”വലതുകാൽ വെച്ച് കയറിക്കോ മോളെ…”
അനഘ ചേച്ചി സ്നേഹത്തോടെ പറഞ്ഞു.
കണ്ണുകളടച്ച് ഒരു നിമിഷം പ്രാർത്ഥിച്ച ശേഷം, വലതുകാൽ വെച്ച്, പാദസരങ്ങൾ കിലുക്കി അവൾ ഉമ്മറപ്പടി കടന്ന് എന്റെ വീട്ടിലേക്ക് കയറി. ആ നിമിഷം എന്റെ നെഞ്ചിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷം നിറഞ്ഞുതുളുമ്പി. ഇത്രയും കാലം ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം ആ ഒരൊറ്റ നിമിഷത്തിൽ എന്റെ വീടിന്റെ പൂമുഖത്ത് പൂർണ്ണമാവുകയായിരുന്നു.
നിലവിളക്ക് പൂജാമുറിയിൽ വെച്ച് തൊഴുത് അവൾ തിരികെ ഹാളിലേക്ക് വന്നപ്പോൾ, ചേച്ചി ഓടിച്ചെന്ന് അവളെ ഇറുകെ കെട്ടിപ്പിടിച്ചു.
”ഇനിയിപ്പോ ഈ വീട്ടിലെ അധികാരമൊക്കെ ഞാൻ നിനക്ക് തരുവാട്ടോ. ഇവന്റെ കുരുത്തക്കേടുകളൊക്കെ ഇനി നീ തന്നെ സഹിച്ചോ,”
ചേച്ചി കളിയാക്കിക്കൊണ്ട് അവളുടെ കവിളിൽ പതുക്കെ തലോടി.
”വന്നയുടനെ എന്റെ കുട്ടിയെ കളിയാക്കാൻ നിൽക്കാതെ അവളെയൊന്ന് സമാധാനമായിട്ട് ഇരിക്കാൻ സമ്മതിക്ക് അനഘേ…”
എന്ന് പരിഭവിച്ചുകൊണ്ട് അമ്മ അടുക്കളയിൽ നിന്നും ചൂട് പാലുമായി വന്നു.
അമ്മ ആ പാൽഗ്ലാസ് അവളുടെ കയ്യിലേക്ക് കൊടുത്തു.
“കുടിക്ക് മോളെ… ഇന്നലെ തൊട്ടുള്ള ആ ഓട്ടവും ട്രെയിനിലെ യാത്രയും കാരണം നീ ആകെ ക്ഷീണിച്ചു. ഇതുകുടിച്ച് നീ വേഗം പോയി ആദിയുടെ മുറിയിൽ കിടന്ന് കുറച്ചുനേരം ഉറങ്ങിക്കോ. ഉച്ചയാവുമ്പോഴേക്കും അമ്മ നല്ല ചൂട് ചോറും മീൻകറിയും ഉണ്ടാക്കി വെക്കാം.”
ആ പാല് വാങ്ങി കുടിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. സ്വന്തം അമ്മയെയും ജനിച്ച വീടും വിട്ടുപോന്നതിന്റെ സങ്കടമെല്ലാം, എന്റെ അമ്മയുടെയും ചേച്ചിയുടെയും സ്നേഹത്തിന് മുന്നിൽ അലിഞ്ഞില്ലാതാവുകയായിരുന്നു. പാല് കുടിച്ച് കഴിഞ്ഞ് എന്റെ മുറിയിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അവൾ എന്നെ നോക്കി പതുക്കെ ഒന്ന് പുഞ്ചിരിച്ചു..
കഴിഞ്ഞ രണ്ടു ദിവസങ്ങളായുള്ള കല്യാണത്തിരക്കും, അതിനുശേഷമുള്ള ട്രെയിൻ യാത്രയുമെല്ലാം ആ ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു.
മുറിയിലെ കട്ടിലിലേക്ക് വന്നിരുന്നതും അവൾ വലിയൊരു നെടുവീർപ്പിട്ടു..
