പാർവണം – 6 3അടിപൊളി  

​”എന്നാ ഈ കടലോളം ഇഷ്ടാ എനിക്ക് എന്റെ ആദിയെ…”

​ഞാൻ അവളുടെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി. സൂര്യൻ പതുക്കെ കടലിലേക്ക് താഴ്ന്നിറങ്ങുമ്പോൾ, എന്റെ ജീവിതം അതിന്റെ ഏറ്റവും മനോഹരമായ തീരത്ത് എത്തിനിൽക്കുകയാണെന്ന് എനിക്ക് തോന്നി. ഞങ്ങളെ തഴുകിപ്പോകുന്ന ഓരോ കാറ്റിലും പ്രണയത്തിന്റെ വല്ലാത്തൊരു സുഗന്ധമുണ്ടായിരുന്നു…

കടൽത്തീരത്തെ ആ സായാഹ്നത്തിന് വിടപറയുമ്പോൾ ആകാശം പൂർണ്ണമായും ഇരുണ്ടിരുന്നു. തിരമാലകളുടെ ഇരമ്പൽ പിന്നിലുപേക്ഷിച്ച് ഞങ്ങൾ തിരികെ ബൈക്കിനരികിലേക്ക് നടന്നു. നഗരത്തിലെ രാത്രിവെളിച്ചങ്ങളിലൂടെ തിരികെ ബൈപ്പാസിലേക്ക് കയറുമ്പോൾ, തണുത്ത കാറ്റിൽ നിന്നും രക്ഷനേടാനായി അവൾ എന്റെ പുറത്തേക്ക് മുഖമമർത്തി, എന്നെ ഒന്നുകൂടി ഇറുകെ കെട്ടിപ്പിടിച്ചിരുന്നു.

​കുറച്ചു ദൂരം പിന്നിട്ടതും ദൂരെ ലുലു മാളിന്റെ കൂറ്റൻ കെട്ടിടവും അതിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും തെളിഞ്ഞുകണ്ടു. പാർക്കിങ്ങിലേക്ക് വണ്ടി കയറ്റുമ്പോൾത്തന്നെ അവളുടെ കണ്ണുകളിൽ വലിയൊരു അത്ഭുതം നിറഞ്ഞിരുന്നു. വണ്ടി വെച്ച് ഞങ്ങൾ നടന്ന് ആ മെയിൻ എൻട്രൻസിന് മുന്നിലെത്തി. ഓട്ടോമാറ്റിക് ഗ്ലാസ്സ് ഡോർ തുറന്ന് ആ വലിയ എസി ഹാളിലേക്ക് കയറിയതും, അവൾ പെട്ടെന്ന് നിന്നേടത്തുനിന്നും അനങ്ങാതെയായി. മുകളിലേക്ക് നോക്കുന്തോറും തീരാത്തത്ര വലിയ നിലകൾ, താഴെ വലിയൊരു ഗ്ലാസ്സ് മേൽക്കൂരയ്ക്ക് താഴെയായി തിങ്ങിനിറഞ്ഞ മനുഷ്യർ, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം, ചുറ്റും പല വർണ്ണങ്ങളിലുള്ള

കടകൾ… ഒരു നിമിഷം ശ്വാസം നിലച്ചതുപോലെ അവൾ ചുറ്റും നോക്കി.

​പാലക്കാട്ടെ ആ ചെറിയ തറവാടിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന അവൾക്ക്, ഇതിത്രയും വലിയൊരു വിസ്മയമായിരുന്നു.

​”എന്റെ ദൈവമേ… ഇതെന്താ ആദീ? ഇത്രേം വല്ല്യേ കടയോ… ഇതൊരു കടയല്ലല്ലോ, വല്ല്യേ ഒരു സിറ്റി തന്ന്യല്ലേ…”

എന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ആ തനി പാലക്കാടൻ ശൈലിയിൽ അത്ഭുതത്തോടെ അവൾ ചോദിച്ചു.

​അവളുടെ ആ നിഷ്കളങ്കമായ നോട്ടവും ചോദ്യവും കേട്ട് എനിക്ക് ചിരിവന്നു. ഞാൻ അവളോട് കൂടുതൽ ചേർന്നുനിന്നുകൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു.

​”ഇതാണ് പെണ്ണേ തിരുവനന്തപുരം നഗരം. ഇവിടെ ഇതല്ല ഇതിനപ്പുറവും കാണാനുണ്ട്. വാ…”

​ഞാൻ അവളെയും ചേർത്തുപിടിച്ച് മുന്നോട്ട് നടന്നു. എങ്ങാനും എന്റെ കൈവിട്ടുപോയാൽ ആ വലിയ തിരക്കിൽ അവൾ എവിടെയെങ്കിലും വഴിതെറ്റിപ്പോകുമോ എന്നൊരു പേടി അവളുടെ ആ വലിയ നീലക്കണ്ണുകളിൽ ഉണ്ടായിരുന്നു. എസ്കലേറ്ററിലേക്ക് കയറാൻ നേരം അവൾ വല്ലാതെ പേടിച്ച് എന്റെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി. ഞാൻ അവൾക്ക് ധൈര്യം കൊടുത്ത് എന്റെ ചേർത്തുതന്നെ നിർത്തി. മുകളിലത്തെ നിലകളിലൂടെ നടക്കുമ്പോൾ അവിടെയുള്ള ഓരോ കടകളിലേക്കും വല്ലാത്തൊരു കൗതുകത്തോടെയാണ് അവൾ നോക്കിയിരുന്നത്.

​കുറച്ചുനേരം നടന്നതിന് ശേഷം ഞങ്ങൾ താഴത്തെ നിലയിലുള്ള സ്റ്റാർബക്സിൽ കയറി. കോഫി ഓർഡർ ചെയ്ത് ഞങ്ങൾ ആ വലിയ ഗ്ലാസ്സ് ജനാലയ്ക്കരികിലുള്ള ടേബിളിൽ പോയിരുന്നു. കുറച്ചുകഴിഞ്ഞതും ‘പാർവണ’ എന്ന് പേരെഴുതിയ ആ കോഫി കപ്പുകൾ ഞങ്ങളുടെ ടേബിളിലേക്ക് വന്നു. സ്വന്തം പേരെഴുതിയ ആ കപ്പ് കണ്ടപ്പോൾ അവളുടെ മുഖത്ത് വലിയൊരു ചിരി വിടർന്നു. അവൾ അത് വളരെ സൂക്ഷിച്ച് ചുണ്ടോടടുപ്പിച്ച് ഒരു സിപ്പ് കുടിച്ചു.

​”എങ്ങനെയുണ്ട്?”

ഞാൻ ചോദിച്ചു.

​”മ്മ്… കൊള്ളാം, നല്ല ടേസ്റ്റ് ഇണ്ട്. പക്ഷെ ഇതിനേക്കാളും എനിക്കിഷ്ടം നമ്മുടെ അമ്മേടെ ഏലക്കയിട്ട ആ ചൂട് ചായയാ ട്ടോ,”

കുസൃതിയോടെ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ പറഞ്ഞു.

ഞാൻ വലിയൊരു ചിരിയോടെ ആ കോഫി മുഴുവൻ കുടിച്ചുതീർത്തു.

അവിടുന്ന് ഇറങ്ങി ഞങ്ങൾ നേരെ പോയത് ഡ്രസ്സുകൾ എടുക്കുന്ന വലിയൊരു സെക്ഷനിലേക്കാണ്. ഞാൻ അവൾക്കായി മനോഹരമായ രണ്ട് മൂന്ന് ചുരിദാറുകൾ തിരഞ്ഞെടുത്തു. പിന്നെ അമ്മയ്ക്ക് വേണ്ടി നല്ല കസവുള്ള രണ്ട് സെറ്റ് സാരികളും. ഞാൻ ഇതൊക്കെ ബില്ലടക്കാൻ വേണ്ടി കൗണ്ടറിലേക്ക് കൊണ്ടുപോകുന്നത് കണ്ടപ്പോൾ അവൾ വേഗം എന്റെ അടുത്തേക്ക് വന്നു.

Updated: August 9, 2026 — 1:40 pm

Leave a Reply

Your email address will not be published. Required fields are marked *