പാർവണം – 6 3അടിപൊളി  

ചേച്ചി എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.

​അതുകേട്ട് പാർവണ നാണത്തോടെ എന്നെ നോക്കി. ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ടേബിളിനടുത്തേക്ക് നടന്നു.

​”അത് ഞാൻ… ആ ജനൽ കാറ്റടിച്ച് തുറന്നപ്പോ അടക്കാൻ വേണ്ടി പോയതാ ചേച്ചീ, വെറുതെ ഓരോന്ന് പറയാതെ…”

ഞാൻ ചമ്മൽ മറയ്ക്കാൻ ശ്രമിച്ചു.

​”ഉവ്വ്… ജനൽ അടക്കാൻ പോയതാത്രേ… ഈ തള്ളൊക്കെ ബാക്കിയുള്ളവരോട് മതിട്ടോ,”

ചേച്ചി വീണ്ടും കളിയാക്കി.

​”മതി നിർത്ത് അനഘേ… വന്നിരുന്ന് കഴിക്കാൻ നോക്ക്,”

അമ്മ സ്നേഹത്തോടെ ശാസിച്ചുകൊണ്ട് എല്ലാവർക്കും പ്ലേറ്റുകൾ എടുത്തുവെച്ചു.

ഞങ്ങൾ നാലുപേരും ആ വലിയ ഡൈനിങ് ടേബിളിന് ചുറ്റുമിരുന്നു. അമ്മ നല്ല ചൂട് ചോറും, കൂടെ തേങ്ങയരച്ചുവെച്ച മീൻകറിയും മീൻ വറുത്തതും വിളമ്പി. ഇന്ദ്രനീലം തറവാട്ടിൽ കൂടുതലും സസ്യഭക്ഷണമായതുകൊണ്ട് അവൾക്കിത് വലിയൊരു മാറ്റമായിരുന്നു.

​ചോറിലേക്ക് മീൻകറി ഒഴിച്ച് ഒരു പിടി കഴിച്ചതും പാർവണയുടെ മുഖത്ത് വലിയൊരു സന്തോഷം വിടർന്നു.

​”അടിപൊളി ആയിട്ടുണ്ട്ട്ടോ അമ്മേ മീൻകറി… തറവാട്ടിൽ കൂടുതലും സദ്യേം അങ്ങനത്തെ കറികളുമല്ലേ… ഇതിന്റെ ടേസ്റ്റ് വേറെ തന്നെയാ. എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടായി…”

അവൾ ആവേശത്തോടെ പറഞ്ഞു.

​അമ്മയുടെ മുഖത്ത് വലിയൊരു അഭിമാനം വിരിഞ്ഞു.

“മോളെ… നിനക്ക് ഇഷ്ടായെങ്കിൽ അമ്മ എന്നും ഉണ്ടാക്കിത്തരാം.”

​”എന്നാപ്പിന്നെ പകരത്തിന് നീയെനിക്ക് കുറച്ച് പാലക്കാടൻ വിഭവങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചു തരണം ട്ടോ പാർവണേ,”

അനഘ ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇവന് പാലക്കാട്ന്ന് കിട്ടിയ ഈ പെണ്ണിനെ മാത്രമല്ല, അവിടുത്തെ കാറ്റും വെള്ളവും ഊണും ഒക്കെ ഭയങ്കര ഇഷ്ടാ… അല്ലേടാ ആദീ?”

​”അത് പിന്നെ അങ്ങനെയാണല്ലോ… അല്ലേലും പാലക്കാട്ടുകാർക്ക് ഒരു പ്രത്യേക സ്നേഹമാണല്ലോ,”

ഞാൻ പാർവണയെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

​എന്റെ ആ ഡയലോഗ് കേട്ടതും മീൻകറി കൂട്ടി ചോറുണ്ണുകയായിരുന്ന പാർവണയുടെ തൊണ്ടയിൽ ചോറ് കുടുങ്ങി അവൾ ചുമയ്ക്കാൻ തുടങ്ങി. ഞാൻ വേഗം വെള്ളമെടുത്ത് അവളുടെ കയ്യിൽ കൊടുത്തു. വെള്ളം കുടിക്കുന്നതിനിടയിലും, ‘ചുമ്മാ ഇരിക്ക് മനുഷ്യ’ എന്ന മട്ടിൽ അവളെന്നെ നോക്കി കണ്ണുരുട്ടി.

