പാർവണം – 6 2അടിപൊളി  

അമ്മ സ്നേഹത്തോടെ ചോദിച്ചു.

​”അവൾക്കെങ്ങനെ കഴിക്കാൻ പറ്റും അപ്പച്ചീ… ഇവൻ അവളുടെ മുഖത്തുനിന്ന് കണ്ണ് മാറ്റിയാലല്ലേ അവൾക്ക് ഇലയിലേക്ക് നോക്കാൻ പറ്റൂ…”

സച്ചുച്ചേട്ടൻ വീണ്ടും കുസൃതി ഒപ്പിച്ചു.

​പാർവണ വല്ലാതെ ചമ്മിപ്പോയി. അവൾ വേഗം ചോറിലേക്ക് വിരലുകൾ വെച്ചു. കൂട്ടുകാരും ചേച്ചിമാരുമൊക്കെ വീണ്ടും ചിരി തുടങ്ങി.

​”മതി സച്ചു… അവളെ കളിയാക്കാതെ. നീ കഴിക്ക് മോളെ,”

ഭദ്ര ആന്റി ചിരിച്ചുകൊണ്ട് സച്ചുച്ചേട്ടനെ വിലക്കി.

​”അതെ ഭദ്രേ… ഇനിയിപ്പോ ഇവർ സദ്യ കഴിക്കട്ടെ. നമുക്കും പോയി കഴിക്കാം,”

എന്റെ അമ്മ ഭദ്ര ആന്റിയുടെ കൈപിടിച്ച് സ്നേഹത്തോടെ നടന്നുപോയി.

ഒരുപാട് സങ്കടങ്ങൾ അനുഭവിച്ച ആ രണ്ട് അമ്മമാരും തമ്മിലുള്ള ആ വലിയ ആത്മബന്ധം എൻ്റെ നെഞ്ചിൽ വല്ലാത്തൊരു കുളിർമ നിറച്ചു.

​സദ്യയുടെ ബഹളങ്ങൾക്കും കൂട്ടുകാരുടെ കളിയാക്കലുകൾക്കും നടുവിൽ ഇരിക്കുമ്പോഴും, എൻ്റെ ഇടതുകൈ മേശയ്ക്കടിയിലൂടെ അവളുടെ വലതുകൈയുടെ വിരലുകളുമായി കോർത്തുപിടിച്ചിട്ടുണ്ടായിരുന്നു. അവളുടെ ആ സ്വർണ്ണവളകളുടെ നേർത്ത സ്പർശനം എൻ്റെ വിരലുകളിലറിയാം. ഒരുപാട് നാളത്തെ കാത്തിരിപ്പിനും പ്രതിസന്ധികൾക്കുമൊടുവിൽ, ഇന്ദ്രനീലം തറവാട്ടിലെ ആ വലിയ പന്തലിൽ, എന്റെ സ്വപ്നത്തിലെ പെൺകുട്ടി എൻ്റെ സ്വന്തം പാർവണയായി മാറിയതിൻ്റെ വലിയൊരു ആഘോഷമായിരുന്നു ആ മംഗല്യസദ്യ.

കല്യാണസദ്യയുടെയും ബന്ധുക്കളുടെയും ആ വലിയ ബഹളങ്ങളെല്ലാം പതുക്കെ കെട്ടടങ്ങിത്തുടങ്ങിയിരുന്നു. ഉച്ചവെയിൽ ചരിഞ്ഞ് വൈകുന്നേരത്തിന്റെ നേർത്തൊരു സ്വർണ്ണനിറം ഇന്ദ്രനീലം തറവാടിന്റെ മുറ്റത്തേക്ക് വീണുതുടങ്ങി. മംഗളകർമ്മങ്ങളെല്ലാം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങാനുള്ള വാഹനങ്ങൾ പടിപ്പുരയ്ക്ക് പുറത്ത് തയ്യാറായി കിടപ്പുണ്ട്. പന്തലിലെ നാദസ്വരത്തിന്റെ സ്ഥാനത്ത് ഇപ്പോൾ വലിയൊരു മൂകതയാണ്. ജനിച്ചുവളർന്ന തറവാടും, സ്വന്തം ജീവനായ അമ്മയെയും അമ്മാവന്മാരെയും വിട്ട് അവൾ എന്റെ കൂടെ ഇറങ്ങാൻ പോകുന്ന ആ വലിയ നിമിഷത്തിന്റെ വല്ലാത്തൊരു മരവിപ്പ് അവിടെ നിൽക്കുന്ന ഓരോരുത്തരുടെ മുഖത്തുമുണ്ടായിരുന്നു.

