നിധിയുടെ കാവൽക്കാരൻ – 22 13

 

വെറുമൊരു വാൾപ്പയറ്റല്ല, തക്ഷകൻ പോലും കാണിച്ചുതരാത്ത ചില അഭ്യാസങ്ങൾ!

 

ഒരൊറ്റ കുതിപ്പിന് വായുവിൽ മലക്കം മറിഞ്ഞ് കുതിക്കുക, നിലത്ത് തൊടാതെ ഭിത്തിയിലെ കരിങ്കല്ലുകളിൽ കാൽകുത്തി ദിശ മാറി ശത്രുവിനെ അപ്രതീക്ഷിതമായി ആക്രമിക്കുക, വാൾ കയ്യിൽ നിന്നും എറിഞ്ഞ് അത് ലക്ഷ്യത്തിൽ കൊള്ളുന്നതിന് മുൻപ് കാറ്റിനേക്കാൾ വേഗത്തിൽ പറന്നെത്തി ആ വാൾപ്പൊടിയിൽ തന്നെ തിരികെ പിടിക്കുക… ഞാൻ വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ എന്റെ ശരീരം പ്രതികരിച്ചു. എന്റെ കയ്യിലെ കറുത്ത വാൾ ഒരു കളിപ്പാട്ടം പോലെ എന്റെ വിരലുകൾക്കിടയിൽ കറങ്ങി. ഓരോ പുതിയ നീക്കവും ഞാൻ പരീക്ഷിക്കുമ്പോൾ, രുധിരമണി അതിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് എന്റെ ചുറ്റും കാന്തികവലയം തീർത്തു. എന്റെ ചെറിയ പിഴവുകളെപ്പോലും കാറ്റിന്റെ ഗതിമാറ്റി ആ രത്നം തിരുത്തിത്തന്നു. എന്റെ ഓരോ ചലനവും കൃത്യതയുടെ പര്യായമായി മാറുകയായിരുന്നു.

 

ഞാൻ പുതിയ തന്ത്രങ്ങൾ കണ്ടുപിടിക്കുമ്പോൾ ആ ചുവന്ന രത്നം കൂടുതൽ പ്രകാശിച്ച് എന്റെ വേഗത വർദ്ധിപ്പിച്ചു.

 

ആ നിമിഷങ്ങളിൽ എന്റെ ചുറ്റുമുള്ള ലോകം ഞാൻ മറന്നു. ശരീരത്തിലെ ചോരപ്പാടുകളും വേദനകളും എങ്ങോട്ടോ പോയിമറഞ്ഞു. എന്റെ ഞരമ്പുകളിൽ രക്തത്തിന് പകരം തിളക്കുന്ന ലാവ ഒഴുകുന്നതുപോലെ. ആ ശക്തി, ആ വേഗത, രുധിരമണിയുമായുള്ള ആ വല്ലാത്തൊരു ആത്മബന്ധം… അതെന്നെ പൂർണ്ണമായും കീഴ്പ്പെടുത്തുകയായിരുന്നു.

 

ഇതൊരു ഭ്രാന്തമായ ലഹരിയായി എന്നിലേക്ക് പടർന്നുകയറി! വീണ്ടും വീണ്ടും വായുവിൽ പറന്നുനടക്കാനും, വാൾ വീശി കൊടുങ്കാറ്റ് സൃഷ്ടിക്കാനും ഞാൻ കൊതിച്ചു. ആ ചുവന്ന പ്രകാശവും എന്റെ കയ്യിലെ ഇരുമ്പും എനിക്ക് അഡിക്റ്റ് ആവുകയായിരുന്നു. പുറത്തൊരു ലോകമുണ്ടെന്നും, അവിടെ എനിക്ക് പ്രിയപ്പെട്ടവരുണ്ടെന്നും, എന്നെ കാത്ത് അവരവിടെ ഉണ്ടെന്നുമുള്ള സകല ചിന്തകളും എന്റെ തലച്ചോറിൽ നിന്നും മാഞ്ഞുപോയി. എനിക്കിപ്പോൾ ഈ കളരി മതി, ഈ വന്യമായ കരുത്ത് മതി… വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ, രുധിരമണിയുടെ ചുവന്ന വെളിച്ചത്തിൽ കുളിച്ച് ഒരു അസുരനെപ്പോലെ ഞാൻ വീണ്ടും വീണ്ടും ആ മാന്ത്രിക മണ്ണിൽ പാറിനടന്നു! ഞാൻ അടിമപ്പെടുകയായിരുന്നു… കാലങ്ങൾക്ക് മുൻപ് ശിവൻ അടർത്തിയെടുത്ത ആ കൊടുംശക്തിക്ക് മുന്നിൽ…. !

