നിധിയുടെ കാവൽക്കാരൻ – 22 13

 

പിന്നീടുള്ള രണ്ട് ദിവസങ്ങൾ… അതൊരു കൊടുങ്കാറ്റ് പോലെയാണ് കടന്നുപോയത്.

നാലാം ദിവസത്തെ വേഗതയുടെ പാഠങ്ങളും, അഞ്ചാം ദിവസം കണ്ണുകെട്ടി അദൃശ്യനായ ശത്രുവിനെ നേരിടുന്ന വിദ്യകളും ഒപ്പം വേറെ കുറെ കാര്യങ്ങളും തക്ഷകൻ പഠിപ്പിച്ചു തന്നു…..

 

സച്ചിനും രാഹുലും വീണ്ടും വീണ്ടും ചോരയും വിയർപ്പുമൊഴുക്കി. അവന്മാരുടെ ശരീരം മുഴുവൻ പരിക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു.

 

പക്ഷെ എന്റെ അവസ്ഥ അതായിരുന്നില്ല. എന്നിലെ മാറ്റം തക്ഷകനെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു. കണ്ണുകെട്ടി നിൽക്കുമ്പോഴും കാറ്റിന്റെ നേരിയ ഗതിമാറ്റം പോലും എന്റെ തലച്ചോറിലേക്ക് കൃത്യമായി എത്തിക്കൊണ്ടിരുന്നു. ഒരോ ചുവടിലും ഒരുതരം അമാനുഷികമായ കൃത്യത! സച്ചിനും രാഹുലും കിതച്ചുവീഴുമ്പോൾ, യാതൊരു ക്ഷീണവുമില്ലാതെ ഞാൻ ആ ആയുധങ്ങൾക്കിടയിൽ പാറിക്കളിച്ചു.

 

എന്നാൽ പകൽ സമയത്തെ ആ പരിശീലനം എനിക്ക് വെറുമൊരു വാം-അപ്പ് മാത്രമായിരുന്നു. എന്റെ യഥാർത്ഥ ലോകം ഉണരുന്നത് രാത്രിയിലായിരുന്നു! എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ, ആരും കാണാതെ ഞാൻ വീണ്ടും ആ ഭീമാകാരമായ കളരിയിലെത്തും. തക്ഷകൻ പോലുമറിയാതെ, രുധിരമണിയുടെ ആ മാന്ത്രിക പ്രകാശത്തിൽ ഞാൻ എന്റെ കറുത്ത വാളുമേന്തി പുതിയ പോരാട്ടങ്ങൾ ചിട്ടപ്പെടുത്തി. അതൊരു ഭ്രാന്തമായ ലഹരിയായിരുന്നു. ആ രത്നത്തിന്റെ ഊർജ്ജം എന്റെ സിരകളിൽ ഒഴുകാൻ തുടങ്ങിയതോടെ എനിക്ക് വിശപ്പോ ഉറക്കമോ ഇല്ലാതായി. എന്റെ പേശികൾ കല്ലുപോലെ ഉറച്ചു.

 

ഈ ദിവസങ്ങളിലൊന്നും ഞാൻ ആമിയുടെയോ നിധിയുടെയോ മുഖത്തേക്ക് നോക്കുകപോലും ചെയ്തില്ല. ഡൈനിങ് ഹാളിലോ മറ്റോ വെച്ച് അവരെ കാണുമ്പോൾ എന്റെ കണ്ണുകൾക്ക് അവരെ കണ്ടില്ലെന്ന് നടിക്കാൻ വലിയ എളുപ്പമായിരുന്നു. അവരുടെ മുഖത്ത് എന്തൊക്കെയോ പറയാൻ തിടുക്കപ്പെടുന്ന ഒരു ഭാവവും, എന്നിലെ ഈ വന്യമായ മാറ്റം കണ്ടുള്ള നേരിയ ഭയവും ഞാൻ ശ്രദ്ധിച്ചിരുന്നു. കൃതികയും റോസും പലതവണ എന്നോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, എല്ലാവരെയും എന്നിൽ നിന്നും ഞാൻ അകറ്റി നിർത്തി.

 

ഞാൻ ഇപ്പോൾ ഏകാന്തതയെയും ആയുധങ്ങളെയും പ്രണയിക്കുന്ന മറ്റൊരു മനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു.

 

അങ്ങനെ ആ ദിവസം വന്നെത്തി… ആറാമത്തെ പരിശീലനത്തിന്റെ അവസാന ദിവസത്തിന്റെ പ്രഭാതം!

 

ഇന്ന് സാധാരണ പരിശീലനമല്ല. തക്ഷകൻ ആദ്യ ദിവസം തന്നെ പറഞ്ഞിട്ടുള്ളതാണ്… ‘ആറാം ദിവസം നിങ്ങൾ എന്നോട് നേരിട്ട് പോരാടും. അതിൽ ജീവനോടെ ബാക്കിയായാൽ മാത്രം നിങ്ങൾക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം’.

 

ജനലിലൂടെ മഞ്ഞുവീണ വെളിച്ചം മുറിയിലേക്ക് അടിച്ചപ്പോൾ തന്നെ ഞാൻ ഉണർന്നു. കൃതികയും റോസും എഴുന്നേറ്റിരുന്നില്ല. ഞാൻ പതുക്കെ എഴുന്നേറ്റ് എന്റെ കൈകളിലേക്ക് നോക്കി. വെട്ടേറ്റ പാടുകളെല്ലാം മാഞ്ഞുപോയിരിക്കുന്നു, പകരം അവിടെ ഇരുമ്പിന്റെ കരുത്തുള്ള, ഞരമ്പുകൾ തെളിഞ്ഞുനിൽക്കുന്ന ഒരു പോരാളിയുടെ കൈകൾ!

 

എന്റെയുള്ളിൽ ഒരുതരം വന്യമായ ആവേശം നുരയുന്നുണ്ടായിരുന്നു. ഇന്നത്തെ പോരാട്ടം തക്ഷകനോടാണ്! എന്നെയും എന്റെ സുഹൃത്തുക്കളെയും പട്ടിയെപ്പോലെ തല്ലിച്ചതച്ച, ദേവന്മാരെപ്പോലും പുച്ഛിക്കുന്ന സാക്ഷാൽ തക്ഷകൻ! അവനെ എങ്ങനെ നേരിടുമെന്ന ഭയമല്ല, മറിച്ച് ആ ചുവന്ന അങ്കത്തട്ടിൽ അവന്റെ ചോര വീഴുന്നത് കാണാനുള്ള അടങ്ങാത്ത ദാഹമായിരുന്നു എന്റെ മനസ്സിൽ.

 

രുധിരമണിയുടെ അഹങ്കാരം എന്റെയുള്ളിൽ പൂർണ്ണമായും വേരുറപ്പിച്ചു കഴിഞ്ഞിരുന്നു.

 

ഞാൻ വേഗത്തിൽ കുളിച്ച് ഫ്രഷ് ആയി തയ്യാറായി. എന്റെ ചലനങ്ങളിലെ വേഗത കണ്ട് അപ്പോഴേക്കും എഴുന്നേറ്റ കൃതികയും റോസും എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം അവർക്കും നിർണ്ണായകമാണ്, നാഗികയുമായിട്ടാണ് അവർക്ക് പോരാടേണ്ടത്.

 

“സൂക്ഷിക്കണം ദേവാ…”

 

എന്റെ മുഖത്തേക്ക് നോക്കാൻ ഭയന്നുകൊണ്ട് കൃതിക പതുക്കെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *