ഒരു പ്രണയകഥ 5

എപ്പോഴോ ഉറങ്ങിപ്പോയി.. ഒന്നും കഴിച്ചില്ല..

രാവിലെ എണീറ്റ് ഞാൻ റൂമിൽ ഇരുന്നു തന്നെ സീന ചേച്ചിയെ വിളിച്ചു..

“ഡാ.. അവൾ എന്താ അങ്ങനെ പെരുമാറിയെ.. നീ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് എനിക്കറിയാം….”

ഈ വിശ്വാസം എന്റെ അമ്മക്കോ അച്ചുവിനോ ഇല്ലാതെ പോയല്ലോ എന്ന് ഞാൻ ഓർത്തു..

“ചേച്ചി.. നമ്മൾ ഒരുമിച്ചു ഇരിക്കുമ്പോൾ അല്ലെ അവൾ എന്നെ മീറ്റിംഗിന് വിളിച്ചത്?”

“അതെ…”

“അവിടം മുതൽ ഞങ്ങൾ മീറ്റിംഗ് കഴിഞ്ഞു പോകുന്നവരെ ഉള്ള cctv ഫുറ്റേജ് എനിക്ക് ഒന്ന് മൊബൈലിൽ റെക്കോർഡ് ചെയ്തു അയച്ചു തരുമോ?”

“ശരി.. ചെയ്യാം…”

കുറച്ചു കഴിഞ്ഞു ചേച്ചി വിളിച്ചു..

“മോനെ നിനക്ക് പണി തന്നത് നമ്മുടെ പ്യൂൺ ചേട്ടൻ ആണ്…”

“ങേ ചേച്ചി കണ്ടോ?”

“മ്മ്മ്.. ഞാൻ അയച്ചിട്ടുണ്ട് നിന്റെ വാട്ട്സ്ആപ്പിൽ… പാർട്ട് പാർട്ട് ആയി ആണ് അയച്ചത്… നോക്കിക്കോ..”

“ചേച്ചി ഒത്തിരി നന്ദി…”

“ആ വരവ് വച്ചോ…” എന്ന് പറഞ്ഞു അവർ ചിരിച്ചു..

ഞാൻ അയച്ച വീഡിയോ നോക്കി.. അവൾ വന്നു വിളിക്കുന്നതും ഞങ്ങൾ റൂമിലേക്ക് പോകുന്നതും കണ്ടു.. റൂമിൽ എത്തി സംസാരിച്ചപ്പോൾ പ്യൂൺ ചേട്ടൻ അകത്തേക്ക് ചായ കൊണ്ടുവരികയും ഒരു ചെറിയ ഫോൺ ഉണ്ട് അയാളുടെ കയ്യിൽ.. അത് പേനകൾ ഇട്ടു വെക്കുന്ന ഒഴിഞ്ഞ ജാറിൽ ഇട്ടു വച്ച് പോകുന്നു..

മീറ്റിംഗ് കഴിഞ്ഞു ആദ്യം പോയത് അശ്വിനി ആണ്. അവൾ എന്റെ പുറകിൽ വന്നു ഒരു ഫ്ലയിങ് കിസ് തന്നിട്ടാണ് പോകുന്നത്.. ഞാൻ അത് കാണുന്നില്ല..

ഞാനും പോയി കഴിഞ്ഞു പ്യൂൺ ചേട്ടൻ വന്നു ആ കൊച്ചു ഫോൺ എടുത്തു പോകുന്നു.. അതാണ് എനിക്കിട്ടു കിട്ടിയ പണി. അയാൾക്ക് അറിയില്ലേ അവിടെ cctv ഉണ്ടെണ്? ആ…

അച്ചുവിനോട് സംശയിച്ചതിൽ ദേഷ്യം തോന്നൽ പാടില്ല.. എന്നാൽ അവൾ ഉപയോഗിച്ച രീതി തെറ്റാണ്..

ഞാൻ ഒന്ന് കുളിച്ചു.. അമ്മയുടെ മുഖത്തു നോക്കിയില്ല. അനിയത്തി കോളജിൽ പോയിരിക്കുന്നു. ഞാൻ ഡ്രസ്സ് മാറി ഇറങ്ങി.

ബൈക്ക് എടുത്തു നേരെ അവളുടെ വീട്ടിലേക്ക് വിട്ടു.. ഗേറ്റ് കടന്നു ബൈക്ക് അകത്തു ചെന്നപ്പോൾ അവൾ എവിടെയോ പോകാൻ റെഡി ആയി നിൽക്കുന്നുണ്ട്..

നന്നായി കരഞ്ഞ മുഖം..

എന്നെ കണ്ടതും ആ മുഖത്ത് ദേഷ്യം നിറഞ്ഞു…

“അർജുൻ… നിന്നോട് ഒരിക്കലും എന്റെ മുൻപിൽ വരരുത് എന്നല്ലേ പറഞ്ഞത്?”

അവൾ അലറി..

“സോറി മാഡം.. വരേണ്ടി വന്നു…”

ഞാൻ പതിയെ പറഞ്ഞു.. എന്റെ മാഡം വിളി അവളെ ഒരു നിമിഷം നിശബ്ദത ആക്കി..

“എനിക്ക് ചതിയന്മാരെ കാണുന്നത് തന്നെ വെറുപ്പാണ്…”

അവൾ വീണ്ടും ഒച്ച ഉയർത്തി..

അത് കേട്ടുകൊണ്ടാണ് അവളുടെ അമ്മ വന്നത്..

“മോളെ വീട്ടിൽ വരുന്നവരോട് ഇങ്ങനെ ആണോ പെരുമാറുക? നീ അവനു പറയാൻ ഉള്ളത് കേട്ടോ?”

അവൾ ഒന്നും മിണ്ടിയില്ല..

ഞാൻ ആ ഫോൺ എടുത്തു വീഡിയോ പ്ലേയ് ചെയ്തു അവളുടെ അമ്മയുടെ കയ്യിൽ കൊടുത്തു.. അവർ അത് വാങ്ങി നോക്കി..

മുഖഭാവങ്ങൾ മാറി മാറി വന്നു.. അവസാനം അവർ എന്നെ അതിശയത്തോടെ നോക്കി ഫോൺ അവൾക്ക് കൈമാറി.. അവളും സംശയത്തോടെ എന്നെ നോക്കി വീഡിയോ കണ്ടു…

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതും ചുണ്ടുകൾ വിറക്കുന്നതും എനിക്ക് കാണാൻ കഴിഞ്ഞു..

“അജു… ഞാൻ….”

അവൾ വാക്കുകൾ കിട്ടാതെ പതറി..

“അജു അല്ല മാം.. ചതിയൻ.. ചീറ്റ്, അങ്ങനെ ഒക്കെ മതി.. ഇനി ഞാൻ ഈ മുൻപിൽ വരില്ല. എല്ലാത്തിനും നന്ദി മാത്രം….”

അതും പറഞ്ഞു ഞാൻ ഫോൺ വാങ്ങി തിരിഞ്ഞു നടന്നു.. ഒന്നും പറഞ്ഞില്ല. ഒരു പരിഭവവും ഇല്ലാതെ..

“അജു….”

എന്ന നെഞ്ച് തകർന്ന വിളി ഞാൻ കേട്ടിരുന്നു.. എന്നാലും നില്ക്കാൻ
തോന്നിയില്ല.. വണ്ടി എടുത്തു വന്നു..

വീട്ടിൽ വന്നു.. അമ്മ എന്തോ തയ്ക്കുന്നുണ്ട്..

“അമ്മെ….?”

“നീ എന്നോട് മിണ്ടണ്ട… എന്റെ മകൻ എന്ന് വിളിക്കാൻ പോലും എനിക്കിപ്പോൾ നാണക്കേട് ആണ്… “

അമ്മ എടുത്തടിച്ചതു പോലെ പറഞ്ഞു..

“അമ്മ എടുത്തു വീശുന്ന വാക്കുകൾ നന്നായി ശ്രദിച്ചോ….? ഒരുപക്ഷെ ഇത് മാറ്റേണ്ടി വന്നാൽ തിരിച്ചെടുക്കാൻ ആകില്ല….”

ഞാൻ ഒരു വാണിംഗ് പോലെ പറഞ്ഞു..

“നീ അവളെ ചതിച്ചു… ചതിക്കാൻ നിന്നെ ഞാൻ പഠിപ്പിച്ചിട്ടില്ല. ഇനി നിനക്ക് എന്റെ സ്നേഹവും കിട്ടില്ല. മരിക്കേണ്ടി വന്നാൽ പോലും ഞാൻ ആരെയും ചതിക്കില്ല അർജുൻ….”

Leave a Reply

Your email address will not be published. Required fields are marked *