പാർവണം – 6 16

​അമ്മയുടെ ആ വാക്കുകളിലെ ആത്മാർത്ഥത ഭദ്ര ആന്റിക്ക് വലിയൊരു ആശ്വാസമായിരുന്നു. അവർ കണ്ണീരോടെ എന്റെ അമ്മയുടെ കൈകൾ കൂപ്പിപ്പിടിച്ചു.

​പിന്നെ പാർവണ പതുക്കെ എഴുന്നേറ്റ്, ഉമ്മറത്തെ ചാരുകസേരയിൽ നിറകണ്ണുകളോടെ ഇരിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് ചെന്നു.

രണ്ടുപേരുടെയും കാലിൽ തൊട്ട് അവൾ വന്ദിച്ചു.

​”ഐശ്വര്യമായിട്ട് പോയിട്ട് വാ മോളെ… കുട്ടിയുടെ കൂടെ എന്നും നിനക്കൊരു തുണയായിട്ട് ഞങ്ങളുടെ പ്രാർത്ഥനയുണ്ടാവും,”

മുത്തശ്ശി വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ നെറുകയിൽ തലോടി.

​ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും എന്റെ അടുത്തേക്ക് വന്നു.

ഹരിനാരായണൻ അമ്മാവൻ എന്റെ തോളിൽ കൈവെച്ചു. ആ വലിയ ഗൗരവക്കാരന്റെ കണ്ണുകളും അപ്പോൾ ചുവന്നിരുന്നു.

​”ഞങ്ങളുടെ ജീവനാ ആദീ അവൾ. അന്ന് ഈ ഉമ്മറത്തുവെച്ച് നീ അവൾക്ക് വേണ്ടി വാദിച്ച ആ ഒരൊറ്റ ഉറപ്പിലാ ഞങ്ങളിവളെ നിന്റെ കയ്യിൽ ഏൽപ്പിക്കുന്നത്. അവളെ നോക്കിക്കോണം…”

അമ്മാവൻ്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.

​”അമ്മാവാ, നിങ്ങളാരും ഒന്നിനെയും ഓർത്ത് പേടിക്കണ്ട. അവളെ എന്റെ ജീവനേക്കാൾ സ്നേഹിച്ച് ഞാൻ കൂടെ നിർത്തും. ഇതൊരു വാക്കാണ്,”

ഞാൻ അമ്മാവന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു.

​”മ്മ്… ശരി, ഇനി അധികം നേരം നിന്ന് എല്ലാവരെയും കരയിപ്പിക്കണ്ട. നേരം വൈകുന്നു, നിങ്ങൾ ഇറങ്ങിക്കോ,”

ശ്രീനാരായണൻ അമ്മാവൻ സങ്കടം പുറത്തുകാണിക്കാതെ എല്ലാവരെയും യാത്രയാക്കാൻ ധൃതികൂട്ടി.

​അനഘ ചേച്ചിയും സച്ചുച്ചേട്ടനും ചേർന്ന് പാർവണയെ പതുക്കെ പടിപ്പുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പോകുന്ന വഴിയത്രയും അവൾ തിരിഞ്ഞുതിരിഞ്ഞ് ആ നാലുകെട്ടിലേക്കും, അവിടെ വിതുമ്പിനിൽക്കുന്ന അമ്മയിലേക്കും തന്നെ നോക്കുന്നുണ്ടായിരുന്നു. പടിപ്പുര കടക്കുമ്പോൾ ഞാൻ അവളുടെ ആ തണുത്ത ഇടതുകൈകളിൽ എന്റെ വിരലുകൾ

കോർത്തുപിടിച്ചു. ആ വലിയ സങ്കടത്തിനിടയിലും എൻ്റെ ആ സ്പർശനം അവൾക്കൊരു വലിയ ആശ്വാസമായിരുന്നു.

​പടിപ്പുര കടന്ന് കാറിനടുത്തേക്ക് നടക്കുമ്പോൾ, കാറ്റിൽ അവളുടെ മുടിയിഴകൾ എന്റെ മുഖത്തേക്ക് പാറിവീണു. ഒരു നിമിഷം എന്റെ ഓർമ്മകൾ വീണ്ടും ആ പഴയ സ്വപ്നത്തിലേക്ക് പോയി. കാടുകൾ നിറഞ്ഞ ആ വഴിത്താരയിൽ, ഇളകിയാടുന്ന മുടിയും ഇളം നീലക്കണ്ണുകളും കരിവളകളുടെ കിലുക്കവുമായി നിന്നിരുന്ന ആ അജ്ഞാത പെൺകുട്ടി!

അന്ന് എനിക്കായി കാത്തിരുന്ന എൻ്റെ കാട്ടുദേവത, ഇന്നിതാ പൂർണ്ണമായും എന്റേതായി, എൻ്റെ കൈപിടിച്ച് എൻ്റെ ലോകത്തേക്ക് നടന്നുവരികയാണ്. ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ ഏറ്റവും വലിയ പൂർണ്ണത അവിടെയുണ്ടായിരുന്നു.

​ഞങ്ങൾ കാറിലേക്ക് കയറി. വണ്ടി പതുക്കെ മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ അവൾ കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി. പടിപ്പുരയ്ക്കൽ നിൽക്കുന്ന ഭദ്ര ആന്റിയും അമ്മായിമാരും പതുക്കെ ദൂരേക്ക് മാഞ്ഞുതുടങ്ങി. അവൾ എന്റെ തോളിനടുത്തേക്ക് കൂടുതൽ ചേർന്നിരുന്നു. വിതുമ്പുന്ന ആ ചുണ്ടുകളെ എനിക്ക് കാണാമായിരുന്നു. ഞാൻ എന്റെ വലതുകൈ കൊണ്ട് അവളെ ഒന്നുകൂടി എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. കണ്ണീർപ്പൂക്കളുമായി ഇന്ദ്രനീലം തറവാട് പിന്നിലാവുമ്പോൾ, അവളുടെ ലോകം ഇനി എന്റെ നെഞ്ചിലെ ഈ ഇളം ചൂടിലേക്ക് പൂർണ്ണമായും പറിച്ചുനടപ്പെടുകയായിരുന്നു…..

പാലക്കാട് സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. സച്ചുച്ചേട്ടൻ ഞങ്ങൾ നാലുപേർക്കും കൂടി ഒരു എസി ക്യാബിനാണ് ബുക്ക് ചെയ്തിരുന്നത്. ജനാലയ്ക്കരികിലിരുന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ. ജനിച്ചുവളർന്ന തറവാടും, സ്വന്തം അമ്മയെയും പ്രിയപ്പെട്ടവരെയും വിട്ടുപോന്നതിന്റെ സങ്കടം ആ മുഖത്ത് അപ്പോഴും ബാക്കിയുണ്ടായിരുന്നു. ആ ഇളം നീലക്കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് എന്റെ അമ്മ പതുക്കെ അവളുടെ അടുത്തേക്ക് വന്നിരുന്നു.

Updated: August 11, 2026 — 3:17 pm

Leave a Reply

Your email address will not be published. Required fields are marked *