​വേഷമെല്ലാം മാറി, പോവാനായി ഉമ്മറത്തേക്ക് വന്ന പാർവണയുടെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞുതുളുമ്പിയിരുന്നു. ഇതുവരെ പിടിച്ചുനിർത്തിയ സങ്കടങ്ങളെല്ലാം ഒറ്റയടിക്ക് അണപൊട്ടിയതുപോലെ, അവൾ നേരെ ഓടിച്ചെന്ന് ഭദ്ര ആന്റിയുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.

​”അമ്മേ…”

അവളുടെ ആ വിളിയിൽ ഒരു പെൺകുട്ടിക്ക് മാത്രം മനസ്സിലാകുന്ന വലിയൊരു നോവുണ്ടായിരുന്നു.

​മകളുടെ ആ വിളി കേട്ടതും ഭദ്ര ആന്റിയുടെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. അവർ ആ മകളെ ഇറുകെ കെട്ടിപ്പിടിച്ചു.

​”എന്റെ കുട്ടി….. ഇത്രയും കാലം എന്റെ നിഴൽ പോലെ നടന്നവളല്ലേ നീ…

ഇന്ന് നീ കൂടി ഈ പടിയിറങ്ങുമ്പോൾ ഈ തറവാട്ടിൽ അമ്മയ്ക്ക് ആരുണ്ടാവുമെടീ…”

ഭദ്ര ആന്റിയുടെ വാക്കുകൾ കണ്ണുനീരിൽ മുറിഞ്ഞുപോയി.

“ഇന്നെങ്കിലും ഈ കുങ്കുമപ്പട്ടുടുത്ത് എൻ്റെ കുട്ടി നിൽക്കുന്നത് കാണാൻ അവളുടെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ…”

​ആ അമ്മയുടെ തേങ്ങൽ കേട്ട് ഉമ്മറത്തുനിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. രമ അമ്മായിയും സാവിത്രി അമ്മായിയും സാരിത്തുമ്പുകൊണ്ട് കണ്ണുകൾ തുടച്ചു.

ഞാൻ വല്ലാതെ സങ്കടത്തോടെ എന്റെ അമ്മയെ നോക്കി.

​അമ്മ പതുക്കെ മുന്നോട്ട് വന്ന് ഭദ്ര ആന്റിയുടെ തോളിലൂടെ കയ്യിട്ടു. വളരെ സ്നേഹത്തോടെ ആ അമ്മയെ തന്നിലേക്ക് ചേർത്തുപിടിച്ചു.

​”കരയാതെ ഭദ്രേ… നീ ഇങ്ങനെ കണ്ണുനിറഞ്ഞാൽ ഇവൾ എങ്ങനെയാ സമാധാനമായിട്ട് എന്റെ കൂടെ വരിക?”

അമ്മ വളരെ വാത്സല്യത്തോടെ ഭദ്ര ആന്റിയുടെ കൈകളിൽ പിടിച്ചു.

“അവളുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ഇത്രയും കാലം ഭദ്രയല്ലേ അവളെ പൊന്നുപോലെ നോക്കിയത്. എന്റെ മരുമകളായിട്ടല്ല ഭദ്രേ, എന്റെ അനഘയെപ്പോലെ സ്വന്തം മകളായിട്ട് തന്നെയാ ഞാൻ ഇവളെ കൊണ്ടുപോകുന്നത്. എന്റെ ജീവനുള്ള കാലത്തോളം ഇവളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല… നീ ധൈര്യമായിട്ട് അവളെ എന്റെ കയ്യിലേക്ക് താ.”

Updated: August 9, 2026 — 1:40 pm

Leave a Reply

Your email address will not be published. Required fields are marked *