ചായ കുടിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ പെട്ടന്ന് ഞങ്ങളുടെ മുന്നിലേക്ക് ഒരു സാർ വന്നു ഇരുന്നു. ഞങ്ങൾ രണ്ട് പേരും ചായ കുടി നിർത്തി എണീക്കാൻ ശ്രമിച്ചു
‘വേണ്ട.. വേണ്ട.. എണീക്കണ്ടേ.. ചായ കുടിക്കെടാ..’
ആ സാർ പറഞ്ഞു..
ഞങ്ങൾ പരസ്പരം ഒന്ന് പാളി നോക്കിയിട്ട് ചായ കുടി തുടർന്നു
‘കഴിക്കാൻ എന്തേലും..?
സാർ കണ്ണാടി ഊരി മേശപ്പുറത്തു വച്ചിട്ട് ചോദിച്ചു. നല്ല ഗംഭീര്യം ഉള്ള ശബ്ദം. ഈ സാറിന് സിനിമയിൽ ട്രൈ ചെയ്തൂടെ. ഞാൻ വെറുതെ ചിന്തിച്ചു
‘ഒന്നും വേണ്ട..’
ഞാൻ പറഞ്ഞു
‘വെളുപ്പിനെ വന്നതല്ലേ.. ഇപ്പോളല്ലേ ഉള്ളിലേക്ക് എന്തേലും പോകുന്നത്.. എന്താന്ന് വച്ചാ പറയെടാ..’
സാർ വളരെ സൗഹൃദത്തോടെ ആണ് ഞങ്ങളോട് സംസാരിച്ചത്.. യൂണിഫോമിൽ ജോർജ് എന്നാണ് പേര്.. CI ആണ്.
‘എന്താടാ വേണ്ടേ.. എനിക്കും വിശക്കുന്നുണ്ട്.. ഞാനും ഒന്നും കഴിച്ചില്ല..’
സാർ പിന്നെയും ചോദിച്ചു
‘മന്തി..’
സുനി കുറേ നേരത്തിനു ശേഷം ആദ്യമായ് വാ തുറന്നു. അത് അടഞ്ഞു തന്നെ ഇരുന്നാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നി..
ജോർജ് സാർ ഒരു പ്രത്യേക ഭാവത്തിൽ ഞങ്ങളെ നോക്കി.. ദേഷ്യം ഒന്നും ഇല്ല.. എന്നാലും എന്തോ പന്തിക്കേടുള്ള നോട്ടം.. സുനിയുടെ മന്തി ഓർഡർ കേട്ട് പിന്നിൽ നിന്ന ഒരു വനിതാ പോലീസ് പെൺകൊച്ചു ചിരിച്ചു.. ഞാൻ അവനെ നോക്കി ഒന്ന് നാവ് കടിച്ചു..
‘സാർ എന്തെങ്കിലും മതി..’
ഞാൻ പറഞ്ഞു
‘എന്നാൽ മൂന്ന് സെറ്റ് പൊറോട്ട പോരട്ടെ..’
ജോർജ് സാർ ഓർഡർ കൊടുത്തു..
എന്ത് മാന്യത ഉള്ള പെരുമാറ്റം.. ജനമൈത്രി എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഞാൻ മനസ്സിൽ കരുതി..
ജോർജ് സാറിനെ കണ്ടാൽ ഒരു ഭീകരൻ ആണെന്ന് ഒന്നും തോന്നില്ല. പക്ഷെ ഒരു ഇടിയൻ പോലീസ്കാരന്റെ ലുക്ക് ഒക്കെ ഉണ്ട്. പ്രത്യേകിച്ച് ആ മുഖത്തുള്ള കടിച്ചു വച്ചത് പോലെയുള്ള മീശ ഒക്കെ..
പൊറോട്ട വന്നു കഴിച്ചു പകുതി ആകുന്നതു വരെ സാർ ഞങ്ങളോട് വേറെ ഒന്നും അങ്ങനെ ചോദിച്ചില്ല.. കുറേ നേരത്തെ കൺഫ്യൂഷൻകൾ അവസാനിപ്പിച്ചു ഒടുവിൽ ജോർജ് സാർ കാര്യത്തിലേക്ക് വന്നു
‘മിസ്റ്റർ ബലറാംമിന് എന്തിനാ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നത് എന്ന് മനസ്സിലായോ..?
ജോർജ് സാർ പൊറോട്ടയിൽ നിന്ന് കണ്ണെടുക്കാതെ തന്നെ ചോദിച്ചു
‘അറിയില്ല സാർ..’
ഞാൻ പറഞ്ഞു
‘എന്തേലും മിസ്സ് ആയിട്ടുണ്ടോ..?
സാർ ചോദിച്ചു
ഞാൻ സുനിയെ നോക്കി
‘പേഴ്സ്.. പേഴ്സ് മിസ്സ് ആയിരുന്നു..’
ഞാൻ പറഞ്ഞു
‘ഇതാണോ ആ പേഴ്സ്…?
ജോർജ് സാർ മുന്നിൽ ഇരുന്ന കവർ ഞങ്ങൾക്ക് നേരെ നീക്കി കാണിച്ചു. അതിനുള്ളിൽ എന്റെ പേഴ്സ്.. പ്ലാസ്റ്റിക് കവറിൽ ആയത് കൊണ്ട് തുറന്നു നോക്കിയില്ല. പക്ഷെ അത് എന്റെ പേഴ്സ് തന്നെ
‘അതേ.. ഇത് എന്റെ ആണ്..’
ഞാൻ പറഞ്ഞു
‘ഇതെവിടെ വച്ചാണ് മിസ്സ് ആയത്..?
സാർ ചോദിച്ചു
‘അറിയില്ല..’
ഞാൻ പറഞ്ഞു
‘അറിയില്ലേ..?
ജോർജ് സാർ ഭക്ഷണത്തിൽ നിന്നും മുഖം ഉയർത്തി എന്നെ നോക്കി
‘ഹോട്ടൽ.. ഹോട്ടലിൽ വെച്ചാണ് എന്ന് തോന്നുന്നു..’
അപ്പോളേക്ക് സാർ കഴിച്ചു കഴിഞ്ഞിരുന്നു.. ഞങ്ങളും.. പിന്നെ സാർ ഒന്നും ചോദിച്ചില്ല.. കൈ കഴുകാൻ എഴുന്നേറ്റു.. ഞങ്ങളും കൈ കഴുകി തിരിച്ചു വന്നു ഇരുന്നു.. സാർ കൈ തുടച്ചു വീണ്ടും ഞങ്ങളുടെ മുന്നിൽ ഇരുന്നു.. ചോദ്യം ചെയ്യൽ തുടർന്നു..
‘നീ എന്തിനാണ് അവിടെ ഹോട്ടലിൽ പോയത്..?
സാർ ചോദിച്ചു
‘താര മേഡത്തെ കാണാൻ..’
ഞാൻ പറഞ്ഞു
‘ഏത് താര മേഡം..?
‘സിനിമ നടി താര കുര്യൻ..’
ഞാൻ പറഞ്ഞു
‘എന്തിന് ആണ് നീ രാത്രി അവരെ കാണാൻ ചെന്നത്…?
സാർ ചോദിച്ചു
‘അവരുടെ ലാപ് കേടായിരുന്നു. അത് നന്നാക്കി കൊടുക്കാൻ പോയതാ..’
ഞാൻ പറഞ്ഞു
‘നീ തനിച്ചു ആണോ പോയത്..?
സാർ ചോദിച്ചു
‘അല്ല ഇവനും ഉണ്ടായിരുന്നു..’
ഞാൻ പറഞ്ഞു
‘അവിടെ ഒരു മോഷണ ശ്രമം നടന്നിരുന്നു. അതിനെക്കുറിച്ചു എന്തെങ്കിലും അറിയാമോ..?
