പെണ്ണുങ്ങളെല്ലാം സുരക്ഷിതമായി കയറി എന്ന് ഉറപ്പായതും, ഏറ്റവും അവസാനമായി സച്ചിനും രാഹുലും ആ ഓട്ടത്തിനിടയിൽ തന്നെ അനായാസം ഫുട്‌ബോർഡിലേക്ക് ചാടിക്കയറി.
“ഹാവൂ… ഭാഗ്യം…”
നിധി നെഞ്ചിൽ കൈവെച്ച് വലിയൊരു നെടുവീർപ്പിട്ടു.
സച്ചിൻ കയ്യിലുണ്ടായിരുന്ന കവറുകൾ എല്ലാം കൂടി വാതിലിന് സൈഡിലേക്ക് നീക്കി വെച്ചു. വിയർപ്പിൽ കുളിച്ചു നിൽക്കുകയാണ് എല്ലാവരും. ആമി ആദ്യമേ നിധിയുടെ തോളിൽ സ്ഥാനം പിടിച്ചിരുന്നു….
നിധി:-“ഇപ്പോ വരാമെന്ന് പറഞ്ഞ് പോയപ്പോൾ ഇത്ര നേരത്തേ വരുമെന്ന് വിചാരിച്ചില്ല…. ”
രാഹുൽ:-“എന്റെ പൊന്ന് നിധി നീ ഞങ്ങളെ കണ്ണുരുട്ടി കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.നിന്റെ തോളിൽ തല വച്ച് കിടക്കുന്നവളോട് ചോദിച്ചു നോക്ക് എന്തുക്കൊണ്ടാ വൈകിയത് എന്ന്…”
രാഹുൽ പറഞ്ഞ് നിർത്തിയതും നിധിയുടെ കണ്ണുകൾ യാന്ദ്രികമെന്നോണം ആമിയിലേക്ക് നീണ്ടു…
“എനിക്കൊന്നും അറിയില്ല….”
നോക്കേണ്ട താമസം ആമിയുടെ മറുപടിയുമെത്തി….
എന്നാൽ പൂച്ച പതുങ്ങുന്ന പോലെയുള്ള അവളുടെ മറുപടി കേട്ടാൽ തന്നേ മനസ്സിലാവും പുള്ളിക്കാരി എന്തോ ഒന്ന് ഒപ്പിച്ചു വച്ചിട്ടിണ്ടെന്ന്….
“അയ്യോ… എന്തൊരു പാവം! ഇവളേം വിശ്വസിച്ചിരുന്നോ നീ….”
അവൻ ശ്വാസം ഒന്ന് വലിച്ചുവിട്ട്, നടന്ന കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി.
“”ഞങ്ങൾ ചായയും വടയും ഒക്കെ വാങ്ങി തിരിച്ചു നടക്കാൻ തുടങ്ങിയതാ. അപ്പോഴാണ് എവിടെ നിന്നോ നെയ്‌റോസ്റ്റിന്റെ മണം ഇവളുടെ മൂക്കിലേക്ക് അടിച്ചുകയറിയത്.
പിന്നെ പറയണോ? ‘എനിക്ക് ദോശ വേണം’ എന്ന് പറഞ്ഞ് ഇവളങ്ങ് തുടങ്ങി…””
രാഹുൽ സച്ചിനെ ചൂണ്ടി തുടർന്നു.
”സച്ചിൻ അന്നേരം തന്നെ പറഞ്ഞതാ, അവിടെ നല്ല തിരക്കാണ്, ആ ക്യൂ കണ്ടില്ലേ, നമുക്ക് പിന്നെ എവിടുന്നെങ്കിലും കഴിക്കാം ട്രെയിൻ വിടാറായി എന്നൊക്കെ. പക്ഷേ ആര് കേൾക്കാൻ?”
അവൻ ആമിയെ നോക്കി കണ്ണ് ഉരുട്ടി.
”ദോശ കിട്ടാതെ ഞാൻ വരില്ല എന്ന് പറഞ്ഞ് അവിടെ കാലും കുത്തി കൊച്ചുകുട്ടികളെപ്പോലെ ഇവളുടെയൊരു നിൽപ്പുണ്ടായിരുന്നു… ഹോ…അവസാനം നിവൃത്തിയില്ലാതെ ഞങ്ങൾ ആ നീണ്ട ക്യൂവിൽ പോയി നിന്ന്, ദോശയും വാങ്ങി പാക്ക് ചെയ്ത് വന്നപ്പോഴേക്കും ട്രെയിൻ ഹോൺ അടിച്ചു… ബാക്കി നീ കണ്ടല്ലോ, കുറച്ചുംകൂടി വൈകിയിരുന്നെങ്കിൽ ഇന്ന് ഞങ്ങൾ ആ സ്റ്റേഷനിൽ തന്നെ കിടന്നുറങ്ങേണ്ടി വന്നേനെ…”
രാഹുൽ പറഞ്ഞു നിർത്തിയതും, ആമി ഒരല്പം ജാള്യതയോടെ സച്ചിന്റെ കയ്യിലിരുന്ന കവറിലേക്ക് നോക്കി.
”അതിപ്പൊ… ആ മണം വന്നപ്പോൾ എനിക്ക് പെട്ടെന്ന് കൊതി വന്നിട്ടല്ലേ… ന്നാലും നമ്മൾ കേറിയില്ലേ..”
“ഓ… പിന്നേ…. പിന്നേ….”
രാഹുലിന്റെ സംസാരം കേട്ട് ആമി ഒന്ന് പരുങ്ങി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി റോസിന്റെ ഇടപെടൽ ഉണ്ടായത്.
”ഓ… ഒന്ന് നിർത്തടാ രാഹുലേ…”
റോസ് ആമിയുടെ തോളിലൂടെ കൈയ്യിട്ട് അവളെ ചേർത്തുപിടിച്ചു കൊണ്ട് രാഹുലിനെ നോക്കി പറഞ്ഞു.
”നീ വെറുതെ അവളെ മാത്രം കുറ്റപ്പെടുത്താൻ നിൽക്കണ്ട. സത്യം പറഞ്ഞാൽ ആ ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ അടിച്ച ആ നെയ്‌റോസ്റ്റിന്റെ മണം… ഉഫ്! എന്റെയും കണ്ട്രോൾ പോയിരുന്നു. അവൾ പറഞ്ഞില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ പറഞ്ഞേനേ… പിന്നെ അവൾ വാശി പിടിച്ചത് കൊണ്ട് ഇപ്പോ നമുക്ക് നല്ല ചൂട് ദോശ കഴിക്കാലോ… അല്ലെങ്കിൽ വെറും ചായയും ഒരു അവിഞ്ഞ വടയും കഴിച്ച് ഇരിക്കേണ്ടി വന്നേനെ…”
റോസിന്റെ സംസാരം കേട്ടതും ആമിയുടെ മുഖം ഒരു ആയിരം വാട്ട് ബൾബ് പോലെ കത്തി. അവൾ വിജയിഭാവത്തിൽ രാഹുലിനെ ഒന്ന് നോക്കി.
അവരുടെ സംസാരവും ചിരിയും മുറുകി നിൽക്കുന്ന ആ നിമിഷം, എന്റെ ഉള്ളിലെവിടെയോ അകാരണമായ ഒരു ദേഷ്യം നുരഞ്ഞുപൊന്തി.
ഒരുപക്ഷേ നേരത്തെ കണ്ണാടിയിൽ കണ്ട ഭയമാകാം, അല്ലെങ്കിൽ ശരീരത്തെ തളർത്തുന്ന കാരണമറിയാത്ത ക്ഷീണമാകാം… എനിക്കെന്തോ പെട്ടെന്ന് നിയന്ത്രണം വിട്ടു.
