“നീ ഒരു ടെൻഷനും ഇല്ലാതെ സമാധാനമായിട്ട് പോ. അവിടെ ചെന്നിട്ട് നീ അരവിന്ദിനോട് സംസാരിക്ക്. അവന്റെ വീട്ടുകാരോട് ഈ കാര്യം അവതരിപ്പിക്കാൻ പറ. എന്നിട്ട് കാര്യങ്ങളൊക്കെ തീരുമാനിച്ചിട്ട് എന്നോട് പറഞ്ഞാൽ മതി.”
അതുകേട്ടതും ചേച്ചിയുടെ മുഖത്തെ ആ പേടിയൊക്കെ മാറി വലിയൊരു അത്ഭുതം നിറഞ്ഞു. ഞാൻ വീണ്ടും തുടർന്നു.
”അവരുടെ ഭാഗത്തുനിന്നും എല്ലാം ഓക്കെയാണെങ്കിൽ, പിന്നെ ഒട്ടും വൈകിപ്പിക്കണ്ട. അപ്പൊ തന്നെ ഞാൻ അമ്മയോട് കാര്യങ്ങൾ സംസാരിച്ച് സമ്മതിപ്പിച്ചോളാം. എന്റെ പെണ്ണിനെ ഞാൻ ഈ വീട്ടിലേക്ക് കൊണ്ടുവന്നത് നീ കൂടി കൂട്ടുനിന്നിട്ടല്ലേ… അപ്പൊ എന്റെ ചേച്ചീടെ കല്യാണം അവളുടെ ഇഷ്ടത്തിന് തന്നെ ഞാൻ ഗംഭീരമായിട്ട് നടത്തിത്തരും. അതീ അനിയന്റെ വാക്കാ.”
എന്റെ ആ ഡയലോഗ് കേട്ടതും ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എപ്പോഴും ഒരു ചെറിയ കുട്ടിയെപ്പോലെ മാത്രം എന്നെ കണ്ടിരുന്ന അവളുടെ മുന്നിൽ, വലിയൊരു ഉത്തരവാദിത്തമുള്ള
ഗൃഹനാഥനായി ഞാൻ മാറിയതിന്റെ വല്ലാത്തൊരു അഭിമാനവും സന്തോഷവും ആ മുഖത്തുണ്ടായിരുന്നു. അവൾ ചായയുടെ കപ്പ് തിടുക്കത്തിൽ താഴെ വെച്ച് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.
”താങ്ക്സ്ടാ… എനിക്ക് നിന്നോട് എന്ത് പറയണം എന്നറിയില്ല. എന്റെ വലിയൊരു പേടിയാ നീ ഇപ്പൊ മാറ്റിത്തന്നത്…”
സന്തോഷം കൊണ്ട് അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
”മതി മതി… ആളുകൾ നോക്കുന്നു. ഒരു ഐടി കമ്പനി ഉദ്യോഗസ്ഥ കൊച്ചുകുട്ടികളെപ്പോലെ നിന്ന് കരയുന്നത് കണ്ടാൽ നാണക്കേടാ,”
ഞാൻ ചിരിച്ചുകൊണ്ട് അവളെ സമാധാനിപ്പിച്ചു.
അപ്പോഴേക്കും അനൗൺസ്‌മെന്റ് വന്നു, വണ്ടി പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവരികയായിരുന്നു. അവളുടെ ലഗേജുകൾ എല്ലാം എടുത്ത് സീറ്റിൽ വെച്ചുകൊടുത്ത് ഞാൻ പുറത്തിറങ്ങി. ജനാലയ്ക്കരികിലിരുന്ന് അവൾ എന്നെ നോക്കി നിറകണ്ണുകളോടെ, എന്നാൽ വലിയൊരു സമാധാനത്തോടെ കൈവീശി.
വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. അത് കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ ആ പ്ലാറ്റ്‌ഫോമിൽ തന്നെ നിന്നു. എന്റെ കുടുംബത്തിന്റെ സന്തോഷങ്ങൾ ഒന്നിനുപുറകെ ഒന്നായി പൂവണിയുകയാണ്. തിരികെ വണ്ടിയിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ നിറയെ സ്വന്തം വീട്ടിലെ അടുക്കളയിൽ എനിക്കായി കാത്തിരിക്കുന്ന എന്റെ പെണ്ണിന്റെ കുസൃതി നിറഞ്ഞ ആ ഇളം നീലക്കണ്ണുകൾ മാത്രമായിരുന്നു. കുറച്ചുനേരം അവളെ കാണാതിരുന്നപ്പോൾത്തന്നെ വല്ലാത്തൊരു ശൂന്യത എന്നെ പൊതിഞ്ഞിരുന്നു.
റെയിൽവേ സ്റ്റേഷനിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ വല്ലാത്തൊരു നിശബ്ദതയായിരുന്നു. ഗേറ്റ് കടന്ന് മുറ്റത്തേക്ക് കയറുമ്പോൾത്തന്നെ ആ മാറ്റം എനിക്ക് ഫീൽ ചെയ്തു. ചേച്ചി ഉണ്ടായിരുന്നപ്പോഴുള്ള ആ ഒരു ബഹളവും ചിരിയുമൊക്കെ ഒറ്റയടിക്ക് ഇല്ലാതായിരിക്കുന്നു.
ഞാൻ ചെല്ലുമ്പോൾ അമ്മയും പാർവണയും ഹാളിലെ സോഫയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ചേച്ചി പോയതിന്റെ സങ്കടം അമ്മയുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഞാൻ ചെന്ന് അവർക്കരികിലായി സോഫയിലേക്ക് ഇരുന്നു. എന്നെ കണ്ടതും അമ്മ വലിയൊരു നെടുവീർപ്പോടെ ശൂന്യതയിലേക്ക് നോക്കി, ആരോടെന്നില്ലാതെ പറഞ്ഞു.
”അവളങ്ങ് പോയതോടെ ഈ വീടാകെ ഉറങ്ങിയ അവസ്ഥയിലായല്ലോ… അല്ലെങ്കിൽ എപ്പോഴും അവളുടെയൊരു കളിയും ചിരിയുമൊക്കെയായിട്ട് ആകെപ്പാടെ ഒരു ബഹളമായിരുന്നു. ഇനിയിപ്പോ ആ കുറുമ്പിയെ കാണണമെങ്കിൽ അവൾക്ക് അടുത്ത ലീവ് കിട്ടണം…”
ആ വാക്കുകളിൽ ഒരു അമ്മയുടെ വലിയൊരു സങ്കടം ഉണ്ടായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ടു.
”അതിനിപ്പോ സങ്കടപ്പെടാൻ എന്തിനാ അമ്മേ… അവൾക്ക് ലീവ് കിട്ടുമ്പോ ഇങ്ങോട്ട് തന്നെ ഓടിവരില്ലേ. പോരാത്തതിന് ഇനിയിപ്പോ ഞാൻ ഇല്ലേ അമ്മയ്ക്ക് കൂട്ടിന്… ഒപ്പം എന്റെയീ
ദേവതയും.”
ഞാൻ പാർവണയെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
എന്റെ ആ നോട്ടം കണ്ട് അവൾ ചെറുതായിട്ടൊന്ന് ചിരിച്ചു. വീട്ടിലെ ഈ മൂഡ് ഒന്ന് മാറ്റിയെടുക്കാൻ ഞാൻ പെട്ടെന്നൊരു പ്ലാൻ ഇട്ടു.
