ഞാൻ അമ്മയോടായി പറഞ്ഞു.
”ശരിയെടാ… സൂക്ഷിച്ച് പോയിട്ട് വാ. എന്നാലും അധികം വൈകാതെ വേഗം വരാൻ നോക്ക് ട്ടോ രണ്ടാളും,”
അമ്മ സ്നേഹത്തോടെ പറഞ്ഞു.
അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ മുറ്റത്തേക്കിറങ്ങി. എന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും അവൾ വന്ന് പതിയെ പുറകിലേക്ക് കയറിയിരുന്നു. വണ്ടി മുന്നോട്ട് എടുത്തതും ഒരു നേർത്ത കുളിരോടെ അവളുടെ രണ്ടു കൈകളും എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു. അവളുടെ മൃദുവായ ശരീരം എന്റെ പുറത്തേക്ക് അമർന്നപ്പോൾ എന്റെ സിരകളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. കാറ്റിൽ പാറിവന്ന അവളുടെ മുടിയിഴകൾ എന്റെ കവിളിൽ തലോടിക്കൊണ്ടിരുന്നു.
കഴക്കൂട്ടം ബൈപ്പാസിലൂടെ എന്റെ വണ്ടി മുന്നോട്ട് കുതിക്കുമ്പോൾ, ഇരുവശത്തുമുള്ള പച്ചപ്പും സായാഹ്നത്തിന്റെ ഇളംവെയിലും ആ യാത്രയെ കൂടുതൽ മനോഹരമാക്കി. എന്നോട് ചേർന്നിരുന്ന് റോഡിലെ കാഴ്ചകൾ കണ്ട് വല്ലാത്തൊരു ആവേശത്തിലായിരുന്നു അവൾ. അല്പനേരം കഴിഞ്ഞതും ദൂരെ ലുലു മാളിന്റെ വലിയ കെട്ടിടം കണ്ടുതുടങ്ങി. ബൈപ്പാസിൽ അവിടെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. ആദ്യമായിട്ടാണ് പാർവണ ഇത്രയും വലിയൊരു മാൾ കാണുന്നത്. അതിന്റെ വലിപ്പവും അവിടുത്തെ തിരക്കും കണ്ട് അവൾ അത്ഭുതത്തോടെ എന്റെ തോളിൽ താടി വെച്ചുകൊണ്ട് ചോദിച്ചു.
”അമ്മേ… ഇതെന്താ ആദീ ഇത്ര വലുത്? ഇത്രേം വലിയ കട ഞാൻ ആദ്യായിട്ട് കാണാ ട്ടോ…”
അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ട് എനിക്ക് ചിരിവന്നു.
”അതാണ് ഞാൻ പറഞ്ഞ ലുലു മാൾ. ഏഷ്യയിലെ തന്നെ വലിയ മാളുകളിൽ ഒന്നാ ഇത്. കടൽ കണ്ടിട്ട് തിരിച്ചു വരുമ്പോ നമുക്ക് ഇതിന്റെ ഉള്ളിൽ കയറി കാണാം ട്ടോ,”
ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ പറഞ്ഞു.
അതുകേട്ടപ്പോൾ വല്ലാത്തൊരു സന്തോഷത്തോടെ അവൾ എന്നെ ഒന്നുകൂടി ഇറുകെ കെട്ടിപ്പിടിച്ചു.
ബൈപ്പാസിലെ തിരക്കുകളൊക്കെ പിന്നിട്ട് ഞങ്ങൾ കോവളം ബീച്ചിൽ എത്തുമ്പോൾ സമയം ആറുമണിയോട് അടുത്തിരുന്നു. ആകാശം മുഴുവൻ സ്വർണ്ണവർണ്ണം പൂശി സൂര്യൻ അസ്തമിക്കാൻ തയ്യാറെടുക്കുകയായിരുന്നു. വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ചെരുപ്പുകളൂരി കയ്യിൽ പിടിച്ച് ആ നനഞ്ഞ മണലിലൂടെ നടന്നു. വൈകുന്നേരത്തെ
തണുത്ത കടൽക്കാറ്റ് ഞങ്ങളെ പൊതിഞ്ഞു. തിരമാലകൾ ഞങ്ങളുടെ കാലുകളെ തലോടി തിരികെ പോയിക്കൊണ്ടിരുന്നു. കുറച്ചു ദൂരം നടന്ന ശേഷം, തിരമാലകൾ വന്നിടിക്കുന്ന ഒരു വലിയ പാറക്കൂട്ടത്തിന്റെ മുകളിലായി ഞങ്ങൾ പോയി ഇരുന്നു.
ചുറ്റും വിദേശികൾ ഉൾപ്പെടെയുള്ള ഒരുപാട് ആളുകൾ കടലിന്റെ ഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു. അസ്തമയസൂര്യന്റെ ചുവന്ന വെളിച്ചം അവളുടെ മുഖത്ത് പതിച്ചപ്പോൾ, ആ ഇളം നീലക്കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു കാന്തികശക്തിയുള്ളതായി എനിക്ക് തോന്നി. കടൽക്കാറ്റിൽ പാറിപ്പറക്കുന്ന അവളുടെ മുടിയിഴകളെ ഞാൻ പതുക്കെ ചെവിക്ക് പിന്നിലേക്ക് ഒതുക്കിവെച്ചുകൊടുത്തു.
അവൾ എന്റെ തോളിലേക്ക് ചാരിയിരുന്ന് ആ വലിയ കടലിലേക്ക് തന്നെ നോക്കി പതുക്കെ പറഞ്ഞു.
”എത്ര കണ്ടാലും കൊതി തീരില്ല അല്ലെ ആദീ ഈ കടല് കാണാൻ… എന്റെ നാട്ടില് എങ്ങോട്ട് നോക്കിയാലും മലകളും പാടങ്ങളും മാത്രല്ലേ. അവിടുന്ന് വന്ന എനിക്കിത്… എനിക്കിത് വല്ലാണ്ട് ഇഷ്ടായി.”
”നിന്റെ നാടിന്റെ അത്രയും ഭംഗിയൊന്നും ഈ കടലിനില്ല പെണ്ണേ..”
ഞാൻ അവളുടെ വിരലുകളിൽ കോർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
അവൾ മുഖമുയർത്തി എന്നെ നോക്കി.
”പിന്നെ എന്റെ ആദിക്ക് ഏറ്റവും ഭംഗി തോന്നിയത്എന്തിനോട?”
കുസൃതിയോടെ അവൾ ചോദിച്ചു.
”എനിക്കീ ലോകത്ത് ഏറ്റവും ഭംഗിയുള്ളത് ഈ കടലിനെ തോൽപ്പിക്കുന്ന ആഴമുള്ള നിന്റെ ഈ നീലക്കണ്ണുകളാ…”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
അതുകേട്ട് വല്ലാത്തൊരു നാണത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു. ആ കടൽക്കാറ്റിനെ സാക്ഷിയാക്കി, തിരമാലകളുടെ ശബ്ദങ്ങൾക്കിടയിലൂടെ അവൾ പതുക്കെ മന്ത്രിച്ചു.
