സച്ചുച്ചേട്ടന്റെ മുഖത്ത് ചെറിയൊരു ഗൗരവം വന്നു.
“ഞാൻ വന്നയുടനെ നിന്റെ വിസയുടെ കാര്യം എന്റെ കമ്പനിയിൽ സംസാരിച്ചിട്ടുണ്ട്. എല്ലാം സെറ്റാണ്. അടുത്ത മാസം തന്നെ നിനക്ക് ഇങ്ങോട്ട് വരാനുള്ള വിസ ഞാൻ അയച്ചുതരാം. നീ പതുക്കെ പാസ്സ്‌പോർട്ടും കാര്യങ്ങളും ഒക്കെ റെഡിയാക്കി വെച്ചോ.”
കല്യാണത്തിന് മുൻപ് ഗൾഫിൽ പോയി സെറ്റിൽ ചെയ്യണം എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷെ, ഇപ്പോൾ ആ വാക്കുകൾ കേട്ടപ്പോൾ എന്റെയുള്ളിൽ ചെറിയൊരു പിടപ്പാണ് ഉണ്ടായത്.
അപ്പോഴാണ് ഹാളിലെ ടേബിളിൽ വെക്കാൻ വെള്ളവുമായി പാർവണ അടുക്കളയിൽ നിന്നും അങ്ങോട്ടേക്ക്
വന്നത്. അവൾ പെട്ടെന്ന് നിന്നു. സച്ചുച്ചേട്ടൻ പറഞ്ഞതെല്ലാം അവൾ കേട്ടിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങൾക്കുള്ളിൽ ഞാൻ അവളെ തനിച്ചാക്കി ഗൾഫിലേക്ക് പോകുമോ എന്ന ചിന്തയിൽ അവളുടെ മുഖത്തെ ആ ചിരിയൊക്കെ പെട്ടെന്ന് മാഞ്ഞു. അവിടെ വലിയൊരു പേടി വന്ന് നിറയുന്നത് എനിക്ക് കാണാമായിരുന്നു. കൈയിലിരുന്ന വെള്ളം തുളുമ്പാതിരിക്കാൻ അവൾ ഗ്ലാസ്സിലെ പിടി ഒന്നുകൂടി മുറുക്കി.
ഞാൻ പാർവണയെ ഒന്ന് നോക്കിയിട്ട്, വളരെ കാഷ്വലായി, എന്നാൽ വ്യക്തമായി ഫോണിലേക്ക് നോക്കി പറഞ്ഞു.
”സച്ചുച്ചേട്ടാ… ഏട്ടൻ എനിക്കുവേണ്ടി ഈ ബുദ്ധിമുട്ടുന്നതൊക്കെ എനിക്കറിയാം. പക്ഷെ… ഞാനൊരു കാര്യം ആലോചിക്കുവാരുന്നു. ഞാനിപ്പോൾ ഗൾഫിലേക്കില്ല ചേട്ടാ.”
”അതെന്താടാ പെട്ടെന്ന്? നീ ആഗ്രഹിച്ചത് അല്ലെ ഗൾഫിൽ വന്നു സെറ്റ് ആകണം എന്ന് “
സച്ചുച്ചേട്ടൻ അത്ഭുതത്തോടെ ചോദിച്ചു.
”അതെ ചേട്ടാ, പക്ഷെ അപ്പൊ എന്റെ സിറ്റുവേഷൻ വേറെയായിരുന്നില്ലേ. ഇപ്പൊ അങ്ങനെയല്ലല്ലോ. അവള് വീടും നാടുമൊക്കെ വിട്ട് എന്നെ മാത്രം വിശ്വസിച്ചാ കൂടെ പോന്നത്. ഇപ്പൊ കല്യാണവും കഴിഞ്ഞ്, അവളെ ഇവിടെ ഒറ്റക്കാക്കി ഞാൻ അങ്ങോട്ട് വരുന്നത് ശരിയല്ല ചേട്ടാ. അവൾക്കത് ഭയങ്കര സങ്കടമാവും. എനിക്കിവിടെ എന്റെ ആ പഴയ ജോലി തന്നെ മതി. വലിയ ശമ്പളം ഒന്നും ഇല്ലെങ്കിലും അവളെയും കൂട്ടി ഈ നാട്ടിൽ തന്നെ നിൽക്കാനാ എനിക്കിപ്പൊ ഇഷ്ടം. ചേട്ടനു ഒന്നും തോന്നരുത്.”
എന്റെ വാക്കുകൾ കേട്ട് സച്ചുച്ചേട്ടൻ ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നെ ആ മുഖത്ത് സ്നേഹം നിറഞ്ഞൊരു ചിരി വിടർന്നു.
”ഇതിൽ എനിക്ക് തോന്നാൻ എന്താടാ… നീ പറഞ്ഞതാ ശരി. ഇപ്പൊ നീ വലിയൊരു ഉത്തരവാദിത്തമുള്ള കുടുംബനാഥനായി. നിന്റെ പെണ്ണിന്റെ കൂടെ, നാട്ടിൽ തന്നെ നിൽക്ക്. അവിടെയായാലും നന്നായിട്ട് ജീവിക്കാൻ നിനക്കറിയാം. ശരിടാ, ഞാൻ പിന്നെ വിളിക്കാം…”
വലിയൊരു ചിരിയോടെ സച്ചുച്ചേട്ടൻ കോൾ കട്ട് ചെയ്തു.
ഫോൺ ടീപ്പോയിയിലേക്ക് വെച്ച് ഞാൻ മുഖമുയർത്തുമ്പോൾ, ഗ്ലാസ്സ് ടേബിളിൽ വെച്ചിട്ട് എന്റെ അടുത്തേക്ക് ഓടിവരികയായിരുന്നു അവൾ. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെ അരികിൽ വന്നിരുന്ന അവൾ, എന്റെ വലതുകയ്യിൽ ഇറുകെ പിടിച്ചു.
”എന്താടി പൊട്ടി… എന്തിനാ ഈ കണ്ണൊക്കെ നിറച്ചേക്കുന്നെ?”
ഞാൻ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തിക്കൊണ്ട് ചോദിച്ചു.
”ഞാൻ… ഞാൻ ശരിക്കും പേടിച്ചുപോയി ആദീ… എങ്ങാനും എന്നെ വിട്ട്…”
അവളുടെ ശബ്ദം നേർത്തുപോയിരുന്നു.
”നിന്നെ തനിച്ചാക്കി ഞാൻ എങ്ങോട്ടും പോവില്ല എന്റെ പെണ്ണേ… ഇനി ഏത് വലിയ ലോകം എന്റെ മുന്നിൽ കൊണ്ടുവന്നു വെച്ചാലും, എനിക്ക് നീയുള്ള ഈ നാട് മതി,”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ എന്റെ നെറ്റി മുട്ടിച്ചു.
അവളുടെ മുഖത്ത് വലിയൊരു ആശ്വാസം വന്ന് നിറഞ്ഞു. നിറകണ്ണുകളോടെ, എന്നാൽ വല്ലാത്തൊരു പ്രണയത്തോടെ അവളെന്നെ നോക്കി ചിരിച്ചു. അവൾക്ക് എന്നോടുള്ള ആ വലിയ വിശ്വാസം ആ
നോട്ടത്തിൽ വ്യക്തമായിരുന്നു.
”പാർവണേ… ആ കറിവേപ്പില ഇങ്ങ് എടുത്തേ മോളെ…”
പെട്ടെന്ന് അടുക്കളയിൽ നിന്നും അമ്മയുടെ വിളി വന്നതും അവൾ എന്നിൽ നിന്നും പതിയെ അടർന്നുമാറി. ആ കണ്ണുകളിലെ നനവ് വേഗം സാരിത്തുമ്പുകൊണ്ട് തുടച്ചുമാറ്റി. എന്നിട്ട് എന്നെ നോക്കി കള്ളച്ചിരിയോടെ ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് അവൾ വേഗം അടുക്കളയിലേക്ക് ഓടി. അവൾ പോകുന്നതും നോക്കി ആ സോഫയിലിരിക്കുമ്പോൾ എന്റെ മനസ്സിലും വലിയൊരു സമാധാനമായിരുന്നു.
