പാർവണം – 6 16

പിന്നെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ചെറിയൊരു കള്ളച്ചിരിയോടെ കൂട്ടിച്ചേർത്തു.

“ചേച്ചി വേഗം പോയിട്ട് വരട്ടെ. പോയിട്ട് വേണം വേറെ ചില പ്രധാനപ്പെട്ട കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനം എടുക്കാൻ… എന്തായാലും അനഘ ചേച്ചിയുടെ കല്യാണം, അതെന്റെയും വലിയൊരു ആഗ്രഹമല്ലേ!”

​എന്റെ ആ ഡയലോഗ് കേട്ടതും അമ്മയും പാർവണയും എന്നെ വലിയ സ്നേഹത്തോടെ നോക്കിയപ്പോൾ, ചേച്ചി മാത്രം എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ ആ നോട്ടവും, എന്റെ പെണ്ണിന്റെ കുസൃതിയും, അമ്മയുടെ വാത്സല്യവുമൊക്കെച്ചേർന്ന് ആ ഊണുമേശയിൽ അപ്പോൾ ജീവിതത്തിന്റെ ഏറ്റവും മനോഹരമായൊരു ചിത്രമാണ് പൂർണ്ണമാകുന്നത് എന്ന് എനിക്ക് തോന്നി….

ആ പകലും രാത്രിയും വല്ലാത്തൊരു വേഗത്തിലാണ് കടന്നുപോയത്. പിറ്റേന്ന് രാവിലെ തന്നെ വീടാകെ ചെറിയൊരു മൗനത്തിലായിരുന്നു. അനഘ ചേച്ചിക്ക് ബാംഗ്ലൂരിലേക്ക് മടങ്ങാനുള്ള സമയമായി. രാവിലത്തെ ഭക്ഷണമെല്ലാം കഴിഞ്ഞ്, ബാഗും സാധനങ്ങളുമൊക്കെ പായ്ക്ക് ചെയ്ത് ചേച്ചി ഹാളിലേക്ക് ഇറങ്ങിവരുമ്പോൾ അവിടെ അമ്മയും പാർവണയും വല്ലാത്തൊരു സങ്കടത്തോടെ നിൽപ്പുണ്ടായിരുന്നു.

​അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അച്ഛൻ പോയതിന് ശേഷം ഈ കുടുംബത്തിന്റെ വലിയൊരു അത്താണിയായിരുന്നു അവൾ. ചേച്ചി ചെന്ന് അമ്മയെ ചേർത്തുപിടിച്ചു.

​”എന്താ അമ്മേ ഇത്… ഞാൻ ഇടയ്ക്ക് ലീവ് കിട്ടുമ്പോ ഓടിവരില്ലേ… അമ്മ വിഷമിക്കാതെ, ദേ ഇവളില്ലേ അമ്മക്ക് കൂട്ടിന്,”

ചേച്ചി ചിരിച്ചുകൊണ്ട് പാർവണയെ ചൂണ്ടി.

​പാർവണ വന്ന് ചേച്ചിയുടെ കയ്യിൽ മുറുകെ പിടിച്ചു. ആ ഇളം നീലക്കണ്ണുകളിലും ചെറിയൊരു നനവുണ്ടായിരുന്നു.

​”ചേച്ചീ… എന്നാലും കുറച്ചു ദിവസം കൂടി നിന്നിട്ട് പോയാ മതിയാരുന്ന്. ഇനിയിപ്പോ ലീവ് കിട്ടുമ്പോ പെട്ടെന്ന് ഇങ്ങട് വരണേ… ഈ മനുഷ്യൻ ഓഫീസില്

പോയാ പിന്നെ ഞാൻ ഒറ്റക്കാവും ട്ടോ,”

അവൾ ആ തനി പാലക്കാടൻ ഈണത്തിൽ പരിഭവിച്ചു.

“ഇടക്ക് ഫോൺ വിളിക്കാൻ ഒന്നും മറക്കണ്ട പറഞ്ഞേക്കാം.”

​”ഇല്ലെന്റെ മോളെ, ഞാൻ വിളിക്കാം. നീ അമ്മയെ നന്നായി നോക്കണം കേട്ടോ. പിന്നെ ഇവൻ വല്ലാതെ ശല്യം ചെയ്താൽ എന്നോട് പറഞ്ഞാ മതി, ബാക്കി ഞാൻ നോക്കിക്കോളാം,”

ചേച്ചി അവളുടെ കവിളിൽ വാത്സല്യത്തോടെ ഒന്ന് തൊട്ടു. ആ വീട്ടിലേക്ക് വന്നിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളൂ എങ്കിലും, ചേച്ചിയുമായി അവൾ വലിയൊരു ആത്മബന്ധം ഉണ്ടാക്കിയെടുത്തിരുന്നു.

​ഞങ്ങൾ ബൈക്കിലാണ് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ, ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു മൗനമുണ്ടായിരുന്നു. ചുറ്റും യാത്രക്കാരുടെ വലിയ തിരക്കുണ്ടായിട്ടും അവൾ എന്തോ വലിയ ചിന്തയിലായിരുന്നു. ഞാൻ കാന്റീനിൽ നിന്നും രണ്ട് ചായ വാങ്ങി വന്ന് അവൾക്ക് നേരെ നീട്ടി.

​”എന്താ ചേച്ചി… വലിയൊരു ആലോചനയിലാണല്ലോ? ബാംഗ്ലൂരിലേക്ക് പോകുന്നതിന്റെ സങ്കടമാണോ അതോ വേറെ വല്ലതുമാണോ?”

ഞാൻ കുസൃതിയോടെ ചോദിച്ചു.

​ചായ വാങ്ങി ഒരു സിപ്പ് കുടിച്ചിട്ട് അവൾ വലിയൊരു നെടുവീർപ്പോടെ എന്നെ നോക്കി.

​”എടാ ആദീ… ഇന്നലെ അമ്മ ഡൈനിങ് ടേബിളിൽ വെച്ച് എന്റെ കല്യാണത്തിന്റെ കാര്യം പറഞ്ഞില്ലേ. അപ്പൊ തൊട്ട് എനിക്കൊരു സമാധാനവുമില്ലെടാ. അമ്മയോട് ഞാൻ എങ്ങനെയാ അരവിന്ദിന്റെ കാര്യം അവതരിപ്പിക്കുക എന്നോർത്ത് വല്ലാത്തൊരു ടെൻഷൻ.”

​ചേച്ചിയുടെ ആ പറച്ചിലിൽ ഒരു പെൺകുട്ടിയുടെ നിസ്സഹായത മുഴുവൻ ഉണ്ടായിരുന്നു. സ്വന്തം പ്രണയം വീട്ടിൽ എങ്ങനെ പറയുമെന്ന പേടി. ഞാൻ വളരെ ശാന്തനായി അവളുടെ തോളിലൂടെ കയ്യിട്ട് എന്റെ അടുത്തേക്ക് ചേർത്തുനിർത്തി.

​”എന്റെ പൊന്നനഘേ… നീ ഇതിനാണോ ഇങ്ങനെ മുഖം വീർപ്പിച്ചു വെച്ചേക്കുന്നത്? ഞാൻ പറഞ്ഞില്ലേ നിന്നോട്, ഞാനില്ലേ നിനക്ക്?”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ഗൗരവത്തിൽ, എന്നാൽ സ്നേഹത്തോടെ പറഞ്ഞു.

Updated: August 11, 2026 — 3:17 pm

Leave a Reply

Your email address will not be published. Required fields are marked *