കുറച്ചുകഴിഞ്ഞതും ഡൈനിങ് ടേബിളിൽ പ്രഭാതഭക്ഷണം റെഡിയായി. അടുക്കളയിൽ നിന്നും ചൂട് അപ്പവും മുട്ടക്കറിയുമായി അമ്മയും പാർവണയും ഹാളിലേക്ക് വന്നു. കുളിച്ച് റെഡിയായി അനഘ ചേച്ചിയും അങ്ങോട്ടേക്ക് എത്തി.
ഞങ്ങൾ മൂന്നുപേരും ആ വലിയ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്നു. പാർവണ വളരെ സ്നേഹത്തോടെ എല്ലാവർക്കും അപ്പം വിളമ്പിക്കൊടുത്തു. എന്റെ പ്ലേറ്റിലേക്ക് കറിയൊഴിച്ചു തരുമ്പോൾ ആരും കാണാതെ അവൾ എനിക്കൊരു കുസൃതിച്ചിരിയും പാസാക്കി. ആ വലിയ വീട്ടിലെ ഊണുമേശയിൽ ഒരുപാട് കാലത്തിന് ശേഷം സന്തോഷം മാത്രം നിറഞ്ഞുനിൽക്കുന്നൊരു പ്രഭാതമായിരുന്നു അത്.
ഭക്ഷണം കഴിക്കുന്നതിനിടയിൽ, അമ്മ ഇടയ്ക്ക് അനഘ ചേച്ചിയെ വലിയൊരു വാത്സല്യത്തോടെ നോക്കി. ആ നോട്ടത്തിൽ ഒരു അമ്മയുടെ ഉത്തരവാദിത്തം മുഴുവൻ ഉണ്ടായിരുന്നു.
”ഇനിയിപ്പോ ഒരു കാര്യം കൂടിയേ ബാക്കിയുള്ളൂ…”
അമ്മ ചേച്ചിയെ നോക്കി വലിയൊരു നെടുവീർപ്പോടെ പറഞ്ഞു.
“ഇവളെയുംക്കൂടി നല്ലൊരു പയ്യന്റെ കയ്യിൽ ഏൽപ്പിച്ചാലേ എനിക്കൊരു സമാധാനം ആവൂ.”
അമ്മയുടെ ആ ഡയലോഗ് കേട്ടതും അപ്പം വായിലേക്ക് വെക്കാൻ പോയ ചേച്ചിയുടെ കൈ പെട്ടെന്നൊന്ന് നിന്നു. ചേച്ചി വല്ലാത്തൊരു പരിഭ്രമത്തോടെ എന്നെ നോക്കി. അമ്മ അങ്ങനെയൊരു കാര്യം പറഞ്ഞപ്പോൾ, മനസ്സിൽ അരവിന്ദിനെ കൊണ്ടുനടക്കുന്ന ചേച്ചിക്ക് സ്വാഭാവികമായും ഉണ്ടാകുന്ന ആ പേടി ആ മുഖത്തുണ്ടായിരുന്നു.
ചേച്ചിയുടെ ആ നോട്ടം കണ്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ അത് കഷ്ടപ്പെട്ട് അടക്കിപ്പിടിച്ചു. അപ്പോഴാണ് കയ്യിലെ പാത്രവുമായി പാർവണ അവിടേക്ക് കയറി വന്നത്.
”അതെയമ്മേ… ചേച്ചീടെ കല്യാണം നമുക്ക് വല്ല്യേ രീതിയില് തന്ന്യേ നടത്തണം. ഇന്ദ്രനീലത്തില് നിന്ന് എല്ലാവരും വരും. എന്റെ കല്യാണത്തിന് ചേച്ചി ഓടിനടന്ന് പണിയെടുത്തതല്ലേ, ചേച്ചീടെ കല്യാണത്തിന് ഞാൻ മുന്നില് തന്നെ ഉണ്ടാവും. എന്താ അല്ലെ ആദി?”
പാർവണ വളരെ ആവേശത്തോടെ ചോദിച്ചു.
അവൾക്ക് ചേച്ചിയോടുള്ള ആ സ്നേഹം കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞാൻ വീണ്ടും ചിരിയമർത്തിക്കൊണ്ട് ചേച്ചിയെ നോക്കി പറഞ്ഞു.
”പിന്നില്ലാതെ… നല്ല ഗംഭീരമായിട്ട് തന്നെ നമുക്ക് നടത്താം. പയ്യനെയൊക്കെ വൈകാതെ തന്നെ നമുക്ക് കണ്ടുപിടിക്കാം. എന്താ ചേച്ചീ?”
എന്റെ ആ ഡയലോഗ് കേട്ടതും ചേച്ചിയുടെ മുഖം വല്ലാതെ ചുവന്നു. രഹസ്യം അറിയാവുന്ന ഞാൻ അവളെ വെച്ചുകൊണ്ടിരുന്ന് കളിയാക്കുകയാണെന്ന് അവൾക്ക് നന്നായിട്ട് മനസ്സിലായിരുന്നു. പെട്ടെന്ന് ടേബിളിനടിയിലൂടെ ചേച്ചിയുടെ കാല് വന്ന് എന്റെ കാലിൽ ശക്തിയായി ഒന്ന് ചവിട്ടി! എന്നെക്കൊണ്ട്
കൂടുതൽ ഒന്നും പറയിപ്പിക്കാതിരിക്കാൻ ചേച്ചി വേഗം സംസാരത്തിന്റെ വിഷയം മാറ്റി.
”എന്റെ കല്യാണത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ. ഞാൻ നാളെ രാവിലെ ബാംഗ്ലൂരിലേക്ക് പോവാ. ട്രെയിൻ ടിക്കറ്റ് ഒക്കെ ഇന്നലെ തന്നെ ബുക്ക് ചെയ്തിരുന്നു.”
ചേച്ചി വളരെ ഗൗരവത്തിൽ പറഞ്ഞു.
അതുകേട്ടതും പാർവണയുടെ മുഖത്തെ ആവേശമൊക്കെ മാഞ്ഞു. അവൾ സങ്കടത്തോടെ ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നു.
”അയ്യോ… നാളത്തന്നെ പോവ്വാണോ ചേച്ചീ? കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാ മതിയാരുന്ന്…,”
അവൾ വലിയൊരു പരിഭവത്തോടെ പറഞ്ഞു.
”അതെന്നെയാ അനഘേ ഞാനും പറയുന്നേ… അവളിങ്ങോട്ട് വന്നതേയുള്ളൂ. ഒരു രണ്ടാഴ്ച കൂടി നിന്നിട്ട് പോയാൽ പോരെ നിനക്ക്?”
അമ്മയും ചേച്ചിയോട് ചോദിച്ചു.
ചേച്ചി വലിയൊരു നിസ്സഹായതയോടെ പാർവണയുടെ കയ്യിൽ പിടിച്ചു.
“അതെങ്ങനെയാ അമ്മേ… ഇപ്പൊ തന്നെ ഞാൻ കുറെ ദിവസമായി ലീവ് എടുത്തിട്ട്. നാളെ പോയില്ലെങ്കിൽ ചിലപ്പോ പണി പോകും. പുതിയ പ്രൊജക്റ്റ് തുടങ്ങാനുണ്ട്. പിന്നെ ഞാൻ ഇടയ്ക്ക് ലീവ് കിട്ടുമ്പോഴൊക്കെ ഓടിവരില്ലേ പാർവണേ…”
അതുകേട്ട് പാർവണ സങ്കടത്തോടെ ഒന്നു മൂളി.
”അവൾക്ക് ജോലിത്തിരക്ക് ഉള്ളതുകൊണ്ടല്ലേ അമ്മേ.””
ഞാൻ ഒത്തുതീർപ്പാക്കുന്ന മട്ടിൽ പറഞ്ഞു.
