”എന്താടാ…ആദി, നിലാവും നോക്കി വലിയൊരു തപസ്സിലാണല്ലോ?”
പിന്നിൽ നിന്നുള്ള ആ വിളി കേട്ട് ഞാൻ തിരിഞ്ഞുനോക്കി. അനഘ ചേച്ചിയാണ്. ചിന്തകളിൽ മുഴുകി നിന്നതുകൊണ്ട് ചേച്ചി മുകളിലേക്ക് വന്നത് ഞാൻ അറിഞ്ഞിരുന്നില്ല.
”ഏയ്… ഒന്നുല്ല ചേച്ചീ. നല്ല കാറ്റില്ലേ, വെറുതെ അതൊന്ന് കൊള്ളാൻ വന്നതാ,”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ചേച്ചി എന്റെ അടുത്തേക്ക് വന്ന് കൈവരിയിൽ ചാരിനിന്നു. ആ മുഖത്ത് എന്നെ കളിയാക്കാനുള്ള വലിയൊരു കള്ളച്ചിരിയുണ്ടായിരുന്നു.
”ഉവ്വ്… കാറ്റുകൊള്ളാൻ വന്നതാത്രേ! നിന്റെ മനസ്സിലിപ്പോ കാറ്റല്ല, വലിയൊരു കൊടുങ്കാറ്റാണെന്ന് എനിക്ക് നന്നായിട്ടറിയാം. താഴെ നിന്റെ പെണ്ണ് നിന്നെയും നോക്കി കാത്തിരിപ്പാണ്… നീ അധികം കാറ്റുകൊള്ളാതെ വേഗം താഴേക്ക് ചെല്ലാൻ നോക്ക്,”
ചേച്ചി എന്നെ നോക്കി കണ്ണിറുക്കി.
”അത്… ചേച്ചീ…”
ഞാൻ വല്ലാതെ ചമ്മിപ്പോയി.
”അതൊക്കെ പോട്ടെടാ,”
ചേച്ചി പെട്ടെന്ന് സംസാരത്തിന്റെ ട്രാക്ക് മാറ്റി.
ആ മുഖത്തെ കള്ളച്ചിരിയൊക്കെ മാറി അവിടെ വളരെ സ്വാഭാവികമായൊരു പരുങ്ങൽ വന്നു. എപ്പോഴും എന്നെ വഴക്കുപറയുന്ന ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു നാണം!
“ഞാനിപ്പോ എന്തായാലും മറ്റന്നാൾ തിരിച്ചുപോവുകയല്ലേ. അതിനുമുൻപ് എനിക്ക് നിന്നോട് മാത്രം ഒരു കാര്യം പറയാനുണ്ടായിരുന്നു.”
”എന്താ ചേച്ചീ… എന്തുപറ്റി? മുഖത്തൊരു കള്ളലക്ഷണം ഒക്കെ ഉണ്ടല്ലോ,”
ഞാൻ സംശയത്തോടെ ചോദിച്ചു.
ചേച്ചി ചുറ്റുമൊന്ന് നോക്കി, ആരും കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വിരലുകൾ കൂട്ടിയമർത്തി വളരെ പതുക്കെ പറഞ്ഞു.
”എടാ… അത്… എന്റെ ഓഫീസിൽ ഒരു പയ്യനുണ്ട്. പേര് അരവിന്ദ്. ഞങ്ങളുടെ ടീമിൽ തന്നെയാ വർക്ക് ചെയ്യുന്നത്. കുറച്ചു നാളായിട്ട്… ഞങ്ങൾ തമ്മിൽ……!എനിക്ക് അവനെ ഭയങ്കര ഇഷ്ടാടാ.”
അത് കേട്ടതും എന്റെ കണ്ണുകൾ വിടർന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി! ഞങ്ങളുടെ കുടുംബത്തിലെ ‘ഹിറ്റ്‌ലർ’ എന്ന് ഞാൻ എപ്പോഴും കളിയാക്കുന്ന എന്റെ ചേച്ചിക്ക് ഒരു പ്രണയമോ!
ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം ഞാൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.
”എന്താടാ… എന്താ ചിരിക്കാൻ മാത്രം ഇത്ര വലിയ തമാശ?”