 

രുധിരമണിയുടെ ആ മാന്ത്രിക വലയത്തിൽ നിന്നും, ആ വല്ലാത്തൊരു ലഹരിയിൽ നിന്നും ഞാൻ എങ്ങനെയൊക്കെയോ സ്വയം എന്നെത്തന്നെ അടർത്തിമാറ്റി. പരിശീലനം നിർത്തി, കറുത്ത വാൾ അവിടെത്തന്നെ കുത്തിനിർത്തി ഞാൻ ആ കളരിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു.

 

ആ വലിയ വീട് മുഴുവൻ കൂരിരുട്ടിൽ ഉറങ്ങിക്കഴിഞ്ഞിരുന്നു…..

 

ശരീരം മുഴുവൻ വെട്ടേറ്റ മുറിവുകൾ ആ റൂമിനു പുറത്തിറങ്ങിയപ്പോൾ തന്നെ ഏകദേശം മാറി തുടങ്ങിയിരുന്നു……

 

എന്റെയും ആമിയുടെയും നിധിയുടെയും മുറിക്ക് മുന്നിലെത്തിയപ്പോൾ എന്റെ കാലുകൾ ഒന്നു നിന്നു. ഇന്നലത്തെപ്പോലെ വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ടിട്ടുണ്ടാകുമോ എന്നൊരു ഭയം എന്റെ ഉള്ളിലുണ്ടായിരുന്നു.

 

അങ്ങനെയാണെങ്കിൽ വീണ്ടും ആ അപമാനഭാരം സഹിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. പക്ഷെ, എന്റെ ഊഹം തെറ്റായിരുന്നു… വാതിൽ അടച്ചുപൂട്ടിയിരുന്നില്ല, വെറുതെ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

 

എന്റെ വസ്ത്രങ്ങളും സാധനങ്ങളുമെല്ലാം ആ മുറിയിലായതുകൊണ്ട് എനിക്ക് അകത്ത് കയറിയേ മതിയാകൂ. ഞാൻ പതുക്കെ ആ വാതിൽ തള്ളിത്തുറന്നു. അകത്ത് കട്ടിലിലിരുന്ന് വളരെ സ്വകാര്യമായി എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആമിയും നിധിയും. ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും, അവരത് കണ്ടു… എന്റെ വരവ് കണ്ട് അവർ പെട്ടെന്ന് സംസാരം നിർത്തി!

 

ഞെട്ടലോടെ അവർ എന്നെ നോക്കി. എന്തോ വലിയൊരു രഹസ്യം ഞാൻ കേട്ടുപോകുമോ എന്ന് ഭയന്നതുപോലെയോ, അല്ലെങ്കിൽ എന്തോ മറച്ചുവെക്കാൻ ശ്രമിക്കുന്നതുപോലെയോ ഉള്ള ഒരു ഭാവം അവരുടെ മുഖത്ത് മിന്നിമറഞ്ഞു. എന്റെ നെഞ്ചിലൊരു കൊളുത്തിവലിക്കുന്ന വേദനയുണ്ടായി. ഇന്നലെ വരെ എന്റെ നെഞ്ചിൽ കിടന്നുറങ്ങിയിരുന്നവർ, എന്നോട് സകലതും പങ്കുവെച്ചിരുന്നവർ… ഇന്ന് എന്നെ കാണുമ്പോൾ സംസാരം നിർത്തുന്നു!

Leave a Reply

Your email address will not be published. Required fields are marked *