“അത് മറ്റൊന്നും കൊണ്ടായിരുന്നില്ല പൊന്നൂസേ… ഓരോന്ന് പറയാതെ പോയി ഒപ്പിച്ചു വെച്ചതിനും, നീ കാരണം ഞാൻ അവളോട് പിണങ്ങിയതിനും അവൾ നിനക്ക് തന്ന ഒരു ചെറിയ ശിക്ഷയായിരുന്നു അത്…”
കലങ്ങിയ കണ്ണുകളിൽ തെളിയുന്ന ചിരിയോടെ, അവൾ പറഞ്ഞു നിർത്തി……..
എല്ലാം പറഞ്ഞുതീർന്നതും ഞങ്ങളുടെ ഇടയിൽ മൗനം നിറഞ്ഞു.
ട്രെയിനിന്റെ വേഗതക്കനുസരിച്ച് പുറത്ത് നിന്നുള്ള കാറ്റ് ഞങ്ങളെ പുണരുന്നുണ്ടായിരുന്നു.
പിന്നിലാക്കപ്പെടുന്ന കാഴ്ചകൾ പോലെ, പഴയ സങ്കടങ്ങളെ കാറ്റിന് വിട്ടുകൊടുത്ത് ഞങ്ങൾ ആ ഇരിപ്പിടത്തിൽ ചാരിയിരുന്നു.
ആ കാറ്റിന്റെ തണുപ്പിലും എന്റെ ഉള്ളുമാത്രം നീറുകയായിരുന്നു…
നെഞ്ചിലൊരു വിങ്ങൽ…
എത്രത്തോളമാണ് ഇവർ എന്നെ സ്നേഹിക്കുന്നത്? എനിക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായവർ… ഓരോ ലൂപ്പിലും എന്റെ ജീവന് കാവലിരുന്നവർ.
പക്ഷേ, വിധിയുടെ തമാശ പോലെ… ഇത്രയൊക്കെ സ്നേഹിച്ചിട്ടും, ഈ ലൂപ്പിൽ പോലും അവരോട് പറയാൻ സാധിക്കാത്ത, ഉള്ളിൽ കനൽ പോലെ എരിയുന്ന ഒരു രഹസ്യം എനിക്കുണ്ട്. അതോർക്കും തോറും കുറ്റബോധം എന്നെ കാർന്നുതിന്നാൻ തുടങ്ങി.
പെട്ടെന്നാണ് ആമി എന്റെ മുഖത്തേക്ക് നോക്കി ആ ചോദ്യം ചോദിച്ചത്.
“ഇതൊക്കെ നിന്നോട് ഇപ്പോൾ എന്തിനാണ് ഞാൻ പറഞ്ഞതെന്ന് നിനക്കറിയാമോ ദേവാ?”
അവളുടെ കണ്ണുകളിലെ അർത്ഥം മനസ്സിലാവാതെ, “ഇല്ല” എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.
അവൾ ചെറിയൊരു പുഞ്ചിരിയോടെ തുടർന്നു.
“എനിക്കും നിധിക്കും അറിയാം… ഈ ലൂപ്പിലും നീ എന്തൊക്കെയോ രഹസ്യങ്ങൾ ഞങ്ങളിൽ നിന്നും ഒളിക്കുന്നുണ്ടെന്ന്.”
ഞാൻ ഒന്ന് ഞെട്ടി. എന്റെ മുഖത്തെ ഭാവം മാറിയത് അവൾ ശ്രദ്ധിച്ചു.
“പേടിക്കണ്ട… നിധിയുടെ ആ ശക്തി വെച്ച് നോക്കിയാൽ നിമിഷനേരം കൊണ്ട് നിന്റെ മനസ്സിലുള്ളത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും. പക്ഷേ… അങ്ങനെ ആ കാര്യം ഞങ്ങൾക്ക് അറിയണ്ട.
അത് നീയായിട്ട് എന്നാണോ പറയാൻ ആഗ്രഹിക്കുന്നത്, അന്ന് നിന്നിൽ നിന്നും തന്നെ ഞങ്ങൾക്കത് കേൾക്കണം. നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവരുത് ഞങ്ങളുടെ സ്നേഹം എന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അവൾ അതിന് മുതിരാത്തത്.”
അവൾ എന്റെ കൈകൾ ഒന്നുകൂടി മുറുക്കെ പിടിച്ചു.
“ഒരു കാര്യം നീ അറിയണം പൊന്നൂസേ… അത് എന്തുതന്നെയായാലും, ഇനി എന്തൊക്കെ സംഭവിച്ചാലും… ഞങ്ങൾ എന്നും നിന്റെ ഒപ്പമുണ്ടാകും. ഒരു നിഴൽ പോലെ…”
അതും പറഞ്ഞ് അവൾ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി, ശേഷം എന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
ആ കാറ്റിനേക്കാൾ കുളിർമയുള്ള, ആയിരം വാക്കുകളേക്കാൾ ആശ്വാസം തരുന്ന സ്നേഹത്തിന്റെ മുദ്രയായിരുന്നു അത്….
ഉള്ളിലൊളിപ്പിച്ച കുറ്റബോധവും, അവൾ നൽകുന്ന അളവറ്റ സ്നേഹവും കൂടി എന്റെ മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തിയിരുന്നു.
എന്റെ നിയന്ത്രണങ്ങൾ എല്ലാം തകർത്ത് കണ്ണുകൾ നിറഞ്ഞു തുളുമ്പി.
അത് കണ്ടതും അവളുടെ മുഖത്ത് വാത്സല്യം നിറഞ്ഞു.
”അയ്യേ… എന്റെ പൊന്നൂസ് കരയുവാണോ…?”
അവൾ കുനിഞ്ഞ്, എന്റെ കവിളിലൂടെ ഒരു ചാൽ പോലെ ഒഴുകിയിറങ്ങിയ ആ കണ്ണുനീർത്തുള്ളിയിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു.
ആ കണ്ണുനീരിന്റെ ഉപ്പ് അവൾ സ്വന്തം ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു. ആ സ്പർശനത്തിൽ എന്റെ സങ്കടങ്ങളെല്ലാം അലിഞ്ഞുപോകുന്നതുപോലെ…
പിന്നീട് ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
കൊച്ചുകുട്ടികളെപ്പോലെ വിരലുകൾ തമ്മിൽ കോർത്തുപിടിച്ച്, ആ സീറ്റിൽ ചേർന്നിരുന്നു.
അവൾ എന്തൊക്കെയോ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു… പഴയ സ്കൂൾ വിശേഷങ്ങൾ, യാത്രയിലെ തമാശകൾ… ഞാൻ അതെല്ലാം കേട്ട്, ഇടയ്ക്കിടെ മൂളിക്കൊണ്ട് ആ സാമിപ്യം ആസ്വദിച്ചിരുന്നു….
പെട്ടെന്നാണ് ഞങ്ങളുടെ പിന്നിൽ നിന്നും പരിചിതമായ ആ ശബ്ദം മുഴങ്ങിയത്.