​”അവളെയൊന്ന് സമാധാനമായിട്ട് ഭക്ഷണം കഴിക്കാൻ സമ്മതിക്കുമോ രണ്ടാളും…”

അമ്മ ഞങ്ങളെ വഴക്കുപറഞ്ഞെങ്കിലും ആ മുഖത്ത് വലിയൊരു ചിരിയുണ്ടായിരുന്നു.

​ആ ഊണുമേശയിൽ അപ്പോൾ നിറഞ്ഞുനിന്നത് വിഭവങ്ങളുടെ രുചിയേക്കാൾ വലിയൊരു സ്നേഹമായിരുന്നു. അമ്മയുടെ വാത്സല്യവും, ചേച്ചിയുടെ കളിയാക്കലുകളും, പാർവണയുടെ കുസൃതി നിറഞ്ഞ ആ പാലക്കാടൻ ചിരിയും… എല്ലാ അർത്ഥത്തിലും അവൾ എന്റെ കുടുംബത്തിന്റെ ഏറ്റവും മനോഹരമായ പാതിയായി മാറിക്കഴിഞ്ഞിരുന്നു…….

വൈകുന്നേരം വെയിൽ ചാഞ്ഞ് മുറ്റത്തെ പവിഴമല്ലിമരത്തിന്റെ നിഴൽ നീളാൻ തുടങ്ങിയിരുന്നു. ജനാലയിലൂടെ വരുന്ന ഇളംകാറ്റിന് നഗരത്തിന്റെ വൈകുന്നേരങ്ങളുടേതായ ഒരു നേർത്ത ചൂടുണ്ടായിരുന്നു.

​ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ, കുളിച്ച് ഈറൻമാറി കസവുകരയുള്ള ഒരു ഇളംചുവപ്പ് സാരിയുടുത്ത് നിൽക്കുകയായിരുന്നു എന്റെ പാർവണ. നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ട്. നെറ്റിയിൽ ചെറിയൊരു ചന്ദനപ്പൊട്ടും, നെറുകയിൽ ചുവന്നുതുടുത്ത സിന്ദൂരവും… ഒരുപാടൊന്നും അണിഞ്ഞൊരുങ്ങിയില്ലെങ്കിലും ആ വേഷത്തിൽ അവളെ കാണാൻ വല്ലാത്തൊരു ഐശ്വര്യമായിരുന്നു.

​അമ്മ അപ്പോഴാണ് പൂമുഖത്തേക്ക് നിലവിളക്കുമായി വന്നത്.

​”ആദീ… സന്ധ്യയാകുന്നു. ഇന്നലെ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, നിങ്ങൾ പോയി ആ ദേവീക്ഷേത്രത്തിൽ ഒന്ന് തൊഴുതിട്ട് വാ.,”

അമ്മ നിലവിളക്കിലെ തിരി നീട്ടിക്കൊണ്ട് പറഞ്ഞു.

​”ശരി എന്റെ അമ്മക്കുട്ടി, ഞങ്ങൾ ദാ പോയിട്ട് വരാം,”

ഞാൻ അവളോട് വരാൻ ആംഗ്യം കാണിച്ചു.

​വീട്ടിൽ നിന്നും നടക്കാനുള്ള ദൂരമേ ആ അമ്പലത്തിലേക്കുള്ളൂ. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, വലിയ അരയാൽമരങ്ങൾ അതിരിട്ട ഒരു ചെറിയ അമ്പലം. അവിടെയെത്തുമ്പോഴേക്കും ദീപാരാധന തുടങ്ങിയിരുന്നു. പടിപ്പുര കടന്ന് അകത്തേക്ക് കയറുമ്പോൾ, പാലക്കാട്ടെ ആ വലിയ തറവാട്ടിലെ സർപ്പക്കാവും അവിടെ അവൾ ദീപം തെളിയിച്ചതുമൊക്കെ എന്റെ ഓർമ്മകളിലേക്ക് ഓടിയെത്തി. ഞാൻ അവളുടെ വിരലുകളോട് എന്റെ വിരലുകൾ കോർത്തുപിടിച്ചു. എന്റെ സ്പർശനത്തിൽ അവളൊന്ന് തിരിഞ്ഞുനോക്കി മനോഹരമായി ചിരിച്ചു.

Updated: August 9, 2026 — 1:40 pm

Leave a Reply

Your email address will not be published. Required fields are marked *