ചേച്ചി ദേഷ്യത്തോടെ എന്റെ കയ്യിൽ ശക്തിയായി ഒന്നടിച്ചു.
”അല്ല ചേച്ചീ…”
ഞാൻ ചിരിയമർത്താൻ പാടുപെട്ടുകൊണ്ട് പറഞ്ഞു,
“ആരാ ആ ഹതഭാഗ്യൻ? നിന്റെ ഈ ഹിറ്റ്‌ലർ സ്വഭാവം ഒന്നും ആ പാവത്തിന് അറിയില്ലേ? സത്യം പറ, ആ പാവം പയ്യനെ നീ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതല്ലേ?”
”പോടാ ചെക്കാ…”
ചേച്ചി വീണ്ടും എന്റെ തോളിൽ അടിച്ചു. പക്ഷെ ആ മുഖത്തെ നാണം അപ്പോഴും മാറിയിരുന്നില്ല.
“അങ്ങനെയൊന്നുമല്ല… ഭയങ്കര പാവമാടാ കക്ഷി. വളരെ ജെനുവിൻ ആയിട്ടുള്ള ഒരാൾ. എന്നെ കൃത്യമായിട്ട് മനസ്സിലാക്കാൻ അരവിന്ദിന് കഴിയുന്നുണ്ട്.”
ചേച്ചി അത് പറയുമ്പോൾ ആ കണ്ണുകളിൽ വലിയൊരു പ്രണയം തിളങ്ങുന്നത് ഞാൻ കണ്ടു.
എപ്പോഴും വീട്ടിലെ കാര്യങ്ങളും എന്റെയും അമ്മയുടെയും ആവശ്യങ്ങളും നോക്കി ഓടിനടക്കുന്ന എന്റെ ചേച്ചിക്കും സ്വന്തമായി ഒരു ലോകം ഉണ്ടായെന്നറിഞ്ഞതിൽ എനിക്ക് ഉള്ളിൽ വലിയൊരു സന്തോഷം തോന്നി. ഞാൻ കളിയാക്കലൊക്കെ നിർത്തി സ്നേഹത്തോടെ ചേച്ചിയുടെ തോളിലൂടെ കയ്യിട്ടു.
”അമ്മയോട് പറഞ്ഞോ?”
ഞാൻ വളരെ ഗൗരവത്തിൽ ചോദിച്ചു.
”ഇല്ലെടാ… അമ്മയോട് നേരിട്ട് പറയാൻ എനിക്കൊരു പേടി. നീ നിന്റെ പെണ്ണിന്റെ കാര്യം ഇത്രയും ഗംഭീരമായിട്ട് സെറ്റാക്കിയല്ലോ. അതുകൊണ്ട് നിന്റെ ഹണിമൂൺ ഒക്കെ കഴിഞ്ഞിട്ട്, നീ തന്നെ പതുക്കെ അമ്മയോട് ഈ കാര്യം ഒന്ന് അവതരിപ്പിക്കണം. അതിനുവേണ്ടിയാ ഞാൻ നിന്നോട് ഇപ്പോൾ പറഞ്ഞത്,”
ചേച്ചി എന്റെ മുഖത്തേക്ക് വലിയ പ്രതീക്ഷയോടെ നോക്കി.
”ഓഹോ… അപ്പൊ കാര്യങ്ങൾ അമ്മയോട് അവതരിപ്പിക്കാൻ നിനക്ക് ഈ അനിയനെ വേണം അല്ലെ?”
ഞാൻ വീണ്ടും കുസൃതിയോടെ ചോദിച്ചു.
”അതേടാ… നീ പറഞ്ഞാൽ അമ്മ എന്തായാലും കേൾക്കും. പിന്നെ അരവിന്ദിന് നിന്നെ കാണാൻ ഭയങ്കര ആഗ്രഹമാ. ഞാൻ പറഞ്ഞിട്ടുണ്ട്, ഒറ്റയ്ക്ക് പോയി ഗുണ്ടകളൊക്കെ ഇടിച്ചിട്ട് പെണ്ണിനെയും കൊണ്ട് വന്ന വലിയൊരു ഹീറോയാണ് എന്റെ അനിയൻ എന്ന്. അവൻ നിന്നെ കാണാൻ ഇത്തിരി പേടിയോടെയാ കാത്തിരിക്കുന്നത്,”
