ഒരു പ്രണയകഥ 5

ടൗണിൽ ടാക്സി ഇട്ടു കാത്തു കിടക്കുമ്പോൾ ഒരാൾ വന്നു വണ്ടിയിൽ കയറി..

അശ്വിനി..

ഞാൻ അവളെ ദേഷ്യത്തോടെ നോക്കി..

“ഒരു ഓട്ടം പോണം…ഞാനൊരു യാത്രക്കാരി ആണ്..

“എങ്ങോട്ട്?”

“മുൻപോട്ടു വിട്ടോ. ഞാൻ പറയാം എങ്ങോട്ടു തിരിയണം എന്ന്…”

ഞാൻ വണ്ടി എടുത്തു.

“അജു..? എന്നോട് ക്ഷമിക്കണം.. എനിക്ക് കുറച്ചു മച്യുരിറ്റി കുറവുണ്ട്.. മറ്റവൻ ചതിച്ചതാണ് എന്റെ മനസ്സിൽ വന്നത്.. അതാണ് ഞാൻ അങ്ങനെ മിസ്ബീഹെവ് ചെയ്തത്… “

ഞാൻ ഒന്നും മിണ്ടിയില്ല… വണ്ടി ഓടിക്കുന്നതിൽ ശ്രദിച്ചു..

“അജു പ്ളീസ് ഞാൻ കാല് പിടിക്കാം….”

“ഐ ഹേറ്റ് യു എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു അഭിനയം?”

നീണ്ട റോഡ് ആണ്. ഞാൻ വണ്ടി നല്ല സ്പീഡിൽ ഓടിച്ചു..

“ഞാൻ അഭിനയിക്കുകയാണ് എന്ന് അജുവിന്‌ തോന്നുന്നുണ്ടോ?”

ഞാൻ ഒന്നും പറഞ്ഞില്ല..

“മുഖത്തു നോക്കി പറ അജു… ഞാൻ അഭിനയിക്കുകയാണ് എന്ന് പറ…? ക്രൂരമായി ചതിക്കപെട്ടവൾ ആണ് ഞാൻ… അതൊക്കെ ആലോചിച്ചപ്പോൾ എല്ലാം കയ്യിൽ നിന്ന് പോയി.. എനിക്ക് തെറ്റ് പറ്റി.. ഞാൻ പ്രതികരിക്കുന്നതിനു മുൻപേ നിന്നോട് ചോദിച്ചില്ല.. ഈ ജീവിതകാലം മൊത്തം അജുവിനെ സ്നേഹിച്ചു ഞാൻ അതിനു മാപ്പ് ചോദിക്കാം… പ്ളീസ് അജു.. പ്ളീസ് ഫോർഗിവ് മി…”

അവൾ അത് പറഞ്ഞു കരഞ്ഞു.. എന്റെ മനസ് ഒന്ന് അലിഞ്ഞു.. എന്നാലും എനിക്ക് നേരിടേണ്ടി വന്ന അപമാനം ഓർത്തപ്പോൾ ഒന്നും മിണ്ടാൻ
തോന്നിയില്ല..

അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.. ഏങ്ങൽ അടിക്കുന്നുണ്ടായിരുന്നു.. എന്നാലും ഞാൻ ഒന്നും മിണ്ടിയില്ല..

“അജു… എന്റെ കല്ലറയുടെ അടുത്തെങ്കിലും വന്നു പറയണം അജു ക്ഷമിച്ചു എന്ന്……”

അവൾ പറഞ്ഞത് മനസിലാകാതെ ഞാൻ അവളെ തല ചെരിച്ചു നോക്കി..

നിമിഷ നേരം കൊണ്ട് അവൾ സീറ്റ് ബെൽറ്റ് ഊരി ഡോർ തുറന്നു വണ്ടിയിൽ നിന്നും പുറത്തേക്ക് കുതിച്ചു…

അവൾ സീറ്റ് ബെൽറ്റ് വലിച്ചു ഊരുന്നത് കണ്ടപ്പോൾ അപകടം മണത്ത ഞാൻ ഇടം കൈ കൊണ്ട് അവളെ പിടിച്ചു.. അവളുടെ ജീൻസിന്റെ അരഭാഗം ആണ് എനിക്ക് കിട്ടിയത്…

ഒരു നിമിഷം അവൾ എന്റെ കയ്യിൽ തൂങ്ങി കിടന്നു.. ഞാൻ സർവ ശക്തിയും എടുത്തു വലിച്ചു അവളെ ഉള്ളിലേക്ക് ഇട്ടു… അവൾ എന്റെ ദേഹത്തേക്കാണ് വീണത്..

ഏകദേശം 80 കിലോമീറ്റർ വേഗതയിൽ പൊയ്ക്കൊണ്ടിരുന്ന കാറിന്റെ നിയന്ത്രണം എന്റെ കയ്യിൽ നിന്ന് പോകുകയും അത് റോഡിൽ നിന്നും ഇറങ്ങി അടുത്തുള്ള ഒരു ചെരിഞ്ഞ പ്രതലത്തിലൂടെ കുതിച്ചു താഴ്ത്തേക്കു പോകുകയും ഒരു പാറക്കെട്ടിൽ വൻ ശബ്ദത്തോടെ ഇടിച്ചു നിൽക്കുകയും ചെയ്തു..

അതിൽ കിടന്നിരുന്ന ഒരു ഉണക്കമരത്തിന്റെ ഒരു കൂർത്ത കൊമ്പ് വന്നു കയറിയത് എന്റെ ഇടത്തെ തോളിൽ ആണ്..

ഞാൻ അവളെ മുറുകി പിടിച്ചിരുന്നു.. എന്റെ മുൻപിലുള്ള എയർ ബാഗ് തുറന്നു വന്നിരുന്നു..

ഗിയറിന്റെ മുകളിലേക്ക് കമിഴ്ന്നു വീണു കിടന്ന അശ്വിനിക്ക് അനക്കം ഒന്നും ഇല്ലായിരുന്നു.. എന്റെ തോളിൽ കൂടി കയറിയ മരക്കമ്പു കാരണം എനിക്ക് അനങ്ങാൻ കൂടി പറ്റുന്നില്ലായിരുന്നു.. മൊത്തം ഒരു മരവിപ്പ്…

രണ്ടു മൂന്ന് പേര് വന്നു അവളുടെ ഭാഗത്തെ ഡോർ തുറന്നു അവളെ വലിച്ചു എടുത്തു.. എനിക്ക് അനങ്ങാൻ പോയിട്ട് സംസാരിക്കാൻ പോലും കഴിയുന്നില്ലായിരുന്നു…

ഫയർഫോഴ്സ് വരാൻ ഏകദേശം 30 മിനുട് എടുത്തു.. അവർ വന്നു മരക്കമ്പു അറുത്തു മാറ്റി എന്നെ പുറത്തു എടുത്തു..

നല്ല വേദന ഉണ്ടായിരുന്നു…

“അശ്വിനി എവിടെ?”

ഞാൻ ഒരു പോലീസുകാരനോട് ചോദിച്ചു..

“ഒപ്പം ഉണ്ടായിരുന്ന കൊച്ചല്ലേ? തല ചെറുതായി പൊട്ടിയിട്ടുണ്ട്… ഹോസ്പിറ്റലിൽ അവർ തന്നെ കൊണ്ടുപോയി…”

എനിക്ക് സമാധാനം തോന്നി.. അവൾക്ക് കാര്യമായി ഒന്നും പറ്റിയില്ലല്ലോ..

എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. മയക്കിയിട്ടാണ് അവർ മരക്കമ്പ് എടുത്തു മാറ്റിയത്.. വേഗം തന്നെ ബോധം തെളിയുകയും ചെയ്തു..

എന്നെ റൂമിലേക്ക് മാറ്റി.. ഒപ്പം ഒരാൾ ഉണ്ടായിരുന്നു. നഴ്സുമാർ പോയിക്കഴിഞ്ഞും ആയാൾ അവിടെ നിന്നു.. കാണാൻ ഭംഗി ഉള്ള ഒരാൾ.. നല്ല വേഷം. ആദ്യം ഡോക്ടർ ആണെന്ന് ആണ് ഞാൻ വിചാരിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *