ഇടയ്ക്ക് കണ്ണ് തുറക്കാൻ ശ്രമിക്കുമ്പോഴൊക്കെ കാഴ്ചകൾ മങ്ങുന്നുണ്ടായിരുന്നു.
“എന്താ വാവേ ഉറക്കം വരുന്നുണ്ടോ….? ”
എന്റെ ഈ കഷ്ടപ്പാട് കണ്ടാവണം നിധി പതുക്കെ എന്റെ തോൾ പിടിച്ചു കുലുക്കി ചോദിച്ചു…..
“മ്മ്…. ”
ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി….
”എന്നാ… ഇങ്ങനെ ഇരുന്നു തൂങ്ങാതെ ദേ ഇങ്ങോട്ട് കിടന്നോ…”
അവൾ തന്റെ മടിയിൽ തട്ടി കാണിച്ചുകൊണ്ട് പറഞ്ഞു
കേൾക്കേണ്ട താമസം, രണ്ടാമതൊന്നാലോചിക്കാൻ പോലും നിൽക്കാതെ ഞാൻ അവളുടെ മടിയിലേക്കങ് വീണു.
ശരിക്കും പറഞ്ഞാൽ ആ ഒരു വാക്ക് കേൾക്കാൻ വേണ്ടി ഞാൻ എത്രമാത്രം കൊതിച്ചിരുന്നു എന്നപ്പോഴാണ് എനിക്ക് മനസ്സിലായത്…
അവളുടെ ശരീരത്തിന്റെ മൃതുലതയും ഒപ്പം ആ ചൂടും കൂടിയായപ്പോൾ ഒരു പ്രത്യേക സുഖം എന്നേ തേടിയെത്തി….
”ഹാ… ഇപ്പോഴാ ഒരു സമാധാനമായത്…”
ഞാൻ കണ്ണുകൾ അടച്ച് അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി പറഞ്ഞു….
എന്റെ തല ഉറപ്പിച്ചു എന്ന് കണ്ടതും, ആമി ഒട്ടും വൈകിയില്ല. അവൾ നിധിയുടെ മറുഭാഗത്ത് അവളുടെ തോളിലേക്ക് പതുക്കെ തല ചായ്ച്ചു….
ഇപ്പോൾ നിധി ഒരു വലിയ തണൽമരം പോലെയാണ്. അവളുടെ ഇടത് വശത്ത് തോളിൽ തല വച്ച് ഉറങ്ങുന്ന ആമിയും, മടിയിൽ കുട്ടികളെപ്പോലെ ചുരുണ്ടുകൂടി കിടക്കുന്ന ഞാനും…
നിധി അവളുടെ ഒരു കൈ കൊണ്ട് എന്റെ തലയിലൂടെ പതുക്കെ വിരലോടിക്കാൻ തുടങ്ങി. ആ തലോടലിന് ഒരു മാന്ത്രികശക്തി ഉണ്ടായിരുന്നു. പുറത്ത് ട്രെയിൻ പാളത്തിലൂടെ ഓടുമ്പോഴുണ്ടാകുന്ന ആ താളവും, ജനലിലൂടെ അടിച്ചുകയറുന്ന കാട്ടു പൂക്കളുടെ ഗന്ധമുള്ള കാറ്റുംകൂടിയായപ്പോൾ ഞാനേതോ സ്വപ്നലോകത്തേക്കെന്ന പോലേ വഴുതി വീണു…..
സച്ചിനും രാഹുലും അപ്പുറത്തെ സീറ്റിലിരുന്ന് ഫോണിൽ എന്തോ കണ്ട് ചിരിക്കുന്നുണ്ട്.
റോസും കൃതികയും ജനലിലൂടെ മഴവില്ല് തെളിയുന്നുണ്ടോ എന്ന് നോക്കി എന്തൊക്കെയോ കുശലം പറയുന്നു.
പക്ഷേ അതൊന്നും എന്റെ ഉറക്കത്തെ അലോസരപ്പെടുത്തിയില്ല.
*************
“ചായേ… ചായേ… കാപ്പി… കാപ്പിയേ…”
ദൂരെയെവിടെയോ കേൾക്കുന്ന ആ വിളി കടുപ്പമേറിയ ഏതോ സ്വപ്നത്തിൽ നിന്നെന്നപോലെ എന്നെ ഉണർത്തി.
കണ്ണുകൾ തുറക്കാൻ ഒരു മടി. ട്രെയിൻ ഒരു സ്റ്റേഷനിൽ വന്നു നിന്നിട്ടുണ്ട്. പുറത്ത് അനൗൺസ്‌മെന്റുകൾ മുഴങ്ങുന്നു.
ട്രെയിനിന്റെ ചക്രങ്ങൾ പാളത്തിൽ ഉരസി പോകുന്ന ആ പ്രത്യേക ശബ്ദം ഇപ്പോഴില്ല.
പകരം ഒരു സ്റ്റേഷന്റെ തിരക്കും ബഹളവും.
പതുക്കെ കണ്ണുകൾ തിരുമ്മി ഞാൻ എഴുന്നേറ്റു. അപ്പോഴും നിധിയുടെ കൈകൾ എന്റെ തലയിൽ തന്നെ ഉണ്ടായിരുന്നു.
ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ ചുറ്റും നോക്കി. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഏതോ ഒരു വലിയ സ്റ്റേഷനാണ്.
വൈകുന്നേരങ്ങളിലേ ആ ഇളം ചുവപ്പ് വെളിച്ചം കമ്പാർട്ട്‌മെന്റിനുള്ളിലേക്ക് അരിച്ചിറങ്ങുന്നുണ്ട്.
മഴ പെയ്തതിന്റെ ലക്ഷങ്ങൾ കാണുന്നില്ലെങ്കിലും പുറത്തേ അന്തരീക്ഷത്തിന് നല്ല തണുപ്പാണ്.
സ്റ്റേഷനിലെ സിമന്റ് ബെഞ്ചുകളിൽ ഇരിക്കുന്ന ആളുകളും, ലഗേജുകളുമായി ഓടുന്ന പോർട്ടർമാരും… കാഴ്ചകൾക്ക് ഒരു പ്രത്യേക താളമുണ്ട്.
ഞങ്ങളുടെ കംപ്പാർട്ട്മെന്റിൽ ഞങ്ങൾ എഴുപേരെ കൂടാതെ ഇപ്പോൾ അഞ്ചാറ് യാത്രക്കാർ കൂടിയുണ്ട്. അവർ ഓരോരുത്തരും തങ്ങളുടെ ഫോണുകളിലോ പുസ്തകങ്ങളിലോ മുഴുകിയിരിക്കുകയാണ്.
ഇടയ്ക്ക് ചിലർ ഞങ്ങളെ നോക്കി ചെറുതായി പുഞ്ചിരിക്കുന്നു.
ഞാൻ ചുറ്റും വീണ്ടുമൊന്ന് നോക്കി. നിധിയൊഴിച്ച് ബാക്കിയുള്ളവരെയൊന്നും അവിടേ കാണാനില്ല…
“എടി, അവരൊക്കെ എവിടെ?”
കണ്ണ് തിരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു. ഫോണിലെ ലോകത്ത് മുഴുകിയിരിക്കുകയായിരുന്നു അവൾ.
”ഹാ… ഒടുവിൽ കുംഭകർണ്ണൻ ഉണർന്നോ?”
”കുംഭകർണ്ണൻ നിന്റെ അച്ഛൻ! മര്യാദയ്ക്ക് കാര്യം പറയടി…”
