നിധിയുടെ കാവൽക്കാരൻ – 22 13

ഞാൻ പതുക്കെ എഴുന്നേറ്റ് നിന്നു.

 

എൻ്റെ ശരീരത്തിന് വല്ലാത്തൊരു ഭാരം കുറഞ്ഞതുപോലെ തോന്നി. കൈകളിലെ പേശികളിലേക്ക് നോക്കിയപ്പോൾ അത് മുൻപത്തേക്കാൾ ദൃഢമായതായി എനിക്ക് അനുഭവപ്പെട്ടു.

 

വെറുതെ ഒന്ന് കൈ ചുരുട്ടി നോക്കിയപ്പോൾ ഞരമ്പുകളിൽ എന്തോ പുതിയൊരു ഊർജ്ജം തിളച്ചുമറിയുന്നതുപോലെ! നിലത്തു കിടന്ന എൻ്റെ ഷർട്ട് എടുക്കാൻ ഞാൻ പെട്ടെന്ന് കുനിഞ്ഞതാണ്… എൻ്റെ വേഗത കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയി.

 

എൻ്റെ തലച്ചോറ് ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ ശരീരത്തിലെ അവയവങ്ങൾ ചലിക്കാൻ തുടങ്ങിയിരിക്കുന്നു! ഒറ്റ രാത്രികൊണ്ട് എൻ്റെ ശ്വാസകോശത്തിന് കൂടുതൽ കാറ്റ് ഉൾക്കൊള്ളാൻ കഴിയുന്നതുപോലെ.

 

ഇന്നലത്തെ കഠിനമായ പരിശീലനവും, രുധിരമണിയുടെ അമാനുഷിക പ്രകാശവും ഞങ്ങളുടെ ഈ സാധാരണ മനുഷ്യശരീരത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ വരുത്തിത്തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് ഉറപ്പായി.

 

രാഹുലിന്റെയും സച്ചിന്റെയും കൃതികയുടെയും റോസിന്റെയും അവസ്ഥയും മറിച്ചല്ലായിരുന്നു. ഉറക്കമുണർന്ന അവരും സ്വന്തം ശരീരത്തിലുണ്ടായ ഈ പുതിയ മാറ്റങ്ങൾ കണ്ട് അമ്പരന്നിരിക്കുകയായിരുന്നു.

 

സച്ചിൻ വെറുതെ വായുവിൽ കൈകൾ വീശിയും, രാഹുൽ കാലുകൾ സ്ട്രെച്ച് ചെയ്തും തങ്ങളുടെ പുതിയ വേഗതയും ശക്തിയും പരീക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഇന്നലെ മരിച്ചുകിടന്നവർ ഇന്ന് സൂപ്പർ ഹീറോകളെപ്പോലെ!

 

പെട്ടെന്നാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്… ആമിയെയും നിധിയെയും മുറിയിൽ കാണുന്നില്ല! ഞങ്ങൾ വേഗം തയ്യാറായി ഹാളിലേക്ക് ചെന്നപ്പോൾ അവിടെ ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

അവരോട് ചോദിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. ആമിയും നിധിയും അതിരാവിലെ തന്നെ സാക്ഷാൽ മാനസയ്‌ക്കൊപ്പം അവരുടെ പരിശീലന മുറിയിലേക്ക് കയറിപ്പോയിരിക്കുന്നു!

 

അവരുടെ ട്രെയിനിങ് ഇന്നലെ രാത്രിയിലേക്കാൾ കഠിനമായിരിക്കുമെന്ന് ഓർത്ത് എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു.

 

വിശപ്പ് കത്തിനിൽക്കുന്നതുകൊണ്ട് ഞങ്ങൾ പെട്ടെന്ന് ഡൈനിംഗ് ടേബിളിൽ വന്നിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. ആഹാരം വായിലേക്ക് വെച്ചതും, ദാ നിൽക്കുന്നു ഞങ്ങളുടെ അന്തകർ! തക്ഷകനും നാഗികയും ഹാളിലേക്ക് കടന്നുവന്നു.

 

അവരുടെ മുഖത്ത് ഇന്നലത്തെ അതേ വന്യമായ ഗൗരവം ഉണ്ടായിരുന്നു.

“പെട്ടെന്ന് കഴിച്ച് തീർക്കുക… ഭക്ഷണം കഴിഞ്ഞയുടനെ എല്ലാവരും പരിശീലന മുറിയിലേക്ക് വരണം,” യാതൊരു ദയയുമില്ലാത്ത സ്വരത്തിൽ തക്ഷകൻ ആജ്ഞാപിച്ചു.

 

അവൻ്റെ ആ നിൽപ്പും ആജ്ഞാപിക്കലും കേട്ടതും എൻ്റെ നിയന്ത്രണം പോയി. മനസ്സിൽ അവനെയും അവൻ്റെ തന്തയെയും തള്ളയെയും, പോരാത്തതിന് അവൻ്റെ നാഗകുലത്തിലുള്ള സകല പൂർവ്വികരെയും ചേർത്ത് ഞാൻ പച്ചത്തെറി കൊണ്ട് നല്ല ഒന്നാന്തരം അഭിഷേകം നടത്തി.

 

ശേഷം പുറത്ത് അവൻ്റെ മുഖത്ത് നോക്കി വളരെ അനുസരണയുള്ളവനെപ്പോലെ വിനയം കലർന്ന ഒരു ചെറുപുഞ്ചിരിയിൽ എൻ്റെ മറുപടി ഒതുക്കി. ‘നായിൻ്റെ മോനെ… എന്നെക്കൊണ്ട് ഇപ്പോൾ ഇത്രയേ പറ്റൂ…’ എന്ന് ഞാൻ പല്ലുകടിച്ച് മനസ്സിൽ പറഞ്ഞു.

 

ഇപ്പോൾ ഞങ്ങളുടെ ശരീരത്തിന് യാതൊരു കുഴപ്പവുമില്ല, നല്ല ശക്തിയുമുണ്ട്. പക്ഷേ… ഇന്നത്തെ ആ നരകത്തിലെ പരിശീലനം കഴിഞ്ഞാൽ പുറത്തുവരുമ്പോൾ എൻ്റെയും ഇവന്മാരുടെയും അവസ്ഥ എന്താകുമോ എന്തോ! ഇന്നലെ ഒന്നാം ദിവസം ആ പരുവമാക്കിയെങ്കിൽ ഇന്ന് ചിലപ്പോൾ ഞങ്ങളുടെ അസ്ഥി അവൻ ഉരിഞ്ഞെടുക്കും.

 

ഞങ്ങൾ ആഹാരം വളരെ പതുക്കെ ചവച്ചിറക്കി, മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. വീണ്ടും ആ വലിയ ഇടനാഴിയിലൂടെ, ഞങ്ങളെ കാത്തിരിക്കുന്ന ആ മാന്ത്രിക മുറികൾ ലക്ഷ്യമാക്കി ഓരോരുത്തരായി നടക്കാൻ തുടങ്ങി…

 

 

വീണ്ടും ആ വലിയ തടിവാതിൽ തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി. വാതിൽക്കൽ കാലുകുത്തിയ ആ നിമിഷം തന്നെ പുറത്തെ ലോകവുമായുള്ള ഞങ്ങളുടെ സകല ബന്ധവും അറ്റുപോയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *