നിധിയുടെ കാവൽക്കാരൻ – 22 13

 

സച്ചിനും രാഹുലും എനിക്ക് പിന്നാലെ ആ മുറിക്കകത്തേക്ക് കയറിയതും, വാതിൽ പിന്നിൽ വലിയൊരു ശബ്ദത്തോടെ തനിയെ അടഞ്ഞു.

അടഞ്ഞ വാതിലിൽ ചാരി നിന്ന് ഞാൻ മുന്നിലേക്ക് നോക്കി അങ്ങനെ നിൽക്കുകയാണ്…..

 

ഏതോ മാന്ത്രികവിദ്യയാൽ ആ മുറിയുടെ അതിരുകൾ അദൃശ്യമായി മാറ്റിമറിക്കപ്പെട്ടിരുന്നു.

 

ഒരു വലിയ സ്റ്റേഡിയത്തേക്കാൾ വിശാലമായ ഒരു ഉൾഭാഗം! തലയുയർത്തി മുകളിലേക്ക് നോക്കിയപ്പോൾ തറവാടിന്റെ തടി മേൽക്കൂരയല്ല കണ്ടത്, പകരം അറ്റം കാണാത്തത്ര ഉയരത്തിൽ, ആകാശത്തോളം പോന്ന ഒരു കരിങ്കൽ മേൽത്തട്ട്. അതിൽ നക്ഷത്രങ്ങൾ പോലെ പതിപ്പിച്ചിരിക്കുന്ന അസംഖ്യം ക്രിസ്റ്റൽ കല്ലുകളിൽ നിന്നും നേർത്തൊരു നീല വെളിച്ചം താഴേക്ക് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

 

താഴെ, ഒരു പുരാതന കളരിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ, നല്ല ചുവന്ന മണ്ണ് വിരിച്ച അതിവിശാലമായ അങ്കത്തട്ട്. അവിടെ വീശിയടിക്കുന്ന കാറ്റിന് പോലും ആയിരം യുദ്ധങ്ങളുടെ ചോരയുടെയും വിയർപ്പിന്റെയും, ഒപ്പം ഇരുമ്പ് ഉരസുന്നതിന്റെയും ഗന്ധമുണ്ടായിരുന്നു.

 

എന്റെ കണ്ണുകൾ ആ മുറിയുടെ ചുറ്റിലുമുള്ള ഭിത്തികളിലേക്ക് പോയി. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും യുദ്ധക്കളങ്ങളിൽ മാത്രം കണ്ടുപരിചയിച്ച ആയുധങ്ങളുടെ ഒരു വൻ ശേഖരം തന്നെ അവിടെയുണ്ടായിരുന്നു!

 

സൂര്യപ്രകാശം പോലെ തിളങ്ങുന്ന, അസാമാന്യ നീളമുള്ള വാളുകൾ, ഒറ്റനോട്ടത്തിൽ തന്നെ ഭയം ജനിപ്പിക്കുന്ന കൂർത്ത ത്രിശൂലങ്ങൾ, ആനയെപ്പോലും ഒറ്റയടിക്ക് വീഴ്ത്താൻ പോന്ന ഭീമാകാരമായ ഗദകൾ, വിചിത്രമായ കൊത്തുപണികളുള്ള ലോഹപ്പരിചകൾ, വലിയ വില്ലുകൾ… ഓരോ ആയുധത്തിനും അതിന്റേതായ ഒരു ജീവനുള്ളതുപോലെ തോന്നി.

 

ചില ആയുധങ്ങളുടെ അറ്റത്തുനിന്നും നേർത്ത പുക ഉയരുന്നുണ്ടായിരുന്നു.

 

ഭൂമിയിലെ സാധാരണ ലോഹങ്ങൾ കൊണ്ടല്ല അതൊന്നും നിർമ്മിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമായിരുന്നു.

 

കളരിയുടെ ഒരു വശത്തായി പരിശീലനത്തിനായുള്ള വലിയ മരത്തൂണുകളും, ഭാരമുയർത്താനുള്ള വലിയ കരിങ്കൽ ഗോളങ്ങളും നിരന്നുകിടപ്പുണ്ട്. പല തൂണുകളിലും ആഴത്തിൽ വെട്ടേറ്റ പാടുകൾ കാണാം.

 

ഈ വിചിത്ര ലോകത്ത് ഇതിനുമുമ്പും അതികഠിനമായ പോരാട്ടങ്ങൾ നടന്നിട്ടുണ്ടെന്ന് ആ കാഴ്ചകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.

“എന്റെ ഈശ്വരാ…” സച്ചിൻ വായ പൊളിച്ച് ആ ചുറ്റുപാടിലേക്ക് നോക്കി നിന്നുപോയി. രാഹുലിന്റെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല.

 

ഒരു സാധാരണ മരവാതിലിനപ്പുറം ഇത്രയും വലിയൊരു മാന്ത്രിക ലോകം ഒളിപ്പിച്ചുവെക്കാൻ മാനസയെപ്പോലെ ഒരാൾക്ക് മാത്രമേ കഴിയൂ എന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു. വെറും സാധാരണക്കാരായ ഞങ്ങൾ ഈ ഭീമാകാരമായ ലോകത്ത് വെറും ഉറുമ്പുകളെപ്പോലെ ചെറുതായിപ്പോയ ഒരു തോന്നൽ.

 

ആ ചുവന്ന മണ്ണിന്റെ നടുവിലായി, പേശികൾ നിറഞ്ഞ കൈകൾ മാറിൽ പിണച്ചുകെട്ടി തക്ഷകൻ നിൽപ്പൊണ്ടായിരുന്നു. ആ അങ്കത്തട്ടിൽ നിൽക്കുമ്പോൾ അവന്റെ രൂപത്തിന് മുൻപത്തേക്കാൾ പതിന്മടങ്ങ് ഗാംഭീര്യം തോന്നിപ്പിച്ചു. അവന്റെ തിളങ്ങുന്ന കണ്ണുകൾ ആയുധപ്പുരയ്ക്ക് ചുറ്റും ഒന്ന് ഓടിയ ശേഷം, കൊടുംകാറ്റുപോലെ മുഴങ്ങുന്ന ശബ്ദത്തിൽ ഞങ്ങളെ നോക്കി അവൻ പറഞ്ഞു:

“ഇതാണ് നിങ്ങളുടെ പുതിയ ലോകം. പുറത്തുകാണുന്ന സാധാരണ മനുഷ്യരുടെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. ഇനിയുള്ള ദിവസങ്ങളിൽ ഈ മണ്ണിൽ നിങ്ങളുടെ ചോരയും വിയർപ്പും വീഴും. വേദന കൊണ്ട് നിങ്ങൾ പിടയും. പക്ഷേ… അതെല്ലാം അതിജീവിച്ചാൽ മാത്രമേ ആ വലിയ ശത്രുവിനെ നേരിടാൻ നിങ്ങൾക്ക് സാധിക്കൂ…”

 

അത്രയും പറഞ്ഞിട്ട് അവൻ ഏറ്റവും അരികിലുണ്ടായിരുന്ന ആയുധപ്പുരയിൽ നിന്നും തിളങ്ങുന്ന വലിയൊരു വാൾ വലിച്ചൂരി ഞങ്ങൾക്ക് നേരെ എറിഞ്ഞു. ആ വാൾ ഞങ്ങൾക്ക് തൊട്ടുമുന്നിലായി ചുവന്ന മണ്ണിൽ ആഴത്തിൽ തറഞ്ഞുനിന്നു. അതിന്റെ പ്രകമ്പനം എന്റെ കാലുകളിലൂടെ അരിച്ചിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *