നിധിയുടെ കാവൽക്കാരൻ – 17 92അടിപൊളി 

​കാഴ്ചകൾക്കൊപ്പം, ദൂരെ ക്ഷേത്ര ഗോപുരത്തിൽ നിന്നും ഒഴുകി വരുന്ന ഭക്തിസാന്ദ്രമായ സംഗീതവും, ചന്ദനത്തിരിയുടെ ഗന്ധവും…

 

മൊത്തത്തിൽ ​മനസ്സ് ശാന്തമാകുന്ന അന്തരീക്ഷം.​”ആഹാ… അന്തസ്സ്…!”

 

​ഞാൻ അത്ഭുതത്തോടെ ആ തെരുവിന്റെ ഭംഗി ആസ്വദിച്ച് മെല്ലെ നടന്നു ​നടന്ന് ക്ഷേത്രത്തിന്റെ ഗോപുരവാതിലിന് മുന്നിലെത്തി.

 

​പുറത്ത് തന്നെ വലിയൊരു കുട്ടയിൽ നിറയെ മുല്ലപ്പൂവും ജമന്തിയും വെച്ച് വിൽക്കുന്ന ഒരു ചേട്ടനുണ്ട്. എന്നെ കണ്ടതും അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു:

 

​”സാമി… പൂ വേണമാ…?”

 

​”വേണ്ടണ്ണാ…”

 

​ഞാൻ ചിരിച്ചുകൊണ്ട് കൈമലർത്തി.

 

​ശേഷം വെറുതെ അവിടെയുള്ള കടകളിലേക്കൊക്കെ ഒന്ന് നോക്കി. ചൂടുള്ള കാപ്പി മണം വരുന്നുണ്ട്.ഒപ്പം ആളുകളുടെ കൊച്ചുവർത്തമാനങ്ങളും…

 

​അവിടം മൊത്തം ഒന്ന് കണ്ട് ആസ്വദിച്ച ശേഷം ഞാൻ തിരികെ നടക്കാൻ തുടങ്ങി.

​തിരിഞ്ഞു രണ്ട് ചുവട് വെച്ചതേയുള്ളൂ, പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.

 

​”മോനേ…..?”

 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, കാവി വസ്ത്രം ധരിച്ച, മുഖത്ത് നിറയെ ഭസ്മം പൂശിയ ഒരു വൃദ്ധയെയാണ്. പ്രായം തോന്നിക്കുമെങ്കിലും അവരേ കാണാൻ ഒരു പ്രത്യേക അഴകായിരുന്നു…..

 

അവരുടെ കഴുത്തിൽ കിടന്നിരുന്ന രുദ്രാക്ഷ മാല പൊട്ടിപ്പോയിരുന്നു..

 

നിലത്ത് ചിതറി വീണ രുദ്രാക്ഷ മുത്തുകൾ, വിറയ്ക്കുന്ന കൈകൾ കൊണ്ട് അവർ ഓരോന്നായി പെറുക്കിയെടുക്കാൻ ശ്രമിക്കുകയാണ്.

 

ഒരുപക്ഷേ എന്നെ വിളിച്ചത് സഹായത്തിന് വേണ്ടിയാവാം എന്ന് കരുതി ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..

 

“ഞാൻ സഹായിക്കാം…..”

 

ഞാൻ അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു.

 

മണ്ണിൽ ചിതറിക്കിടന്നിരുന്ന ഓരോ രുദ്രാക്ഷ മുത്തുകളും ഞാൻ ശ്രദ്ധാപൂർവ്വം പെറുക്കിയെടുത്തു. എല്ലാം പെറുക്കി, എന്റെ കൈവെള്ളയിൽ വെച്ച് ഞാൻ അവർക്ക് നേരെ നീട്ടി.

 

“ഇതാ…”

 

വിറയ്ക്കുന്ന കൈകൾ നീട്ടി അവരത് എന്റെ കയ്യിൽ നിന്നും വാങ്ങി.

 

അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം, ഞാൻ തിരികെ നടക്കാനായി എഴുന്നേറ്റു.

 

പക്ഷേ, തിരിയും മുൻപേ… തണുത്തു മരവിച്ച ആ കൈകൾ എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു…

 

ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി. ആ വൃദ്ധയുടെ പിടിക്ക് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു.

 

ഞാൻ അമ്പരപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി.

 

അതുവരെ മങ്ങിയിരുന്ന അവരുടെ കണ്ണുകളിൽ ഇപ്പോൾ വല്ലാത്തൊരു തിളക്കം.

 

അവർ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്. ആ നോട്ടം എന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറുന്നതുപോലെ തോന്നി.

 

“അപൂർവ്വ പിറവിയാണ്… കാലങ്ങൾ കാത്തിരുന്ന ജന്മം…”

 

അവരുടെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും മാറുന്നില്ല.

 

“നിന്നെ കാക്കാൻ… കൂട്ടിന് രണ്ട് കവചങ്ങളുണ്ട്… സുന്ദരമായ രണ്ട് വെളിച്ചങ്ങൾ… പക്ഷേ…”

 

അവരുടെ ശബ്ദം ഒന്ന് താഴ്ന്നു. പിടി മുറുകി.

 

“അതിലൊന്ന്… അധികകാലം കൂടെയുണ്ടാവില്ല… കാലം അത് കവർന്നെടുക്കും… നിന്റെ കൈകൾക്ക്… നിന്റെ ശക്തിക്ക്… അതിനെ തടുക്കാനാവില്ല…”

 

എന്താണ് പറയുന്നതെന്ന് മനസ്സിലാവാതെ ഞാൻ പകച്ചു നിന്നു.

 

“പക്ഷേ… തോൽക്കരുത്… തളരരുത്… കർമ്മങ്ങൾ ഇനിയും ബാക്കിയാണ്… ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്…”

 

അവർ എന്റെ കൈവിട്ടു. ശേഷം ക്ഷേത്ര ഗോപുരത്തിലേക്ക് നോക്കി കൈകൂപ്പിക്കൊണ്ട് അവർ പിറുപിറുത്തു:

 

“വിധി… ഈ വിധി മാറ്റാൻ… അവൾക്കേ കഴിയൂ… അവളേ കണ്ടെത്തുക… അവളോട് മാത്രം പ്രാർത്ഥിക്കുക…”

 

അവരുടെ ആ വാക്കുകൾ കേട്ടതും, ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം നിലച്ചതുപോലെ… കൺമുന്നിൽ വലിയൊരു ഇരുട്ട് വന്ന് മൂടുന്നത് പോലെ എനിക്ക് തോന്നി.

 

തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ്.

 

ഭൂമി എനിക്ക് ചുറ്റും കറങ്ങുന്നത് പോലെ…

ഒരു നിമിഷ നേരത്തേക്ക് ബോധം മറഞ്ഞുപോയ അവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *