ചെയ്യ്…”
എന്ന് പറഞ്ഞ്, കേട്ടപാതി കേൾക്കാത്ത പാതി അവൻ ഹോട്ടലിനുള്ളിലേക്ക് നടന്നു.
ഞങ്ങളും പിന്നാലെ നടന്നു.
രാത്രിയായിട്ടും ഹോട്ടലിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു.
പലയിടത്തും ആളുകൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നു.
ഫാമിലികൾക്ക് ഇരിക്കാനായി ഒരു വശത്ത് പ്രത്യേകമൊരു സ്ഥലം (Family Room) ഉണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് കയറി വട്ടത്തിലിട്ടിരുന്ന ഒരു വലിയ മേശയ്ക്ക് ചുറ്റും ഇരുന്നു.
ഞങ്ങൾ ഇരുന്നതും യൂണിഫോം ഇട്ട ഒരു വെയ്റ്റർ വെള്ളവും ഗ്ലാസുകളുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു….
“സൊല്ലുങ്കെ സാർ… സാപ്പിട എന്ന എടുത്തുക്ക പോറീങ്കെ? നൈറ്റ് ടിഫൻ ഐറ്റംസ് എല്ലാമേ ഇറുക്ക്… ദോശ, ഇഡ്‌ലി, പൊറോട്ട, ചപ്പാത്തി… സ്പെഷൽ കുറുമയും ഇറുക്ക്…”
അരയിലൊരു വെളുത്ത ടവ്വൽ ചുറ്റിയ ആ വെയ്റ്റർ തനി തമിഴിൽ ചോദിച്ചു:
‘ദോശ’ എന്ന് കേട്ടതും രാഹുലിന്റെ കണ്ണുകൾ വിടർന്നു. അവൻ ആമിയെ ഒന്ന് പാളി നോക്കി. നേരത്തെ അവളുടെ ദോശ തിന്നതിന്റെ ക്ഷീണം തീർക്കാൻ ഇതാണ് അവസരമെന്ന് അവന് തോന്നി.
രാഹുൽ ആവേശത്തോടെ ചോദിച്ചു:
“അണ്ണാ… അപ്പടി നല്ല മൊറു മൊറുന്ന്… കടിക്കുമ്പോ കരുമുരുന്ന് ഇരിക്കണ… മസാല ദോശ… ഇങ്കെ ഇരിക്കുതാ…? അതായത്… ഉണ്ടാ..?”
അവന്റെ ആ ചോദ്യം കേട്ട് വെയ്റ്റർ ഒന്ന് ചിരിച്ചു.