”നല്ല ക്ഷീണമുണ്ടല്ലേ… നീ കിടന്നോ,”
ഞാൻ കട്ടിലിനരികിലെ ജനാലപ്പൊളികൾ പതുക്കെ അടച്ചുകൊണ്ട് പറഞ്ഞു.
”മ്മ്…”
എന്ന് മാത്രം മൂളി അവൾ പതുക്കെ കട്ടിലിലേക്ക് കിടന്നു. എസിയുടെ തണുപ്പിലേക്ക് കിടന്നതും, ആ വലിയ നീലക്കണ്ണുകൾ താനേ അടഞ്ഞുപോകുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അരികിൽച്ചെന്ന് ആ പുതപ്പെടുത്ത് അവളുടെ ദേഹത്തേക്ക് ഇട്ടുകൊടുത്തു. ഉറക്കത്തിലേക്ക് വീഴുന്നതിനിടയിലും അവൾ ഒരു കള്ളച്ചിരിയോടെ എന്റെ കയ്യിൽ പതുക്കെ ഒന്നമർത്തിപ്പിടിച്ചു. കുറച്ചുനേരം ആ ഉറങ്ങുന്ന മുഖത്തേക്ക്
തന്നെ നോക്കി നിന്നിട്ട്, ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഞാൻ പതുക്കെ വാതിലടച്ച് പുറത്തേക്ക് പോയി.
ഉച്ചയായപ്പോഴേക്കും അടുക്കളയിൽ നിന്നും വറുത്ത മീനിന്റെയും മീൻകറിയുടെയും നല്ല മണം വീടാകെ പരന്നിരുന്നു. അമ്മയും അനഘ ചേച്ചിയും കൂടി വലിയൊരു പാചകത്തിലായിരുന്നു. ഞാൻ ഹാളിലെ സോഫയിലിരുന്ന് ടിവി കാണുമ്പോഴാണ്, കുളിച്ച് മുടിയൊക്കെ കെട്ടിവെച്ച് വല്ലാത്തൊരു ചമ്മലോടെ പാർവണ അങ്ങോട്ടേക്ക് വന്നത്. ഉറങ്ങിപ്പോയതിന്റെ ചെറിയൊരു ജാള്യത ആ മുഖത്തുണ്ടായിരുന്നു.
അവളെ കണ്ടതും അമ്മ അടുക്കളയിൽ നിന്നും സന്തോഷത്തോടെ പുറത്തേക്ക് വന്നു.
”എഴുന്നേറ്റോ മോളെ… നല്ല ഉറക്കമായിരുന്നല്ലേ?”
”അറിയാണ്ട് ഉറങ്ങിപ്പോയി അമ്മേ… എന്നെ വിളിക്കാഞ്ഞതെന്താ? അമ്മേം ചേച്ചീം കൂടി ഒറ്റക്ക് പണിയെടുത്തീലേ…”
വലിയൊരു കുറ്റബോധത്തോടെ, ആ പാലക്കാടൻ ശൈലിയിൽ അവൾ അമ്മയോട് ചോദിച്ചു.
അത് കേട്ടതും കയ്യിലൊരു പാത്രവുമായി അനഘ ചേച്ചി ചിരിച്ചുകൊണ്ട് ഡൈനിങ് ടേബിളിനടുത്തേക്ക് വന്നു.
”അയ്യടാ… കല്യാണം കഴിഞ്ഞ് വന്നയുടനെ നിന്നെക്കൊണ്ട് പണിയെടുപ്പിക്കാനാ ഞങ്ങളിവിടെ നിൽക്കുന്നത്! പിന്നെ ഇവൻ സമ്മതിക്കണ്ടേ… നീ ഉറങ്ങുമ്പോ നിനക്ക് തണുക്കുന്നുണ്ടോ എന്നറിയാൻ രണ്ട് വട്ടം വന്ന് നോക്കിയിട്ടാ ഇവൻ പോയത്,”
